കരുവാരകുണ്ട് (മലപ്പുറം): ലോക്ഡൗൺ രണ്ടാം മാസവും പിന്നിട്ടതോടെ ‘കടിഞ്ഞാൺ വീണ്’ ഹംസയുടെയും സുഹൃത്തുക്കളുടെയും കുതിരകൾ. തീറ്റയും സവാരിയും മുടങ്ങിയതിനാലാണ് കരുവാരകുണ്ടിലെ കുതിരലായങ്ങളിൽനിന്ന് കിതപ്പുയരുന്നത്.
കരുവാരകുണ്ട് പൂളക്കുന്നിലെ കല്ലുവെട്ടി ഹംസ, നടുത്തളയൻ അസ്കർ, ഏപ്പിക്കാട്ടെ സൂപ്പി എന്നിവരാണ് കുതിരകളെ വളർത്തുന്നത്. അഞ്ചെണ്ണമാണ് ഇപ്പോൾ ഇവരുടെ കൈവശമുള്ളത്. ലോക്ഡൗണായതോടെ കുതിരകൾ അർധ പട്ടിണിയിലാണെന്ന് ഹംസ പറയുന്നു.
മംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്നുമാണ് ഇവക്ക് ഓട്സ്, ബാർലി, ചോളം, മത്സ്യ എണ്ണ എന്നിവ ചേർത്ത തീറ്റ വരുന്നത്. സവാരി മൃഗങ്ങളായതിനാൽ മുന്തിയ ഇനം തീറ്റ തന്നെ വേണം. ഇവക്ക് വില കൂടുകയും വരവ് നിൽക്കുകയും ചെയ്തു. ഇപ്പോൾ കൂടുതലായും മുതിര, പയർ, പുല്ല് എന്നിവയാണ് നൽകുന്നത്.
ഉദ്ഘാടനങ്ങൾ, പൊതുചടങ്ങുകൾ, വിവാഹ പാർട്ടികൾ എന്നിവ ഇല്ലാത്തതിനാൽ വരുമാനവും നിലച്ചു. സീസണുകളിൽ നല്ലൊരു തുക ഇങ്ങനെ ലഭിക്കാറുണ്ട്. കുതിര സവാരി പരിശീലനവും മുടങ്ങി. കുട്ടിക്കാലത്തേ മനസ്സിലെ ആഗ്രഹമായിരുന്നെങ്കിലും ദുബൈയിൽ രാജകുടുംബാംഗത്തിെൻറ വീട്ടിൽ ജോലിക്ക് ചേർന്നതോടെയാണ് കുതിരഭ്രമം വീണ്ടും തുടങ്ങിയത്. അവിടെ വെച്ച് സവാരിയും പരിചരണവുമെല്ലാം പഠിച്ചു.
പത്തുവർഷം മുമ്പ് നാട്ടിൽ തിരിച്ചെത്തിയതോടെയാണ് ജയ്പൂരിൽനിന്ന് സ്വന്തമായി കുതിരയെ വാങ്ങിയത്. റോഡിലൂടെ സവാരി നടത്തിയപ്പോൾ നാട്ടിലത് വലിയ സംഭവമായി. അതോടെ കുതിര ഹംസ എന്ന പേരും കിട്ടി. കേരളത്തിൽ പലയിടങ്ങളിലും പരിശീലകനായി പോകുന്ന ഹംസ വെറ്ററൻ ഫുട്ബാൾ താരം കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.