കൽപറ്റ: ഖത്തറിൽ ഫുട്ബാൾ ലോകകപ്പിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കാൽപന്തുകളിയെ നെഞ്ചേറ്റുന്ന വയനാട്ടുകാരും ആവേശത്തിലാണ്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ജില്ലയുടെ മുക്കിലും മൂലയിലും ആരാധകർ കെട്ടിപൊക്കിയ കൂറ്റൻ കട്ടൗട്ടുകളും ഫ്ലക്സ് ബോർഡുകളും കാണാം.
മഞ്ഞയിലും പച്ചയിലുമൊക്കൊയായി ബ്രസീൽ ആരാധകർ കൊടിതോരണങ്ങൾ പാറിപ്പറപ്പിക്കുമ്പോൾ നീലയിലും വെള്ളയിലും ആറാടുകയാണ് അർജന്റീന ആരാധകർ. ക്രിസ്റ്റ്യാനോ റോണാൾഡോയുടെ പോർച്ചുഗൽ, ജർമ്മനി, ഇംഗ്ലണ്ട്, സ്പെയിൻ, ഫ്രാൻസ് തുടങ്ങിയ ടീമുകളുടെ ആരാധകരും ഒട്ടും പിന്നില്ലല്ല. കളിക്കളത്തിൽ ബ്രസീലും അർജന്റീനയും മാത്രമല്ലെന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് മറ്റു ടീമുകളുടെ ആരാധകർ അവരുടെ ടീമിന് പിന്തുണയുമായി ഓരോ കവലകളിലും ഫ്ലക്സുകളും കട്ടൗട്ടുകളും ഉയർത്തി ലോകകപ്പിന് പന്തുരുളാൻ കാത്തിരിക്കുന്നത്.
വയനാടിന്റെ കാൽപന്തുകളിയുടെ ഈറ്റില്ലമായി അറിയപ്പെടുന്ന താഴെ അരപ്പറ്റയിൽ ഇപ്പോൾ സർവവും ഫുട്ബാൾ മയമാണ്. താഴെ അരപ്പറ്റ ടൗണിൽ റോഡിന് മുകളിലായി ബ്രസീലിന്റെയും അർജന്റീനയുടെയും പതാകകൾ വരിവരിയായി കെട്ടിയിറക്കിയിരിക്കുന്ന കാഴ്ച ആരുടെയും മനം കവരും. പോർച്ചുഗലിന്റെയും മറ്റു ടീമുകളുടെയും ആരാധകരുടെയും കൊടിതോരണങ്ങളുണ്ടെങ്കിലും കൂടുതൽ കളറാക്കിയിരിക്കുന്നത് ബ്രസീൽ, അർജന്റീന ആരാധകരാണ്. താഴെ അരപ്പറ്റയിൽ തേയിലത്തോട്ടത്തിന് സമീപമായുള്ള ഷെഡ്ഡ് പൂർണമായും ബ്രസീലിന്റെ കൊടിയുടെ നിറം നൽകികൊണ്ടാണ് ഇത്തവണയും ആരാധകർ ടീമിനുള്ള പിന്തുണ അറിയിച്ചിരിക്കുന്നത്. ഇതോടൊപ്പം ടൗണിൽ റോഡിന് മുകളിലായി വർണകടലാസുകൾകൊണ്ട് ബ്രസീലിന്റെ വലിയ പതാകയും കെട്ടി ഉയർത്തിയിട്ടുണ്ട്.
തൊട്ടപ്പുറത്തായി അർജന്റീന ആരാധകരും വർണകടലാസുകൾകൊണ്ട് റോഡിന് മുകളിലായി കൊടിതോരണങ്ങൾ കെട്ടി ഉയർത്തിയിട്ടുണ്ട്. ബ്രസീലിന്റെയും അർജന്റീനയുടെയും കൊടിതോരണങ്ങൾ ഇടകലർന്നുകൊണ്ടുള്ള ആഘോഷവീഥിയായി മാറിയിരിക്കുകയാണിപ്പോൾ അരപ്പറ്റ ടൗൺ. ജർമനിയുടെയും പോർച്ചുഗലിന്റെയും സ്പെയിനിന്റെയും കൊടികളും പലയിടത്തും കാണാം. റോഡിനരികിലായി അർജന്റീനയുടെ ഓരോ താരങ്ങളുടെയും ചെറുകട്ടൗട്ടുകളും കാണാം. കട്ടൗട്ടുകളും ഫ്ലക്സുകളും കൊടിതോരണങ്ങളുമെല്ലാം വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കും. ബിഗ് സ്ക്രീൻ പ്രദർശനം ഉൾപ്പെടെ സജ്ജമാക്കി ലോകകപ്പിനെ വരവേൽക്കാൻ ജില്ലയിലെ ക്ലബുകളും ആരാധകക്കൂട്ടായ്മകളും തയ്യാറെടുക്കുന്നുണ്ട്. പലയിടത്തും ഫാൻസ് ഗ്രൂപ്പുകൾ തമ്മിലുള്ള സൗഹൃദ ഫുട്ബാൾ മത്സരങ്ങളും ആരംഭിച്ചിട്ടുണ്ട്.
ഖത്തറിലെ ഫുട്ബാൾ മാമാങ്കത്തിൽ ഇഷ്ട ടീമിന്റെ വിജയത്തിനായി ചുരത്തിന് മുകളിലും ആർപ്പുവിളികളുയരുന്ന ദിനങ്ങളാണ് വരാനിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.