കോഴിക്കോട്: പൊലീസ് സ്റ്റേഷൻ ലോക്കപ്പില്‍ യുവാവിനെ നഗ്നനാക്കി മര്‍ദിച്ചെന്ന് പരാതി. അത്തോളി പുത്തഞ്ചേരി കൂമുള്ളി തയ്യുള്ളതില്‍ അനൂപിനാണ് (28) അത്തോളി സ്റ്റേഷനില്‍ മര്‍ദനമേറ്റത്. ജാമ്യം നേടി പുറത്തിറങ്ങിയ ഉടൻ സ്റ്റേഷന് പരിസരത്ത് കുഴഞ്ഞുവീണ ഇയാളെ മലബാര്‍ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് യുവാവ് കുഴഞ്ഞുവീണത്. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് പൊലീസുകാര്‍ വീട്ടില്‍നിന്ന് പിടിച്ചുകൊണ്ടുപോയി ജീപ്പിലും ലോക്കപ്പിലുംവെച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
ഞായറാഴ്ച രാവിലെ അത്തോളി സ്റ്റേഷനിലെ എ.എസ്.ഐ രവീന്ദ്രെൻറ വീടിനുനേരെ പടക്കമെറിഞ്ഞെന്ന പരാതിയുമായി ബന്ധപ്പെട്ടാണ് അനൂപിനെ പൊലീസ് വീട്ടില്‍നിന്ന് കൊണ്ടുപോയത്. 10 മണിയോ ടെ വീട്ടിലെത്തിയ പൊലീസ് കുളിക്കുകയായിരുന്ന അനൂപിനെ വസ്ത്രം മാറാന്‍പോലും സമ്മതിക്കാതെ വലിച്ചിഴച്ച് കൊണ്ടുപോയത്രെ. തടയാന്‍ ശ്രമിച്ച ഭാര്യയെയും അമ്മയെയും അസഭ്യം പറഞ്ഞു.
സ്റ്റേഷനിലേക്ക് പോകുംവഴി ജീപ്പില്‍വെച്ച് ക്രൂരമായി മർദിച്ചതായി ആക്ഷേപമുണ്ട്. ലോക്കപ്പിലെത്തിച്ച് നഗ്നനാക്കി ചുമരില്‍ ചേര്‍ത്തുനിര്‍ത്തി മര്‍ദിക്കുകയും കൈപിടിച്ച് തിരിക്കുകയും ചെയ്തുവെന്നാണ് പറയുന്നത്. അതിനിടെ, അനൂപിനെ ജാമ്യത്തിലിറക്കാൻ സുഹൃത്തുക്കള്‍ സ്റ്റേഷനിലെത്തിയെങ്കിലും ഡിവൈ.എസ്.പിയുടെ അനുമതിയില്ലാതെ ജാമ്യം അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. പിന്നീട് അനൂപിെൻറ ഗുഡ്സ് ഓട്ടോ സ്റ്റേഷനില്‍ എത്തിച്ചാല്‍ ജാമ്യം നല്‍കാമെന്നു പറഞ്ഞു. ഇതുപ്രകാരം ഓട്ടോ സ്റ്റേഷനിലെത്തിക്കുകയും മൂന്നരയോടെ ജാമ്യം അനുവദിക്കുകയുമായിരുന്നുവെന്ന് സുഹൃത്ത് പറയുന്നു.
ഏപ്രില്‍ 28ന് കല്യാണവീട്ടിൽ അനൂപും സംഘവും പാട്ടുപാടിയത് എ.എസ്.ഐ രവീന്ദ്രന് എതിർത്തപ്പോൾ വാക്കു തര്ക്കമുണ്ടായിരുന്നത്രെ. തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് അനൂപിനെതിരെ കള്ളക്കേസെടുക്കാന്‍ കാരണമെന്ന് സുഹൃത്തുകൾ ആരോപിക്കുന്നു. യുവാവിനെ മര്ദിച്ചിട്ടില്ലെന്ന്വടകര റൂറല്‍ എസ്.പി എം.കെ. പുഷ്കരന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.