കല്പറ്റ: പട്ടയം ലഭിച്ച ഭൂമി 10 വര്‍ഷമായിട്ടും നേരിട്ട് കാണാതെ ഒരാള്‍. നെന്മേനി പഞ്ചായത്തിലെ കുളിപ്പുര കോളനിയിലെ എൺപതുകാരൻ ഒണ്ടന് പണിയനാണ് അവകാശപ്പെട്ട ഭൂമി കാണിച്ചുതരണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുന്നത്. 2011ല്‍ ജില്ലയില്‍ ആദിവാസികള്‍ക്ക് നൂറുകണക്കിന് പട്ടയങ്ങള്‍ വിതരണം ചെയ്തിരുന്നു. ഇക്കൂട്ടത്തിലാണ് സര്‍വേ നമ്പര്‍ 111 എന്ന് കാണിച്ചിട്ടുള്ള പട്ടയം ഒണ്ടെൻറ ഭാര്യ കൊറുമ്പിയുടെ പേരില്‍ ലഭിച്ചത്. മേപ്പാടി പഞ്ചായത്തിലെ കോട്ടപ്പടി വില്ലേജിലുള്ള ഭൂമിയുടെ പട്ടയമാണ് നല്‍കിയത്.
എന്നാൽ, ഈ ഭൂമി ഇതുവരെ കാണാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഭൂമി കാണിച്ചുതരണമെന്നാവശ്യപ്പെട്ട് കലക്ടര്‍, മുഖ്യമന്ത്രി, ഗവര്‍ണര്‍ തുടങ്ങിയവര്‍ക്കെല്ലാം നിവേദനങ്ങളും പരാതികളും നല്‍കിയെങ്കിലും ഫലമുണ്ടായില്ല. സമാന അവസ്ഥയിലുള്ള നിരവധി പേര് വയനാട്ടിലുണ്ടെന്നും തൊവരിമല ഭൂസമര നേതാവ് കൂടിയായ ഒണ്ടന് പറയുന്നു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച ഒണ്ടന്, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് രേഖകള്‍ നല്കുന്ന സമയത്ത് ഇക്കാര്യം കലക്ടറുടെ ശ്രദ്ധയിലുംപെടുത്തിയിരുന്നു.
തുടർന്ന് ഉദ്യോഗസ്ഥര്‍ എത്തി കോളനി സന്ദര്ശിച്ചുപോയതല്ലാതെ വ്യക്തമായ മറുപടിയൊന്നും ലഭിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. ഭൂമിയില്ലാത്ത എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും ഒരേക്കര്‍ ഭൂമി വീതം വിതരണം ചെയ്യുമെന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പാക്കുന്നതിെൻറ ഭാഗമായി നടത്തിയ 2011ലെ പട്ടയമേളയിലൂടെ ആദിവാസികളെ ഭൂമി നല്‍കാതെ കബളിപ്പിക്കുകയായിരുന്നെന്നും ആക്ഷേപമുണ്ട്.
സര്‍ക്കാര്‍ ആദിവാസികളോട് കാണിക്കുന്ന വഞ്ചനക്കെതിരെ ഭൂസമരസമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഒണ്ടന്. ഇതിെൻറ ഭാഗമായി വ്യാഴം, വെള്ളി ദിവസങ്ങളിൽ സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ സൂചന സത്യഗ്രഹം നടത്തും. കുടുംബത്തിന് നല്കിയ പട്ടയഭൂമി അളന്നുതരണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.