കൽപറ്റ: മാസ്ക്കിട്ട് ബൂത്തിലെത്തുമ്പോൾ അകലം പാലിക്കാൻ രണ്ടടി ദൂരത്തിൽ വട്ടം, കയറുമ്പോൾ കൈയിൽ പുരട്ടാൻ സാനിറ്റൈസർ, കൈയുറ ധരിച്ച് മാസ്ക്കിട്ട് ഉദ്യോഗസ്ഥർ, ചിലരാണെങ്കിൽ ഫേസ് ഷീൽഡും ധരിച്ചിരിക്കുന്നു... കോവിഡ് ഭീതിക്കിടെ നടന്ന തെരഞ്ഞെടുപ്പ് ചരിത്രം കുറിച്ചു.
സാമൂഹിക അകലം ഉറപ്പുവരുത്താനായി പോളിങ് ബൂത്തിനു പുറത്ത് നിശ്ചിത അകലത്തിൽ വട്ടം വരച്ചിരുന്നു. വരിനിൽക്കുന്നവർ തമ്മിൽ അധികം സംസാരമൊന്നുമില്ല. പതിവില്ലാതെ ഇക്കുറി എല്ലാവരും സ്വന്തമായി പേന കരുതിയിരുന്നു. രേഖയിൽ ഒപ്പിടാൻ മാത്രമല്ല, വിരലിനു പകരം വോട്ടിങ് മെഷീനിൽ പേന കുത്തി വോട്ട് രേഖപ്പെടുത്തിയവരും ഏറെ. ആദ്യം വോട്ടു ചെയ്യാനെത്തിയവർ കളം ചാടിച്ചാടിയാണ് നീങ്ങിയത്. പിന്നീട് മിക്കയിടങ്ങളിലും വട്ടം ഒരിടത്തും വരി മറ്റൊരിടത്തുമായി.
വോട്ടർമാരുടെ തിരക്ക് വർധിച്ചതോടെ സാമൂഹിക അകലവും പേരിനു മാത്രമായി. ബൂത്തിൽ ഒരു പൊലീസുകാരൻ മാത്രമാണ് ഉണ്ടായിരുന്നത്. ബൂത്തിനു സമീപത്തെ ആളുകൾക്ക് നിർദേശം നൽകാനേ പൊലീസുകാരന് കഴിഞ്ഞിരുന്നുള്ളു. വരിയുടെ പിറകിൽ വോട്ടർമാർ കൂട്ടംകൂടി നിൽക്കുന്ന കാഴ്ചയായിരുന്നു മിക്കയിടങ്ങളിലും. എന്നാൽ, പരസ്പരം തൊടാതിരിക്കാൻ പലരും ശ്രദ്ധിച്ചു. ബൂത്തിലേക്ക് കയറുന്നവർക്ക് സാനിറ്റൈസർ ഒഴിച്ചുകൊടുക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിച്ചിരുന്നു.
ഇറങ്ങുമ്പോഴുള്ള സാനിറ്റൈസർ തളിക്കലിന് പലയിടത്തും വലിയ കാർക്കശ്യമില്ലായിരുന്നു. സ്വന്തമായി സാനിറ്റൈസറുമായാണ് പല വോട്ടർമാരും ബൂത്തിലെത്തിയത്. ജീവിതത്തിലെ ആദ്യ വോട്ടുതന്നെ മാസ്ക്കിട്ട് സാനിറ്റൈസർ പുരട്ടി ചെയ്തതിെൻറ ത്രില്ലിലാണ് കന്നിവോട്ടർമാർ. ഭയമില്ലാതെ വോട്ടു ചെയ്യാനായെന്ന് കൽപറ്റ റാട്ടക്കൊല്ലി 17ാം വാർഡിലെ കന്നി വോട്ടറായ ഷമീം അക്തർ പറഞ്ഞു. മുതിർന്നവർക്കും ഇതേ അഭിപ്രായം തന്നെയാണ്. ജീവിതത്തിൽ ആദ്യമായാണ് മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് വോട്ട് ചെയ്യുന്നതെന്ന് തവിഞ്ഞാൽ പഞ്ചായത്തിലെ മക്കിയാട് വാർഡിലെ വോട്ടർ അലി പറഞ്ഞു.
പോളിങ് സാമഗ്രികൾക്കൊപ്പം മാസ്ക്, ഗ്ലൗസ്, ഷീൽഡ് തുടങ്ങിയവ പോളിങ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്തിരുന്നു. സമയം കിട്ടുമ്പോഴെല്ലാം പലരും ബൂത്തിനു പുറത്തിറങ്ങി ഫേസ് ഷീൽഡ് മാറ്റി അൽപം കാറ്റുകൊണ്ടു. എന്നാൽ, മാസ്ക് അഴിക്കാൻ പലരും മടിച്ചു. മാസ്ക്കും കൈയുറയും ധരിച്ച് തെരഞ്ഞെടുപ്പ് ജോലി ചെയ്യുന്നത് ഇവരും ആദ്യമായാണ്. വൈകീട്ട് അേഞ്ചാടെ ബൂത്തുകളിൽ കോവിഡ് ബാധിതർക്കു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. വരുകയാണെങ്കിൽ ധരിക്കാൻ പി.പി.ഇ കിറ്റ് ഉൾപ്പെടെ ഒരുക്കിയിരുന്നു. എന്നാൽ, അപൂർവം ബൂത്തുകളിൽ മാത്രമാണ് കോവിഡ് ബാധിതരെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.