എലത്തൂർ: 2008ലെ പുനർനിർണയത്തോടെ പിറവിയെടുത്ത എലത്തൂർ നിയമസഭാ മണ്ഡലം 2011 ലെ ആദ്യ തെരഞ്ഞെടുപ്പോടെ എൽ.ഡി.എഫിനൊപ്പം നിന്ന മണ്ഡലമാണ്. ജില്ലയിൽ സി.പി.എമ്മിന്റെ ശക്തികേന്ദ്രമാണ് എലത്തൂർ മണ്ഡലം. സി.പി.എം ആരെ നിർത്തിയാലും വിജയിപ്പിച്ചെടുക്കാൻ ഒരു പ്രയാസവുമില്ലാത്ത മണ്ഡലം തുടക്കം മുതൽതന്നെ എൻ.സി.പി നേതാവ് എ.കെ. ശശീന്ദ്രന്റെ സ്ഥിരം സീറ്റായത് സി.പി.എമ്മിന്റെ പ്രാദേശിക-സംസ്ഥാന നേതാക്കളുമായുള്ള ചങ്ങാത്തംകൊണ്ടാണ്. ഇടതുപക്ഷ സ്ഥാനാർഥിക്ക് വെല്ലുവിളിയില്ലാത്ത മണ്ഡലമായിട്ടും 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായ എം.കെ. രാഘവന് നൂറിലേറെ വോട്ടിന്റെ ലീഡ് എലത്തൂർ മണ്ഡലം നേടിക്കൊടുത്തത് സി.പി.എം ജില്ല കമ്മിറ്റിയെ പലതവണ ഇരുത്തിച്ചിന്തിപ്പിച്ചിട്ടുണ്ട്.
എ.കെ. ശശീന്ദ്രന്റെ വികസനപ്രവർത്തനങ്ങൾ സ്ഥാനാർഥിത്തുടർച്ചക്ക് കാരണമായിട്ടുണ്ടെങ്കിലും എം.കെ. രാഘവനും മണ്ഡലത്തെ 15 വർഷത്തോളം ചേർത്തുനിർത്തി. നിലവിൽ ആകെയുള്ള 2,09,098 വോട്ടർമാരിൽ ഇരുപതിനായിരത്തോളമുള്ള പുതിയ വോട്ടർമാരുടെ തീരുമാനം തങ്ങൾക്ക് ഗുണം ചെയ്യുമെന്നുതന്നെയാണ് എൽ.ഡി.എഫ് സ്ഥാനാർഥി എളമരം കരീമിന്റെയും യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവന്റെയും പ്രതീക്ഷ. തെരഞ്ഞെടുപ്പിൽ ജയിച്ചുകയറുമെന്ന പ്രതീക്ഷയൊന്നും പങ്കുവെക്കുന്നില്ലെങ്കിലും നിലമെച്ചപ്പെടുത്തുമെന്ന അവകാശവാദമാണ് എൻ.ഡി.എ സ്ഥാനാർഥി എം.ടി. രമേശിനുള്ളത്. മണ്ഡലത്തിലെ ജനങ്ങളുമായുള്ള പരിചയം ഏറെ എം.കെ. രാഘവനുണ്ടെങ്കിലും പാർട്ടിയുടെ കെട്ടുറപ്പിലെയും സംഘാടത്തിലെയും വിശ്വാസമാണ് എളമരം കരീമിന് ആത്മവിശ്വാസം നൽകുന്നത്. എലത്തൂർ മണ്ഡലത്തിലെ കുടിവെള്ള പ്രശ്നവും ആർ.ഒ.ബി ഇല്ലാത്തതിനാൽ എലത്തൂർ റെയിൽവേ ഗേറ്റ് നിരന്തരമായി അടഞ്ഞുകിടക്കുന്നതുമൂലം ജനം അനുഭവിക്കുന്ന ദുരിതവുമെല്ലാം തെരഞ്ഞെടുപ്പ് വിഷയമാണ്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം തിരിച്ചുപിടിച്ച് മാനം നിലനിർത്താൻ എൽ.ഡി.എഫും ഭൂരിപക്ഷത്തിന്റെ വർധന പെരുപ്പിച്ചു നിർത്താൻ യു.ഡി.എഫും ശ്രമിക്കുന്നുണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തോടെ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മണ്ഡലം കൈപ്പിടിയിൽ കൊണ്ടുവരാനാണ് സി.പി.എം നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.