പുഞ്ചിരിമട്ടം: കലോത്സവ സർഗപ്രതിഭ, 5000 മീറ്റർ നടത്തം, പുരുഷ വിഭാഗം ഷോട്ട്പുട്ട്... മൺമറഞ്ഞ പുരസ്കാരങ്ങൾ ഇനിയെത്രയെന്ന് അറിയില്ല. ഉരുൾ ദുരന്തത്തിന്റെ പത്താം ദിവസം പുഞ്ചിരിമട്ടത്തെ മണ്ണെടുത്ത വൈഷ്ണവിന്റെ വീട്ടിലേക്ക് വഴി തെളിച്ചപ്പോൾ കണ്ടെത്തിയ പുരസ്കാരങ്ങളാണ് മുകളിൽ.
വൈഷ്ണവിനെയും കാത്ത് ദിവസങ്ങളായി ഉറക്കമൊഴിച്ചിരിക്കുകയാവും അവന്റെ അഭിമാന പുരസ്കാരങ്ങൾ. പക്ഷേ, അവക്കറിയില്ലല്ലോ ഇനി ആ വീട്ടിലേക്ക് കടന്നുവരാൻ ആരും ബാക്കിയില്ലെന്ന്. ദുരന്തവഴിയിൽ പോവുന്നവരുടെ സങ്കട വാർത്തകൾ കേൾക്കുമ്പോൾ അവനായി കാത്തിരിക്കുന്ന പുരസ്കാരങ്ങളും സമ്മാനങ്ങളും ഉള്ളുപൊട്ടുന്നുണ്ടാവാം. കാരണം അവരുണ്ടായത് അവനുണ്ടായതുകൊണ്ടാണല്ലോ.
പുഞ്ചിരിമട്ടത്തിന്റെ പ്രിയങ്കരനായ വിദ്യാർഥിയാണ് ആ പുരസ്കാരത്തിനുടമയെന്ന് നാട്ടുകാരുടെ വിതുമ്പലിൽ തെളിഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഉരുൾപൊട്ടലിന്റെ ഉത്ഭവകേന്ദ്രത്തിന് തൊട്ടടുത്താണ് വൈഷ്ണവും കുടുംബവും താമസിച്ചിരുന്നത്. അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിൽ രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും കുടുംബമൊന്നാകെ കുത്തിയൊലിച്ച് പോവുകയായിരുന്നു. സ്കൂളിലും കോളജിലും കലാ-കായിക മത്സരങ്ങളിൽ എന്നും മുന്നിലായിരുന്ന മിടുക്കനായ വിദ്യാർഥിയായിരുന്നു ദുരന്തത്തിൽ പൊലിഞ്ഞ വൈഷ്ണവെന്ന് നാട്ടുകാരിയായ ഗീത ‘മാധ്യമ’ത്തോട് വിതുമ്പലോടെയാണ് പങ്കുവെച്ചത്. തന്റെ മകളുടെ കൂടെ വൈഷ്ണവ് പഠിച്ചിരുന്നെന്നും അവന്റെ മിടുക്കിന്റെ കഥകളാണ് മകൾക്ക് ഏറെ പറയാനുണ്ടായിരുന്നതെന്നും ഗീത പറഞ്ഞുവെച്ചു. മീനങ്ങാടി എൽദോ മോർ ബസേലിയസ് കോളജ് വിദ്യാർഥിയാണ് വൈഷ്ണവ്.
ദുരന്തത്തിൽ ആദ്യം അപകടത്തിൽപെട്ട കുടുംബങ്ങളിൽ ഉൾപ്പെട്ടവരാണിവർ. വൈഷ്ണവടക്കം കുടുംബാംഗങ്ങളുടെ മൃതദേഹം ഇനിയും ലഭിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മണ്ണടിഞ്ഞതിനാൽ ഭാഗികമായി തകർന്ന വീട്ടിനുള്ളിലേക്ക് ദിവസങ്ങളോളം ആർക്കും കയറാനായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.