2019ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ സ്ഥിതിഗതികൾ മാറിമറിഞ്ഞിട്ടുണ്ട്. ന്യൂനപക്ഷങ്ങൾക്കിടയിലുണ്ടായ ആശങ്കയാണ് അന്ന് യു.ഡി.എഫിന് വിജയം സമ്മാനിച്ചതെങ്കിൽ ഇത്തവണ അങ്ങനെ ഒരു സാഹചര്യം നിലനിൽക്കുന്നില്ല. മാത്രമല്ല, ഇന്ന് കോൺഗ്രസിൽനിന്നും ബി.ജെ.പിയിലേക്കുള്ള കുത്തൊഴുക്ക് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്.
പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭ, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് വൻ മുന്നേറ്റം പാലക്കാട്ട് ഉണ്ടാക്കാനായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ നല്ല ആത്മവിശ്വാസത്തോടെയാണ് എൽ.ഡി.എഫ് മുന്നോട്ടുപോകുന്നത്. മതന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ഇടതുപക്ഷത്തെ ജനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ രാഷ്ട്രീയം പരിശോധിച്ചാൽ ഇന്നലത്തെ കോൺഗ്രസ് നേതാക്കളാണ് ഇന്ന് ബി.ജെ.പിയിൽ ഉള്ളത്. കോൺഗ്രസ് നേതാക്കളുടെ ഈ നിലപാട് കക്ഷിരാഷ്ട്രീയത്തിനതീതമായി ചിന്തിക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടും.
പൗരത്വ ഭേദഗതി നിയമത്തിൽ പാലക്കാട്ടെ എം.പി ശ്രീകണ്ഠനടക്കമുള്ള കോൺഗ്രസുകാർ ബി.ജെ.പിയോട് തോളോടുതോൾ ചേർന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ, ഈ കരിനിയമം കേരളത്തിൽ ഒരിക്കലും നടപ്പാക്കില്ലെന്നു പറയാൻ ആർജവം കാണിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്റിലേക്കുനടക്കുന്നത് രാഷ്ട്രീയപോരാട്ടമാണ്. ഇൗ പോരാട്ടങ്ങളിൽ രാഷ്ട്രീയ കക്ഷികൾ എടുക്കുന്ന നിലപാടുകൾ ജനഹിത നിലപാടുകളോടൊപ്പമാകും.
പാലക്കാട്ടെ വികസനകാര്യത്തിൽ പ്രധാനപ്പെട്ടതാണ് പാലക്കാട്ടെ കോച്ച് ഫാക്ടറി. ഇന്ദിരാഗാന്ധി തറക്കല്ലിട്ട കോച്ച് ഫാക്ടറി, നിർഭാഗ്യവശാൽ പിന്നീടുവന്ന കോൺഗ്രസ് സർക്കാറുകൾ കണ്ടില്ലെന്നു നടിച്ചു. പിന്നീട് ഇടതുപക്ഷ പിന്തുണയോടെയുള്ള ഒന്നാം യു.പി.എ സർക്കാർ വന്നപ്പോഴാണ് അതിനു ജീവൻവെച്ചത്. അന്നത്തെ കേരള സർക്കാർ കോച്ച് ഫാക്ടറിക്കാവശ്യമായ മുഴുവൻ സ്ഥലവും പണം നൽകി സ്വകാര്യ വ്യക്തികളിൽനിന്നുവാങ്ങി കേന്ദ്രത്തിന് കൈമാറിയതാണ്. കോച്ചുഫാക്ടറിക്കാവശ്യമായ തുടർനടപടികൾ ഒന്നും സ്വീകരിക്കാൻ ശ്രീകണ്ഠനു കഴിഞ്ഞില്ല എന്നത് എം.പിയുടെ വൻ പരാജയമാണ്.
സി.പി.ഐയിൽ വിഭാഗീയത നിലനിൽക്കുന്നില്ല. പാർട്ടി ആരെയും പുറത്താക്കിയിട്ടില്ല. അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നടപടികൾ നേരിട്ടവർക്ക് അവരുടെ തെറ്റുതിരുത്തി എപ്പോൾ വേണമെങ്കിലും പാർട്ടിയിലേക്ക് തിരിച്ചുവരാം. അർഹമായ സ്ഥാനമാനങ്ങളും അവർക്ക് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.