തൃശൂർ: കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ പ്രതികൾക്കു വേണ്ടി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി നാട്ടുകാർ. മുഖ്യപ്രതി സുനിൽ കുമാർ, ബിജു കരീം, സി.െക. ജിൽസ്, റെജി അനിൽ, കിരൺ, ബിജോയ് എന്നിവരുടെ ഫോട്ടോ പതിച്ച്, കരുവന്നൂർ ബാങ്കിലെ പ്രധാന പ്രതികളാണെന്നും കണ്ടെത്തേണ്ടത് ഓരോരുത്തരുടെയും ചുമതലയാണെന്നും പറഞ്ഞാണ് നാട്ടുകാരുടെ ലുക്ക്ഔട്ട് നോട്ടീസ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇത് പ്രചരിക്കുന്നത്.
കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ട് 15 ദിവസമായി. എന്നാല്‍, പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ല. ഒളിവിലാണെന്നു മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. പ്രതികളെ പിടികൂടാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നാട്ടുകാരുടെ ലുക്ക്ഔട്ട് നോട്ടീസ് പ്രദേശത്തെ വാട്സ്ആപ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് പേജുകളിലൂടെയുമാണ് പ്രചരിപ്പിക്കുന്നത്. പ്രതികൾ രാജ്യം വിടാതിരിക്കാനായി ലുക്ക്ഔട്ട് നോട്ടീസിറക്കാൻ എമിഗ്രേഷൻ വകുപ്പിന് അന്വേഷണസംഘം അപേക്ഷ നൽകിയിട്ടുണ്ട്.
അതേസമയം, പ്രതികൾ നാട് വിട്ടുപോയിട്ടില്ലെന്നും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിെൻറ നടപടിക്രമങ്ങളിലാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് ബാങ്കിലെ രേഖകൾ പരിശോധിക്കുകയാണ്. ആയിരക്കണക്കിന് രേഖകൾ പരിശോധിക്കണം. ഇത് ശ്രമകരമാണെന്നും ക്രൈംബ്രാഞ്ച് അധികൃതർ പറയുന്നു.
കഴിഞ്ഞ ദിവസം ബാങ്കിൽ എത്തിയ അന്വേഷണ സംഘം ബാങ്കിലെ 2014 മുതൽ ഉള്ള ഓഡിറ്റ് റിപ്പോർട്ട് പരിശോധനക്കായി കൊണ്ടുപോയി. പ്രതികളുടെ നിയമന ഉത്തരവുകളും പരിശോധിക്കുകയാണ്. മുഖ്യപ്രതി സുനിൽകുമാറിെൻറയും മറ്റൊരു പ്രതി ബിജോയുടെയും ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈകോടതി പരിഗണിക്കും. നാല് പ്രതികളുടെ ജാമ്യാപേക്ഷ ജില്ല സെഷൻസ് കോടതി വെള്ളിയാഴ്ച പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.