തിരുവനന്തപുരം: ന്യായീകരിക്കാൻ പിടിവള്ളികളൊന്നുമില്ലാത്ത വിധം പരാജയകാരണം ഭരണവിരുദ്ധ വികാരമെന്ന് സമ്മതിക്കേണ്ട നിർബന്ധിതാവസ്ഥയിലാണ് ഇടതുമുന്നണി. ശബരിമലയെ തുടർന്നുള്ള പ്രത്യേക സാഹചര്യം, വയനാട്ടിലെ രാഹുൽ ഗാന്ധി ഇഫക്ട് എന്നെല്ലാം വ്യാഖ്യാനിച്ച് 2019ലെ യു.ഡി.എഫ് മുന്നേറ്റത്തെ വിശദീകരിച്ചിരുന്നുവെങ്കിൽ ഇക്കുറിയേറ്റ കനത്ത പരാജയത്തിന് നിരത്താൻ പ്രകടമായ കാരണങ്ങളൊന്നും മുന്നണിക്ക് മുന്നിലില്ല. ലോക്സഭ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന് പതിവായി മേൽകൈ കിട്ടാറുണ്ടെന്ന ഉദാര വിശദീകരണമാണ് സി.പി.എം പുറത്തിറക്കിയ വാർത്തകുറിപ്പിലുമുള്ളത്.
മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലും നേരിട്ടെത്തി ആഘോഷപൂർവം നടത്തിയ നവകേരള സദസ്സുമായാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനൗദ്യോഗികമായി തുടക്കമിട്ടത്. ഓരോ വേദികളിലേക്കും ലക്ഷങ്ങൾ ഒഴുകിയെത്തിയത് വലിയ നേട്ടമായി അവതരിപ്പിച്ച് വലിയ ആത്മവിശ്വാസത്തിലായിരുന്നു പാർട്ടിയും നേതാക്കളും. ഈ ഒഴുകിയെത്തിയ ലക്ഷങ്ങളൊന്നും വോട്ടുകളായില്ലെന്ന് ജനവിധി അടിവരയിടുന്നു. മാത്രമല്ല, 18 മന്ത്രിമാരുടെ സ്വന്തം തട്ടകങ്ങളിൽ എൽ.ഡി.എഫ് പിന്നിലായതും ജനവിധിയിൽ നിറഞ്ഞത് കൃത്യമായ ഭരണവിരുദ്ധ വികാരമെന്നതിന് നേർസാക്ഷ്യം. അതേസമയം, യു.ഡി.എഫ് നേതാക്കളായ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, പി.ജെ. ജോസഫ്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ മണ്ഡലങ്ങളിലൊന്നും യു.ഡി.എഫിന് പരിക്കേറ്റിട്ടില്ലെന്നതും ശ്രദ്ധേയം. സർക്കാർ വിരുദ്ധ വികാരത്തിന്റെ പങ്കുപറ്റാൻ ഇക്കുറി ബി.ജെ.പിക്കും കഴിഞ്ഞുവെന്നതും പ്രകടം.
ഒന്നാം പിണറായി സർക്കാർ ജനക്ഷേമ പ്രവർത്തനങ്ങളിൽ ഏറെ മുന്നേറിയിരുന്നെങ്കിൽ തുടർഭരണത്തിൽ പിന്നിട്ട മൂന്നുവർഷക്കാലവും ജനജീവിതത്തെ ദുസ്സഹമാക്കിയ വിലക്കയറ്റത്തിന്റേതായിരുന്നു. ഇന്ധനവിലയിലെ രണ്ട് രൂപ സെസും ബസ് ചാർജ് വർധനയും മുതൽ വെള്ളക്കരവും വൈദ്യുതി ചാർജും കെട്ടിട നികുതിയും വസ്തുക്കരവും തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾക്കുള്ള നിരക്കുകളുമെല്ലാം വർധിപ്പിച്ചു. ഇവയെല്ലാം ജനജീവിതത്തെ പൊള്ളിക്കുമ്പോഴും പാർട്ടിയും മന്ത്രിമാരും വർധനയെ പരസ്യമായി ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സാധാരണക്കാർക്ക് ആശ്രയമായിരുന്ന ക്ഷേമ പെൻഷനുകൾ നാലും അഞ്ചും മാസങ്ങൾ കുടിശ്ശികയായി. തെരഞ്ഞെടുപ്പ് അടുക്കുന്ന സമയം രണ്ടും മൂന്നും ഗഡുക്കൾ ഒന്നിച്ച് നൽകുന്ന രീതി ജനം തിരിച്ചറിഞ്ഞതോടെ ഇതും ജനവിധിയിൽ പ്രതിഫലിച്ചു.
രണ്ടാം പിണറായി സർക്കാർ കാലത്ത് രണ്ട് ഉപതെരഞ്ഞെടുപ്പുകളാണ് നടന്നത്. ഇവ രണ്ടിലും പരാജയപ്പെട്ടിട്ടും സാഹചര്യങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്താനോ തിരുത്താനോ പാർട്ടിയും സർക്കാറും തുനിഞ്ഞില്ല. പകരം അനുതാപതരംഗമെന്ന വിലയിരുത്തലിൽ പരിശോധനകളെല്ലാം അവസാനിപ്പിച്ചു. പ്രാദേശിക സാഹചര്യങ്ങൾ നിർണായകമാവുന്ന തദ്ദേശ വാർഡ് ഉപതെരഞ്ഞെടുപ്പുകളിലെ അനുകൂല ഫലം മുൻനിർത്തി ആത്മവിശ്വാസം പുലർത്തി എന്നതും തിരിച്ചടിയായി.
ജീവനക്കാരുടെ ആനുകൂല്യങ്ങൾ കുടിശ്ശികയായതും കെ.എസ്.ആർ.ടി.സിയിലെ ശമ്പളമുടക്കവുമടക്കം സർവിസ് മേഖലയിൽ കടുത്ത അതൃപ്തി സൃഷ്ടിച്ചിരുന്നു. ഡി.എ കുടിശ്ശികയും ശമ്പള പരിഷ്കരണ കുടിശ്ശികയുമടക്കം വലിയതുകയാണ് ജീവനക്കാർക്ക് നൽകാനുള്ളത്. പങ്കാളിത്ത പെൻഷൻ കാര്യത്തിലും ഇനിയും അനുകൂല നിലപാടെടുത്തിട്ടില്ല. ഇത് സംബന്ധിച്ച ചർച്ചകൾക്ക് പോലും സന്നദ്ധമാകാത്ത സർക്കാർ നടപടിയും ജീവനക്കാർ മാറിച്ചിന്തിക്കാൻ കാരണമായി. സർക്കാർ ജീവനക്കാരും പെൻഷൻകാരുമടക്കം 10 ലക്ഷം പേരാണ് സംസ്ഥാനത്തുള്ളത്. ഇവരുടെ ആശ്രിതർ കൂടിയാകുമ്പോൾ സ്വാധീനവലയം ഏറ്റവും കുറഞ്ഞത് 40 ലക്ഷത്തോളംവരും.
മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ, മുന്നണി കൺവീനർ ഇ.പി. ജയരാജൻ ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്റുമായി നടത്തിയ കൂടിക്കാഴ്ച, ആഭ്യന്തര വകുപ്പിന്റെ നടപടികൾ, ഉദ്യോഗാർഥികളുടെ സമരം തുടങ്ങിയ നിരവധി വിഷയങ്ങൾ സർക്കാറിന് തിരിച്ചടിയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം സർക്കാറിന്റെ വിലയിരുത്തലല്ലെന്നാണ് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയത്. എന്നാൽ പരാജയം സമ്മതിച്ചും സർക്കാറിനുള്ള മാർക്കിടലാണെന്നുമുള്ള പരോക്ഷ സൂചനകളുമായി സി.പി.ഐ രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.