മേപ്പാടി: പുത്തുമല ഓർമദിന തലേന്ന് പ്രദേശവാസികളെ ഭീതിയിലാക്കി മറ്റൊരു ഉരുൾപൊട്ടൽ ദുരന്തം കൂടി. വെള്ളരിമല വില്ലേജിൽപ്പെട്ട നെല്ലിയാമ്പതി മലനിരകളിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് താഴ്വാരത്തിലെ മുണ്ടക്കൈ പുഞ്ചിരിമട്ടം പ്രദേശത്ത് വലിയതോതിൽ നാശനഷ്ടങ്ങളുണ്ടായി. രണ്ടു വീടുകൾ പൂർണമായും ഒരു വീട് ഭാഗികമായും തകർന്നു. പുഞ്ചിരിമട്ടത്തെയും മുണ്ടക്കൈയിലേയും ജനവാസ മേഖലയിലെ രണ്ടു പാലങ്ങളും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി.
ഉരുള്‍പൊട്ടിയ സ്ഥലത്ത് കുടുങ്ങിയ 25 പേരെ ജില്ല ഭരണകൂടത്തിെൻറ നേതൃത്വത്തില്‍ അഗ്നിരക്ഷാ സേനയും ദേശീയ ദുരന്തനിവാരണ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. പാലങ്ങള്‍ തകര്‍ന്നതിനാല്‍ റോപ് വേ വഴിയാണ് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. പ്രദേശത്ത് താമസിക്കുന്നവരെ നേരത്തെ ജില്ല ഭരണകൂടത്തിെൻറ നേതൃത്വത്തില്‍ ഒഴിപ്പിച്ചിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പഞ്ചായത്ത് റോഡിനും കേടുപാടുകൾ സംഭവിച്ചു. വെള്ളിയാഴ്ച പുലർച്ചെ ആറിനും ഏഴിനും ഇടയിലാണ് നിനച്ചിരിക്കാതെ ദുരന്തം എത്തിയത്.
മുണ്ടക്കൈ പുഴയോരത്തുള്ള പുഞ്ചിരിമട്ടത്തെ സ്വകാര്യ റിസോർട്ടിെൻറ മതിലുകൾ പൂർണമായും തകർന്നു. റിസോർട്ടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിനൊപ്പം കടപുഴകിയ മരങ്ങളും കല്ലുകളുമെല്ലാം ഒഴുകിയെത്തി പാലത്തിൽ തങ്ങിയതിനെത്തുടർന്ന് പുഴ ഗതിമാറി ഒഴുകുകയായിരുന്നു. തകർന്ന വീടുകളിലെ ആളുകളെ ഗ്രാമപഞ്ചായത്ത്, റവന്യൂ അധികൃതർ തലേദിവസം തന്നെ ബന്ധുവീടുകളിലേക്ക് മാറ്റിയിരുന്നു. അതിനാൽ ജീവഹാനി ഒഴിവാക്കാനായി. ചൂരൽമല, മുണ്ടക്കൈ ഭാഗങ്ങളിൽ ദിവസങ്ങളായി അതിതീവ്ര മഴയാണ് ലഭിക്കുന്നത്.
പുഞ്ചിരിമട്ടം സ്വദേശികളായ വിജയൻ, സുകുമാരൻ എന്നിവരുടെ വീടുകളാണ് പൂർണമായും തകർന്നത്. വിവരമറിഞ്ഞ ഉടനെ കൽപറ്റയിൽനിന്ന് അഗ്നിശമന സേന, ജില്ലയിലുള്ള ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ എന്നിവരും പൊലീസും ഗ്രാമപഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. സി.കെ. ശശീന്ദ്രൻ എം.എൽ.എ, സബ് കലക്ടർ, ഡി.എഫ്.ഒ, ജനപ്രതിനിധികൾ എന്നിവരൊക്കെ ഓടിയെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ചില സന്നദ്ധ സംഘടനാ പ്രവർത്തകരും നാട്ടുകാരും ഇവരോടൊപ്പം സഹകരിച്ചു. രക്ഷപ്പെടുത്തിയവരെ മേപ്പാടിയിൽ സജ്ജീകരിച്ച ക്യാമ്പുകളിലേക്ക് മാറ്റുമെന്നു അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.