കൽപറ്റ: ജില്ലയില്‍ ജനജീവിതം ദുസ്സഹമാക്കി വന്യജീവി ആക്രമണം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വനം വകുപ്പിന്റെ ആര്.ആര്.ടി സംവിധാനം ശക്തിപ്പെടുത്തുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കലക്ടറേറ്റിൽ വിളിച്ചുചേര്‍ത്ത സർവകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദ്രുതകർമ സേനയുടെ അംഗബലം വർധിപ്പിക്കുന്നന്നതിനുളള ഫയല്‍ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്.
അനുമതി ലഭ്യമായാല്‍ വയനാടിന് മുന്തിയ പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. ആര്.ആര്.ടി സംഘത്തില്‍ കൂടുതല്‍ സ്ഥിരം ജീവനക്കാരെ നിയമിക്കും. ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ആയുധങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കും. വയനാട്ടില്‍ വകുപ്പിന് കീഴില്‍ 175 പേര്‍ക്ക് കൂടി പുതുതായി നിയമനം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
വന്യജീവികളുടെ പെരുപ്പം പരിശോധിക്കുന്നതിനും പ്രതിരോധ മാര്‍ഗങ്ങള്‍ ഫലപ്രദമാക്കുന്നതിനും അതിര്‍ത്തി സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്ത് സംയുക്ത കര്‍മപദ്ധതി ആവിഷ്ക്കരിക്കുന്നത് പരിഗണനയിലാണ്. വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്നതാണ് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വന്യജീവി സങ്കേതങ്ങളുമെന്നതിനാല്‍ മൃഗങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുക പതിവാണ്.
12,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ വന്യജീവി സങ്കേതങ്ങളിലെ കടുവ, ആന ഉള്‍പ്പെടെയുള്ള മൃഗങ്ങളുടെ ശാസ്ത്രീയ കണക്കെടുപ്പും ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയാനുള്ള മാര്‍ഗങ്ങളും സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഏകോപനത്തോടു കൂടിയേ സാധ്യമാവുകയുള്ളൂ. യോഗത്തില്‍ എം.എല്‍.എമാരായ ടി. സിദ്ധീഖ്, ഒ.ആര്. കേളു, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കലക്ടര്‍ എ. ഗീത, ജില്ല പൊലീസ് മേധാവി ആര്. ആനന്ദ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഗംഗാ സിങ്, പി.സി.സി.എഫ് (പ്ലാനിങ്) ഡി. ജയപ്രസാദ്, സി.സി.എഫ് (വൈല്‍ഡ് ലൈഫ്) പി. മുഹമ്മദ് ഷബാബ്, നോര്‍ത്തേണ്‍ സര്‍ക്കിള്‍ സി.സി.എഫ് കെ.എസ്. ദീപ, നഗരസഭ അധ്യക്ഷരായ കേയംതൊടി മുജീബ്, ടി.കെ. രമേശ്, സി.കെ. രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജസ്റ്റിന് ബേബി, സി. അസൈനാര്‍, എ.ഡി.എം എന്‍.ഐ. ഷാജു, വയനാട് വൈല്‍ഡ് ലൈഫ് വാര്ഡന് അബ്ദുൽ അസീസ്, ഡി.എഫ്.ഒമാരായ മാര്ട്ടിന് ലോവല്‍, എ. ഷജ്ന, കെ. സുനില്‍കുമാര്‍, ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ഡോ. അജേഷ് മോഹന്‍ദാസ്, എ.സി.എഫുമാരായ ജോസ് മാത്യൂ, ഹരിലാല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു. യോഗം ബി.ജെ.പി ബഹിഷ്കരിച്ചു.
നൽകുന്ന വാഗ്ദാനങ്ങൾ നടപ്പാക്കപ്പെടുന്നില്ലെന്നും യോഗം പ്രഹസനമാണെന്നും ആരോപിച്ചാണ് ബി.ജെ.പി ജില്ല പ്രസിഡന്റ് കെ. മധുവിന്റെ നേതൃത്വത്തിൽ യോഗം ബഹിഷ്കരിച്ചത്.
മാനന്തവാടി: കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തിൽ മരണമടഞ്ഞ തോമസിന്റെ വീട് സന്ദർശിക്കാൻ പോകുന്നവഴി വനം മന്ത്രി എ.കെ. ശശീന്ദ്രന് നേരെ കരിങ്കൊടി കാണിക്കാൻ യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം. കാഞ്ഞരങ്ങാട് വെച്ച് കരിങ്കൊടി കാണിക്കാൻ ശ്രമിച്ചപ്പോൾ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് അസീസ് വാളാട്, ജില്ല ജനറൽ സെക്രട്ടറിമാരായ സി.എച്ച്. സുഹൈർ, അജ്മൽ വെള്ളമുണ്ട, വി.സി. വിനീഷ്, നിയോജക മണ്ഡലം പ്രസിഡന്റ് ബൈജു പുത്തൻപുറക്കൽ, ഷംസീർ അരണപ്പാറ, ലത്തീഫ് ഇമിനാണ്ടി, അൻസാർ തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.