പനമരം: കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി ജനം. പനമരം, കണിയാമ്പറ്റ, പൂതാടി പഞ്ചായത്തുകളിലെ വനാതിർത്തി പ്രദേശങ്ങളിൽ വന്യമൃഗം രൂക്ഷമായി. നടവയൽ, നെല്ലിയമ്പം, നീർവാരം, പുഞ്ചവയൽ, അമ്മാനി, കേണിച്ചിറ, വണ്ടിക്കടവ് തുടങ്ങിയ വനാതിർത്തി പ്രദേശങ്ങളിലെ നൂറുക്കണക്കിന് കുടുംബങ്ങൾ വന്യമൃഗശല്യം കാരണം വീടും സ്ഥലവും ഉപേക്ഷിച്ചു പാലായനം ചെയ്യേണ്ട അവസ്ഥയിലായി. 1950, 60 കാലഘട്ടങ്ങളിൽ തിരുവതിരാം കൂരിൽ നിന്ന് വയനാട്ടിലെ മലയോര പ്രദേശങ്ങളിലെത്തി വന്യ മൃഗങ്ങളോട് പൊരുതി സമ്പാദിച്ച കൃഷിയങ്ങൾ പാടേ ഉപേക്ഷിക്കേണ്ട അവസ്ഥയാണ് കർഷകർക്ക്. കഴിഞ്ഞ ദിവസം പാതിരി വനത്തിൽ നിന്നു എത്തിയ കാട്ടാനകൾ നടവയലിലെ പള്ളിതാഴെ പരുവമ്മൽ ജോസിന്റെ വീടിന്റെ മതിൽ തകർത്തു. വണ്ടി കടവിലെ എങ്ങാപള്ളിയിൽ മാണിയുടെ വീട്ടിലേക്കുള്ള കുടിവെള്ള പൈപ്പും മോട്ടോറും തകർത്തു.
വന്യമൃഗശല്യം രൂക്ഷമായ പൂതാടി പഞ്ചായത്തിൽ കർഷകൻ കൃഷിയിടത്തിലെ വാഴകൾ വെട്ടിനിരത്തി. കാട്ടാന ശല്യം മൂലം പൊറുതിമുട്ടിയ ചീങ്ങോട് കുറിച്ചാത്ത് ഷെറിനാണ് കൃഷിയിടത്തിലുണ്ടായിരുന്ന വാഴകൾ പൂർണമായും വെട്ടിമാറ്റിയത്. കൃഷിയിടത്തിലെ പൂവൻ വാഴകളെല്ലാം കഴിഞ്ഞ രണ്ടാഴ്ചക്കിടെ കാട്ടാന നശിപ്പിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം കാട്ടാന വീട്ടുമുറ്റത്ത് എത്തി വീടിനു സമീപമുണ്ടായിരുന്ന കൃഷി നശിപ്പിച്ചതോടെയാണ് ഒരു ലക്ഷത്തോളം രൂപ മുടക്കി കൃഷിയിറക്കിയ വാഴകൾ പൂർണമായും വെട്ടിമാറ്റാൻ തീരുമാനിച്ചത്. രണ്ട് മാസം മുമ്പ് പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പയിലും കാട്ടാനശല്യം മൂലം കർഷകർ തെങ്ങും ചക്കയും വെട്ടികളഞ്ഞിരുന്നു.
പകൽ സമയങ്ങളിൽ പന്നിയും മയിലും രാത്രിയായാൽ കാട്ടനയും കടുവയും പുലിയും ജനവാസ കേന്ദ്രങ്ങളിലെത്തുകയാണ്. വെളുപ്പിനും സന്ധ്യാ സമയത്തു പോലും നടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ് ഇവിടങ്ങളിൽ. വന്യമൃഗ ശല്യത്തിനു പരിഹാരം കാണാതെ രാഷ്ട്രീയ പാർട്ടികൾ വോട്ട് തേടി ഇങ്ങോട്ട് വരേണ്ടെന്ന് നടവയൽ ടൗണിൽ ഫ്ലക്സ് ബോർഡ് ബോർഡ് സ്ഥാപിച്ചത് കഴിഞ്ഞ ദിവസമാണ്.
സുൽത്താൻ ബത്തേരി: ജില്ലയിലെ വന്യമൃഗ ശല്യം പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ യോജിച്ച് നടപടിയെടുക്കണമെന്ന് കേരള കോൺഗ്രസ് ജേക്കബ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വന്യ മൃഗങ്ങൾ വളർത്തു മൃഗങ്ങളെ കൊന്നതിന് ശേഷം നിരവധി ഒത്തുതീർപ്പ് ചർച്ചകൾ നടന്നിട്ടുണ്ട്. എന്നാൽ, അതൊന്നും പാലിക്കാൻ അധികൃതർക്കായിട്ടില്ല. വനംവകുപ്പിനെതിരെ സമരം നടത്തിയ നിരവധി കർഷകർ ഇപ്പോൾ കേസിൽ കുടുങ്ങിയിരിക്കുകയാണ്. ഇത് ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന വർക്കിങ് പ്രസിഡന്റ് എം.സി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പി. പ്രഭാകരൻ നായർ, എം.ജി. മനോജ്, അഡ്വ. വിജി വർഗീസ്, ബെന്നി പുൽപള്ളി, ബൈജു ഐസക്, ടോമി ഇളയച്ചാനിയിൽ, ജോണി കോട്ടുംകര, ഉല്ലാസ് ജോർജ്, കെ.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡന്റ് എം.സി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പി. പ്രഭാകരൻ നായർ, എം.ജി. മനോജ്, അഡ്വ. വിജി വർഗീസ്, ബെന്നി പുൽപള്ളി, ബൈജു ഐസക്, ടോമി ഇളയച്ചാനിയിൽ, ജോണി കോട്ടും കര, ഉല്ലാസ് ജോർജ്, കെ.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.