വൈത്തിരി: വയനാട് ചുരം റോഡ് നവീകരണ പ്രവൃത്തികൾ അവസാന ഘട്ടത്തിൽ. ഈ മാസം 30നകം മുഴുവൻ പണികളും പൂർത്തീകരിക്കും. എല്ലാ ദിവസവും മുഴുസമയവും ചുരത്തിൽ പണി നടക്കുന്നുണ്ട്.
ടാറിങ് പൂർത്തിയാകുന്നതോടെ വാഹന ഗതാഗതം പൂർവസ്ഥിതിയിലാകുമെന്ന് ദേശീയപാത ഉദ്യോഗസ്ഥർ പറഞ്ഞു. ഇപ്പോഴും ചുരം പാതയിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. നൂറുകണക്കിന് വാഹനങ്ങൾ വഴിമുട്ടി നിൽക്കുന്ന കാഴ്ച പതിവാണ്. പകൽ ചെറിയ വാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്. കെ.എസ്.ആർ.ടി.സി ബസുകൾ ലക്കിടിക്കും അടിവാരത്തിനും ഇടയിൽ ഷട്ടിൽ സർവിസ് നടത്തുന്നുണ്ട്. രാത്രി 10 മുതൽ രാവിലെ അഞ്ചുവരെ വലിയ വാഹനങ്ങൾക്ക് യാത്രാനുമതിയുണ്ട്.
നവീകരണ പ്രവൃത്തിക്കിടെ ചുരം റോഡ് ഇടിഞ്ഞത് ഏറെ ദിവസം ചുരത്തിലൂടെയുള്ള സഞ്ചാരം ദുഷ്കരമാക്കി. യുദ്ധകാലാടിസ്ഥാനത്തിൽ പണി ചെയ്താണ് ഇടിഞ്ഞ ഭാഗം പുനഃസ്ഥാപിച്ചത്. ചുരം റോഡിൽ രണ്ടു സ്ഥലത്തായി ടാറിങ്ങും നാലിടങ്ങളിലായി സുരക്ഷാഭിത്തിയുടെ പണിയും നടക്കുന്നതിനാൽ ചുരത്തിൽ കനത്ത ഗതാഗതക്കുരുക്കാണ് ശനി, ഞായർ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. ദേശീയപാത നവീകരണത്തിെൻറ രണ്ടാം ഘട്ടമായ ലക്കിടി മുതൽ ചുണ്ടേൽ വരെ പ്രവൃത്തികൾ ഇന്ന് തീരും. 33 കോടി രൂപയുടെ നവീകരണമാണ് അടിവാരം മുതൽ ചുണ്ടേൽ വരെ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.