കണ്ണൂർ: കേസിന് തുമ്പുണ്ടാക്കാൻ മണം പിടിച്ച് ഓടുകയോ വി.ഐ.പികളെത്തുേമ്പാൾ പരിശോധനക്ക് എത്തുകയോ വേണ്ട. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ കേരള പൊലീസിെൻറ ശ്വാനസേന വിശ്രമത്തിലാണ്. വിവിധ സേവനങ്ങളിൽ മിടുക്ക് തെളിയിച്ച 150 നായ്ക്കളാണ് പൊലീസ് സേനക്കുള്ളത്. ഇതിൽ പുതുതായി ചേർന്ന 35 എണ്ണം പരിശീലനത്തിലാണ്. മാസത്തിൽ കുറഞ്ഞത് 60 ഡ്യൂട്ടികൾ ലഭിച്ചിരുന്ന നായ്ക്കൾക്ക് േകാവിഡ് പശ്ചാത്തലത്തിൽ ഇപ്പോൾ ആകെ 10ൽ താഴെ ഡ്യൂട്ടി മാത്രമാണ് ലഭിക്കുന്നത്.
ലഹരിപദാർഥങ്ങളും മയക്കുമരുന്നുകളും കണ്ടുപിടിക്കാനുപയോഗിക്കുന്ന നാർക്കോട്ടിക് വിഭാഗത്തിൽ 25, ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കാൻ സഹായിക്കുന്ന എക്സ്േപ്ലാസിവ് വിഭാഗത്തിൽ 60, മോഷണം, കൊലപാതകങ്ങൾ കണ്ടുപിടിക്കുന്ന ട്രാക്കർ വിഭാഗത്തിൽ 50 നായ്ക്കളുമാണ് സംസ്ഥാനത്തുള്ളത്. ഇവയിൽ 80 എണ്ണം ലാബ്രഡോർ റിട്രീവർ ഇനത്തിലും 40 എണ്ണം ജർമൻ ഷെപ്പേഡുമാണ്. പരിശീലനത്തിലുള്ളവയിൽ ഭൂരിഭാഗവും ബെൽജിയം മലിനോയ്സ് ഇനമാണ്.
ഓരോ ജില്ലയിലും ശരാശരി എട്ട് നായ്ക്കൾ വീതമുണ്ട്. ഇവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാനായി ഒരു നായ്ക്ക് രണ്ടുപേർ എന്നനിലയിൽ 300 പരിശീലകർ (ഹാൻഡിലേർസ്) സേനയിലുണ്ട്. നായ്ക്കളെ ജനറൽ ഡ്യൂട്ടിക്ക് ഉപയോഗിക്കുന്നില്ലെങ്കിലും ഇവയുടെ കാര്യക്ഷമത നിലനിർത്താനായി കൃത്യമായ പരിശീലനം നൽകുന്നുണ്ടെന്ന് ഡോഗ് സ്ക്വാഡ് തിരുവനന്തപുരം യൂനിറ്റ് ചാർജ് ഓഫിസർ എം. ഷാജഹാൻ ‘മാധ്യമ’ത്തോട് പറഞ്ഞു. സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കാനും കഞ്ചാവ് അടക്കമുള്ള ലഹരിപദാർഥങ്ങൾ മണപ്പിച്ചും മറ്റും ജില്ലതലത്തിൽ പരിശീലനം ഏർപ്പെടുത്തിയിട്ടുണ്ട്.
നിശ്ചിത സമയങ്ങളിൽ ഡോക്ടർമാരുടെ സേവനവും ലഭിക്കും. കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി നായ്ക്കളുടെ ആരോഗ്യ കാര്യത്തിൽ കർശന നടപടികളാണ് ഏർപ്പെടുത്തിയത്. കൂടുകളും ഇവ ഇടപഴകുന്നയിടങ്ങളും ഇടക്കിടെ അണുവിമുക്തമാക്കുന്നുണ്ട്.
പരിശീലകരും മറ്റും നായ്ക്കളുമായി ഇടപഴകുന്നതിനുമുമ്പ് കൈകാലുകൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കണം. ശ്വാനസേനയിൽ പരിശീലക ഡ്യൂട്ടിയിലുണ്ടായിരുന്ന ചിലരെ കോവിഡ് പശ്ചാത്തലത്തിൽ ജനറൽ ഡ്യൂട്ടിയിലേക്ക് മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.