കോഴിക്കോട്: സംസ്ഥാനത്തെ ഒട്ടുമിക്ക മണ്ഡലങ്ങളിലെയും സ്ഥാനാർഥിപ്പട്ടികയിൽ അപരന്മാർ സ്ഥാനം പിടിച്ചതോടെ ഇവർ ആരെയൊക്കെ വീഴ്ത്തുമെന്നത് ഇനി കാത്തിരുന്ന് കാണാം. കഴിഞ്ഞ തവണയും എല്ലായിടത്തും അപരന്മാർ രംഗത്തുണ്ടായിരുന്നെങ്കിലും യു.ഡി.എഫിന്റെ വൻവിജയത്തിൽ, ഇവർക്കാർക്കും ജയപരാജയങ്ങൾ നിശ്ചയിക്കുന്ന റോളുണ്ടായിരുന്നില്ല. ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലാണ് അപരന്മാരുടെ വെല്ലുവിളി ഔദ്യോഗിക സ്ഥാനാർഥികൾക്ക് കനത്ത വെല്ലുവിളിയാകുക. അതിനാൽതന്നെ തങ്ങളുടെ അപരന്മാരുടെ പത്രിക പിൻവലിപ്പിക്കാനുള്ള നീക്കം ഒരുഭാഗത്ത് നടത്തുന്ന പാർട്ടിക്കാർ എതിരാളികളുടെ അപരന്മാർ പത്രിക പിൻവലിച്ചേക്കുമോ എന്ന ഭയത്താൽ അവർക്ക് കാവൽ ഏർപ്പെടുത്തിയിട്ടുമുണ്ട്.
കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ അപരന്മാർ വെട്ടിവീഴ്ത്തിയത് പ്രമുഖരെയടക്കമാണ്. സംസ്ഥാനം എക്കാലവും ഓർത്തിരിക്കുന്ന അപരന്റെ അട്ടിമറി 2004ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിലാണ്. മുൻമന്ത്രികൂടിയായിരുന്ന യു.ഡി.എഫിലെ വി.എം. സുധീരൻ കേവലം 1,009 വോട്ടിന് എൽ.ഡി.എഫിലെ കെ.എസ്. മനോജിനോട് തോറ്റപ്പോൾ സുധീരന്റെ അപരൻ എസ്. സുധീരൻ നേടിയത് 8,282 വോട്ടാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ അപരൻകൂടിയായിരുന്നു ആലപ്പുഴയിലേത്. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ യു.ഡി.എഫിന്റെ ഇപ്പോഴത്തെ സ്ഥാനാർഥി കൂടിയായ എം.കെ. രാഘവൻ എൽ.ഡി.എഫ് സ്ഥാനാർഥിയും നിലവിലെ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനെ 833 വോട്ടിനാണ് പരാജയപ്പെടുത്തിയത്.
ഈ തെരഞ്ഞെടുപ്പിൽ റിയാസിന്റെ നാല് അപരന്മാർ ചേർന്ന് നേടിയതാകട്ടെ 6,371 വോട്ടും. 2009ൽ പാലക്കാട് യു.ഡി.എഫിലെ സതീശൻ പാച്ചേനി നിലവിലെ മന്ത്രി എം.ബി. രാജേഷിനോട് 1,820 വോട്ടിന് തോറ്റപ്പോൾ സതീശന്റെ അപരൻ 5,478 വോട്ടും നേടി.
നിയമസഭ തെരഞ്ഞെടുപ്പുകളിലും അപരന്മാർ പ്രധാന മുന്നണികളുടെ സ്ഥാനാർഥികളെ അദൃശ്യശക്തിയായിനിന്ന് പരാജയപ്പെടുത്തിയിട്ടുണ്ട്. കുന്ദംകുളത്ത് അപരൻ 860 വോട്ട് നേടിയപ്പോൾ യു.ഡി.എഫിലെ സി.പി. ജോൺ പരാജയപ്പെട്ടത് 481 വോട്ടിനാണ്. ബി.ജെ.പിയുടെ നിലവിലെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മഞ്ചേശ്വരത്ത് 89 വോട്ടിന് പരാജയപ്പെട്ടതും അപരൻ വോട്ട് അപഹരിച്ചതിനാലാണ്.
താമരയോട് സാമ്യമുള്ള ഐസ്ക്രീം ചിഹ്നത്തിൽ അന്ന് മത്സരിച്ച അപരൻ കെ. സുന്ദര നേടിയത് 467 വോട്ടായിരുന്നു. ഇരിങ്ങാലക്കുടയിൽ അപരൻ 1,867 വോട്ട് പിടിച്ചപ്പോൾ എൽ.ഡി.എഫിലെ ടി. ശശിധരൻ യു.ഡി.എഫിലെ തോമസ് ഉണ്ണിയാടനോട് തോറ്റത് 406 വോട്ടിനാണ്. വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച് എതിർ സ്ഥാനാർഥിയുടെ വോട്ട് കുറക്കുക ലക്ഷ്യമിട്ടാണ് മുന്നണികൾതന്നെ മോഹന വാഗ്ദാനം നൽകി അപരന്മാരെ രംഗത്തിറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.