പാലക്കാടിന്റെ താപമാപിനി 40 ഡിഗ്രിയിലെത്തിയ പകൽ മറഞ്ഞ സമയം. കോട്ടമൈതാനിയിലെ ഇടതുസ്ഥാനാർഥി എ. വിജയരാഘവന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലെ സ്വാഗത പ്രാസംഗികൻ ആമുഖഭാഷണം തുടരുകയാണ്.
‘‘ഒറ്റക്കായിരിക്കാം; എന്നാൽ ഒറ്റുകൊടുക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന, ഒറ്റക്കായാലും ഒറ്റപ്പെടുത്തില്ലെന്ന് നിരന്തരം ഓർമിപ്പിക്കുന്ന കേരളം ഭരിക്കുന്ന ഇടതു സർക്കാരിന്റെ അമരക്കാരൻ, പാവങ്ങളുടെ പടത്തലവൻ, അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ സമര നായകൻ.... അൽപസമയത്തിനകം എത്തിച്ചേരും’’. ഇനിയും കുറയാത്ത ചൂടിന് ശമനമേകാൻ വിജയരാഘവന്റെ ‘വോട്ടഭ്യർഥന വിശറി’ പലരുടെയും കൈയിൽ കറങ്ങുന്നുണ്ട്.
കുട്ടികളുടെ കൈയിൽ ചുവന്ന ചുറ്റിക അരിവാൾ നക്ഷത്രം പതിച്ച ബലൂണുകൾ... പെട്ടന്ന് ഒരാരവം. കവാടത്തിനരികെ പട്ടുകുടകൾ വിടർന്നു, മേളച്ചെണ്ടക്ക് മേൽ കോൽ പെരുകിത്തുടങ്ങി.‘‘സി.എ.എ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കാൻ ആർജവം കാണിച്ച ഇടതുജനാധിപത്യമുന്നണി സർക്കാരിന്റെ നായകൻ പിണറായി ഇവിടെ എത്തിച്ചേർന്നിരിക്കുന്നു.
എന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു’’-സി.പി.എം നേതാവ് എം.ബി.രാജേഷ് വാക്കുകൾ ചുരുക്കി. പടക്കം പൊട്ടിപ്പടർന്നു. മേളക്കാർക്കും പട്ടുകുടയേന്തിയവർക്കും ഇടയിലൂടെ മൂന്ന് കറുത്ത കാറുകൾ പതിയെ വന്നുനിന്നു. സ്റ്റേജിനോട് ചേർന്ന് ആദ്യംവന്നിറങ്ങിയ കാറിൽ നിന്ന് മുഖ്യമന്ത്രിയിറങ്ങി. ഗൺമാൻമാർ വഴിയൊരുക്കി. പിറകുസീറ്റിലിരുന്ന സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു പിറകെയിറങ്ങി.
കൂടെ തവിട്ടുവരകളുള്ള ബനിയനും പാന്റ്സുമിട്ട പയ്യനും. മൂവരും കൂടി വേദിക്കരികിലേക്ക് നടന്നു. സ്റ്റേജിലേക്കുള്ള ചവിട്ടുപടിയെത്തിയപ്പോൾ ആ കുട്ടി അവിടെ നിന്നു. മുഖ്യമന്ത്രിയുടെ കൊച്ചുമകൻ എട്ടാം ക്ലാസുകാരൻ ഇഷാനായിരുന്നു അത്. പാലക്കാട് ജില്ലയിലെ മുഖ്യമന്ത്രിയുടെ ചടങ്ങുകളിലെല്ലാം സ്റ്റേജിനരികെ നിന്ന് മുത്തച്ഛനെ വീക്ഷിക്കുന്ന ഇഷാനെ കാണാമായിരുന്നു.
‘‘രാഷ്ട്രം അപകടാവസ്ഥയിലാണ്. രാഷ്ട്രത്തെ രക്ഷിക്കണം, തകരുന്ന മൂല്യങ്ങൾ സംരക്ഷിക്കണം ഇതാണ് ഈ തെരഞ്ഞെടുപ്പിൽ നമ്മുടെ മേൽ അർപ്പിതമായ ഉത്തരവാദിത്തം.’’-ഇരുവാക്കുകൾക്കിടെ നിശ്വാസ സമയം നൽകി പതിയെ തന്റെതായ ശൈലിയിൽ പിണറായി വിജയൻ സംസാരം തുടങ്ങി.
ന്യൂനപക്ഷവും കമ്യൂണിസ്റ്റുകളും, ഹിന്ദുത്വശക്തികളുടെ ശത്രുക്കളായ വസ്തുതകൾ പരാമർശിച്ചപ്പോൾ ‘മോദി സർക്കാരിന് എല്ലാ തവണയും ജനങ്ങളെ പറ്റിക്കാൻ പറ്റുമോ’എന്ന് ചോദിച്ച് കണ്ണട ഇടതുകൈകൊണ്ടൊരു തട്ട്. ‘പാലക്കാട്ടെ പ്രശ്നങ്ങൾ കേന്ദ്ര സർക്കാർ പരിഹരിച്ചില്ല. കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ ഒന്നും ചെയ്തില്ല.
ബെൽ വിൽപ്പനയുടെ ഭാഗമായി കോൺഗ്രസിനും ബിജെപിക്കും കോഴ ലഭിച്ചു’’ - ഓരോന്നായി പറഞ്ഞുതീർത്തപ്പോഴേക്കും പഴ്സനൽ സ്റ്റാഫ്, ഗ്ലാസിൽ കുടിവെള്ളം കൊണ്ടുവന്നുവെച്ചു. പ്രസംഗത്തിന് അൽപനിമിഷം ഇടവേള. ഈ സമയം മുത്തച്ഛന്റെ പ്രസംഗം മൊബൈലിൽ പകർത്തുന്നുണ്ടായിരുന്ന ഇഷാനെ തിരിച്ചറിഞ്ഞ ചിലർ സെൽഫി എടുക്കാനെത്തി.
സഹകരണ മേഖലയെ സി.പി.എം കൊള്ളയടിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോടുള്ള മറുപടിയായിരുന്നു പ്രസംഗത്തിന്റെ തുടർഘട്ടം. കോൺഗ്രസിനെ വിമർശിക്കുന്ന സി.പി.എം നടപടിക്കെതിരെയുള്ള രാഹുൽഗാന്ധിയുടെ പ്രസ്താവനക്കും മറുപടിവേറെ പറഞ്ഞു. പിണറായി കത്തിക്കാളുകയാണ്. കണ്ണട ശരിയാക്കിവെച്ച്, മൂക്കിന്റെ വശങ്ങളിൽ തലോടി, ഇടക്ക് ചെവിയിൽ ഞരടി ഭാവം മാറുകയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർലമെന്റിലേക്ക് പറഞ്ഞുവിട്ട 18 എം.പിമാർ നിശബ്ദമായതിനെയും പ്രസംഗത്തിൽ നിശിതമായി വിമർശിച്ചു. കോൺഗ്രസിന് സംഘ്പരിവാർ മനസ്സെന്ന് തുറന്നടിച്ചു. കേരളം അനുഭവിച്ച പ്രതിസന്ധിയിൽ സഹായം നൽകാതിരുന്ന കേന്ദ്രത്തെയും കോൺഗ്രസിനെയും വിമർശിച്ചപ്പോൾ വല്ലാത്ത നിരാശയും വെറുപ്പും കലർന്ന വാക്കുകൾ.
‘‘കരകയറരുത് കേരളം , തകരട്ടെ.. അതായിരുന്നില്ലേ കേന്ദ്രത്തിന്റെ നിലപാട്.ഈ സമയത്ത് കോൺഗ്രസും കേന്ദ്ര ന്യായങ്ങൾ ആവർത്തിക്കുകയായിരുന്നു. ഇതല്ലേ ജനം കണ്ടത്. ഇതിനെതിരെ പ്രതികരിക്കാൻ അവർക്ക് കിട്ടിയ അവസരമാണ് ഈ തെരഞ്ഞെടുപ്പ്.’’...ഇത്തവണ ഇടതുതരംഗമെന്ന് പറഞ്ഞ് സ്ഥാനാർഥി കൂടിയായ പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനെ പരിചയപ്പെടുത്തി 45 മിനിട്ട് നീണ്ട പ്രസംഗം അവസാനിച്ചപ്പോൾ മുദ്രാവാക്യം വിളികളോടെ നീണ്ട കൈയടി.
യോഗം അവസാനിച്ചതായി പ്രഖ്യാപിച്ചതോടെ തിരിച്ച് കാറിലേക്ക്. ഈയിടെ അന്തരിച്ച സി.പി . എം മുൻ സംസ്ഥാന കമ്മിറ്റി അംഗവും കർഷക സംഘം മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കെ വി രാമകൃഷ്ണന്റെ വീട് സന്ദർശനമായിരുന്നു അടുത്ത പരിപാടി. പിൻസീറ്റിൽ ഇ.എൻ.സുരേഷ്ബാബുവിനൊപ്പം ഇഷാനും കാറിലേക്ക്. രണ്ട് കറുത്ത പൊലീസ് കാറുകളുടെ അകമ്പടിയോടെ കോട്ടമൈതാനി വിട്ട് പുറത്തേക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.