മീനങ്ങാടി: റോഡ് വികസനത്തിൽ മുന്നിൽനിൽക്കുന്ന സംസ്ഥാനത്തെ ചില ഗ്രാമീണ റോഡുകളുടെ അവസ്ഥ പരിതാപകരം. ടാറിങ് പൊളിഞ്ഞും കുണ്ടുംകുഴിയുമായി ഈ പാതകളിലൂടെയുള്ള യാത്ര ദുരിതമാവുകയാണ്.
കോളേരി-ചൂതുപാറ റോഡ് കാൽനട പോലും സാധിക്കാത്ത വിധം തകർന്നിരിക്കുകയാണ്. പൂതാടി പഞ്ചായത്തിന്റെ 200ഓളം മീറ്റർ ദൂരത്തിലാണ് പാത തകർന്നിരിക്കുന്നത്. റോഡിൽ ടാറിങ് വർഷങ്ങൾക്കുമുമ്പ് നടത്തിയതാണ്. ഇതിനെതിരെ പ്രതിഷേധിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
വട്ടത്താനി-പുതുനിലം റോഡിന്റെയും അവസ്ഥ ദയനീയമാണ്. പാപ്ലശ്ശേരി അങ്ങാടിക്ക് സമീപം പ്രധാന റോഡിനോട് ചേരുന്ന ഭാഗം നന്നാക്കിയിട്ടില്ല. കുറഞ്ഞ ഭാഗത്ത് ടാറിങ് നടത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്.
കോട്ടവയൽ-വരദൂർ പ്രധാന റോഡിൽ നിന്നും ചെമ്പകപ്പറ്റയിലേക്കുള്ള റോഡ് കുഴികൾ നിറഞ്ഞുകിടക്കുകയാണ്. മഴ കനത്താൽ വലിയ ചളിക്കുളമായി റോഡ് മാറും. വർഷങ്ങൾക്കുമുമ്പ് ടാറിങ് നടത്തിയ റോഡിൽ പല സ്ഥലങ്ങളിലും ടാറിങ് കാണാൻ തന്നെയില്ല. പൂതാടി പഞ്ചായത്തിലെ എ.കെ.ജി-മണിവയൽ റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായിട്ട് മാസങ്ങളായി. ഇതുവഴിയുള്ള സർവിസ് നിർത്തിവെച്ചതായി നടവയൽ സംയുക്ത ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂനിയൻ ബാനർ സ്ഥാപിച്ചു. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിനെതിരെ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
പുൽപള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിൽ പി.എം.ജി.എസ്.വൈ പദ്ധതിപ്രകാരം നിർമാണം ആരംഭിച്ച കാപ്പിസെറ്റ്-ആലത്തൂർ റോഡ് പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നു.
നാലേ കാൽ കിലോമീറ്റർ ദൂരം നിർമിക്കുന്ന ടാറിങ് പ്രവൃത്തി ആരംഭിക്കാത്തതിനാൽ ഈ വഴിയുള്ള യാത്ര ദുസ്സഹമായി. മഴക്കാലമായതോടെ റോഡാകെ ചളിക്കുളമായി. ടാറിങ് പ്രവൃത്തിക്ക് 2.42 കോടി രൂപയാണ് അനുവദിച്ചത്. നിർമാണ പ്രവൃത്തികൾ ഈ വർഷം ജനുവരി ആദ്യം പൂർത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, ഈ സമയത്ത് റോഡിൽ കല്ലുപാകിയതല്ലാതെ മറ്റൊരു പ്രവൃത്തിയും പൂർത്തിയാക്കിയില്ല.
ഈയടുത്താണ് ഇതിന് മുകളിൽ മണ്ണ് നിരത്തിയത്. മഴ തുടങ്ങിയതോടെ ഈ മണ്ണാകെ ചളി രൂപത്തിലായി. ഇതിലൂടെ നടക്കാനോ വാഹനമോടിക്കാനോ പറ്റാത്ത അവസ്ഥയായി. നിർമാണത്തിന് 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാനവിഹിതവുമാണ്. ദേവാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കം റോഡ് കടന്നുപോകുന്ന സ്ഥലത്തുണ്ട്. തുടക്കത്തിൽ കരാർ കമ്പനിയും ജലഅതോറിറ്റിയും തമ്മിൽ തർക്കമുണ്ടായി. ജല അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കൽ പൂർത്തിയായിട്ടുണ്ട്. സംസ്ഥാന സർക്കാർ വിഹിതം വൈകിയത് പണികളെയും ബാധിച്ചതായി പറയപ്പെടുന്നു.
നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കാനുള്ള കാലാവധി വീണ്ടും നീട്ടിയിരിക്കുകയാണ്. ഇതിന് പുറമെ എട്ടു ശതമാനം തുക അനുവദിക്കുകയുമുണ്ടായി. എന്നിട്ടും പണികൾ നടത്താൻ കരാറുകാരൻ മടിക്കുകയാണ്.
മഴ തുടങ്ങിയതോടെ അതിന്റെ പേരിൽ പണികൾ നിർത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ഒന്നരവർഷത്തോളമായി റോഡിന് ഇരുവശവും താമസിക്കുന്ന കുടുംബങ്ങൾ റോഡുപണി വൈകുന്നത് മൂലം ദുരിതത്തിലാണ്.
കരാറുകാരും ഉദ്യോഗസ്ഥരും ഒത്തുകളിക്കുന്നതിനാലാണ് നിർമാണപ്രവൃത്തി വൈകുന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.