പോരാട്ട ഭൂമിയും രക്തസാക്ഷികളുടെ നാടുമാണ് വടകര. കടത്തനാടൻ കളരിയുടെ ‘ലോക്സഭ അങ്കത്തട്ടിൽ’തീപാറും പോരാട്ടം ലക്ഷ്യമിട്ട് കരുത്തരെയാണ് എന്നും എൽ.ഡി.എഫും യു.ഡി.എഫും രംഗത്തിറക്കാറ്. കരുത്തിന്റെ പ്രതീകം കെ. മുരളീധരൻ രണ്ടാമതും യു.ഡി.എഫിനായി പോർക്കളത്തിലിറങ്ങുമെന്നുറപ്പായ ആദ്യഘട്ടത്തിൽതന്നെ കണക്കുതീർത്ത് വിജയിച്ച് ‘ഉണ്ണിയാർച്ചയാകാൻ’ജനപ്രിയ നേതാവ് കെ.കെ. ശൈലജയെ രംഗത്തിറക്കുകയായിരുന്നു എൽ.ഡി.എഫ്. പ്രമുഖരുടെ ഏറ്റുമുട്ടലെന്ന വിശേഷണം വന്നെങ്കിലും പെട്ടെന്നായിരുന്നു അപ്രതീക്ഷിത ട്വിസ്റ്റ്. കെ. മുരളീധരൻ തൃശൂരിലേക്ക് മാറി പകരം ഷാഫി പറമ്പിൽ എത്തുന്നു.
മുരളിയുടെ സഹോദരിയും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായ പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ ചേക്കേറിയതാണ് സ്ഥാനാർഥി മാറ്റത്തിന് വഴിയൊരുക്കിയത്. കോൺഗ്രസിന്റെ അതികായനും സഹോദരി സംഘി പാളയത്തിലെത്തിയതിനെ രൂക്ഷമായി വിമർശിച്ച മുരളിയെ ബി.ജെ.പിക്ക് തിരിച്ചടി നൽകാൻ അവർ ജയസാധ്യത കൽപിക്കുന്ന തൃശൂരിലേക്ക് മാറ്റിയത് ഇരുട്ടി നേരം വെളുക്കുമ്പോഴേക്കാണ്. സ്ഥാനാർഥിയെ മാറ്റിയത് ആദ്യം അമ്പരപ്പായെങ്കിലും ഇത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന തിരിച്ചറിവ് പെട്ടെന്ന് പ്രവർത്തകർക്കുണ്ടായി. കരുത്തനെ പിൻവലിച്ചപ്പോൾ പോരാളിയെ പകരം നൽകിയതിനാൽ പ്രവർത്തകർ നിരാശരായില്ല. ആദ്യം അതൃപ്തി പ്രകടിപ്പിച്ച ഷാഫി, ഗോദയിലിറങ്ങിയതോടെ പോരാട്ടം കനത്തതായി. എൻ.ഡി.എക്ക് ജയസാധ്യതയില്ലെങ്കിലും യുവനേതാവ് സി.ആർ. പ്രഫുൽ കൃഷ്ണന്റെ മത്സരം ജയപരാജയങ്ങളെ സ്വാധീനിച്ചേക്കാം.
കോൺഗ്രസിനേക്കാൾ സി.പി.എമ്മിന് കൂടുതൽ പ്രവർത്തകരും ശക്തമായ സംഘടന സംവിധാനവുമുള്ള മേഖലയാണ് വടകര. മാത്രമല്ല ടി.പി. ചന്ദ്രശേഖരൻ വധത്തോടെ പാർട്ടി കൂടുതൽ പ്രതിരോധത്തിലാവുകയും വെല്ലുവിളി നേരിടുകയും ചെയ്ത പ്രദേശം കൂടിയാണിത്. കെ.പി. ഉണ്ണികൃഷ്ണൻ മൂന്നു പാർട്ടികളിലായി ഏഴുതവണ ജയിച്ചതൊഴിച്ചാൽ പ്രമുഖരടക്കം പലരും ജയിക്കുകയും തോൽക്കുകയും ചെയ്തിട്ടുണ്ടിവിടെ. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് വലിയ വേരോട്ടമുള്ള മണ്ണുമാണിത്. ജയപരാജയങ്ങൾ നിശ്ചയിക്കാനുള്ള വോട്ട് തങ്ങൾക്കുണ്ടെന്നവകാശപ്പെടുന്ന ആർ.ജെ.ഡിക്ക് സീറ്റ് ലഭിക്കാത്തതിന്റെ രോഷം അണികളുടെ മനസ്സിൽനിന്ന് പൂർണമായി ശമിച്ചിട്ടില്ല.
വടകര നിയമസഭ മണ്ഡലത്തിലെ ഒഞ്ചിയം, ഏറാമല, അഴിയൂർ, ചോറോട് പ്രദേശങ്ങളിൽ ആർ.എം.പി.ഐ നിർണായക ശക്തിയാണ്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ അപ്പീലുകൾ പരിഗണിച്ച ഹൈകോടതി ഒമ്പത് പ്രതികൾക്ക് ഇളവില്ലാതെ 20 വർഷം തടവുശിക്ഷ വിധിക്കുകയും വിചാരണ കോടതി വെറുതെവിട്ട സി.പി.എം നേതാക്കളായിരുന്ന കെ.കെ. കൃഷ്ണൻ, ജ്യോതി ബാബു എന്നിവർക്ക് ജീവപര്യന്തം വിധിക്കുകകൂടി ചെയ്തതോടെ വികസനത്തോടൊപ്പം ടി.പി വധവും ചർച്ചയിലുണ്ട്.
ശൈലജയുടെ സ്വീകാര്യതയും വ്യക്തിപ്രഭാവവും മുൻനിർത്തിയുള്ള സി.പി.എം നീക്കത്തിൽ വെല്ലുവിളി ടി.പി ഫാക്ടർ തന്നെയാണ്; തട്ടകത്തിൽ ആർ.എം.പി.ഐക്ക് എം.എൽ.എ അടക്കമുള്ളപ്പോൾ പ്രത്യേകിച്ചും. മണ്ഡലത്തിലെ നാദാപുരം, കുറ്റ്യാടി മേഖലകളിൽ ന്യൂനപക്ഷങ്ങൾക്ക് വലിയ സ്വാധീനമുണ്ട്. തലശ്ശേരി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിലും ന്യൂനപക്ഷ വോട്ടുകൾ ഏറെയാണ്. മണ്ഡലം മൊത്തത്തിൽ പരിഗണിക്കുമ്പോൾ ഈഴവ വോട്ടുകളും നിർണായകമാണ്.
ജനപ്രിയ നേതാവ് എന്നതാണ് ഇക്കുറി വടകരയിലെ എൽ.ഡി.എഫിന്റെ ബലമെങ്കിൽ യുവ പോരാളി എന്നതാണ് യു.ഡി.എഫിന്റെ നേട്ടം. കോവിഡ്, നിപ കാലത്ത് ആരോഗ്യമന്ത്രിയെന്ന നിലയിൽ നടത്തിയ സജീവ ഇടപെടലുകൾ ശൈലജക്ക് വോട്ടാകുമെന്ന് പറയുമ്പോൾ യൂത്ത് കോൺഗ്രസ് അധ്യക്ഷനായകാലത്തെ സമരവീര്യവും നിയമസഭയിലെ പ്രതിപക്ഷ പോരാളി എന്നതും ഷാഫിക്ക് തുണയാകുമെന്നാണ് മറുവാദം. കോൺഗ്രസ് പട്ടികയിലെ ഏക മുസ്ലിം സ്ഥാനാർഥി കൂടിയാണ് ഷാഫി.
വട്ടിയൂർക്കാവ് എം.എൽ.എയായിരിക്കെ 2019ൽ മുൻ കെ.പി.സി.സി പ്രസിഡന്റ് കൂടിയായ കെ. മുരളീധരൻ ആദ്യമായി വടകരയിലേക്ക് മത്സരത്തിന് വരുമ്പോൾ പറഞ്ഞത് ‘പാർട്ടി നിയോഗപ്രകാരം പൊളിറ്റിക്കൽ ഫൈറ്റിനാണ് ഞാൻ പോകുന്നത്’എന്നായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ പ്രമുഖ നേതാവ് പി. ജയരാജനെ 84,663 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കെ.കെ. ശൈലജയെ കളത്തിലിറക്കിയതോടെ മത്സരത്തിന് ‘കരുത്തർ വരട്ടെ’എന്ന ആത്മവിശ്വാസമാർന്ന പ്രതികരണമാണ് യു.ഡി.എഫ് നടത്തിയത്. ആർ.എം.പി.ഐ രൂപംകൊണ്ടതിൽപിന്നെ രണ്ടുതവണ മുല്ലപ്പള്ളി രാമചന്ദ്രനും ഒരുതവണ കെ. മുരളീധരനും ജയിച്ചതോടെ കോൺഗ്രസിന് ജയിക്കാമെന്ന് ആത്മവിശ്വാസമുള്ള മണ്ഡലമായി വടകര മാറി എന്നാണവരുടെ വിശ്വാസം. മാറിയ സാഹചര്യത്തിലെ രാഷ്ട്രീയ വോട്ടുകളും കെ.കെ. ശൈലജയെന്ന മികവാർന്ന സ്ഥാനാർഥിയും ഒത്തുവന്നതിനാൽ വടകര ഇത്തവണ പിടിക്കാനാവുമെന്ന് എൽ.ഡി.എഫും പറയുന്നു.
കോഴിക്കോട്ടെ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി, കണ്ണൂരിലെ കൂത്തുപറമ്പ്, തലശ്ശേരി എന്നീ ഏഴ് നിയമസഭ മണ്ഡലങ്ങൾ ചേർന്നതാണ് വടകര ലോക്സഭ മണ്ഡലം. ഏഴിൽ ആറിടത്തും എൽ.ഡി.എഫും വടകരയിൽ യു.ഡി.എഫ് പിന്തുണയോടെ ആർ.എം.പി.ഐ നേതാവ് കെ.കെ. രമയുമാണ് എം.എൽ.എ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.