2019ൽ യു.ഡി.എഫ് തരംഗത്തെ അതിജീവിച്ച് എൽ.ഡി.എഫിന്റെ ഏക എം.പിയായി തിളങ്ങിയ എ.എം. ആരിഫ് ഇത്തവണ ആലപ്പുഴ കടക്കാനുള്ള മത്സരത്തിൽ യു.ഡി.എഫിലെ കെ.സി. വേണുഗോപാലിന് മുന്നിൽ വിയർക്കുന്നു. സി.പി.എമ്മിന്റെ സംഘടനാ സംവിധാനം എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ചിട്ടും അവസാന വട്ടത്തിൽ എത്തുമ്പോൾ ആത്മവിശ്വാസം നേടാൻ ആരിഫിന് കഴിഞ്ഞിട്ടില്ല. എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ തുടക്കത്തിൽ പ്രചാരണത്തിൽ മുന്നേറ്റം നടത്തിയെങ്കിലും അവസാനമായപ്പോൾ പ്രവർത്തനം ചില പോക്കറ്റുകളിൽ ഒതുങ്ങി. ചുരുക്കത്തിൽ, ആലപ്പുഴയിലെ പോരിൽ െക.സി എന്ന ദേശീയ നേതാവിന് ചെറിയ മുൻതൂക്കമുണ്ട്.
2019ൽ ആരിഫിന് വിജയം സമ്മാനിച്ചത് കായംകുളം, ചേർത്തല നിയോജക മണ്ഡലങ്ങളാണ്. ഇത്തവണ രണ്ടിടത്തും ഇഞ്ചോടിഞ്ച് പൊരുതുന്ന നിലയാണ്. മറ്റ് അഞ്ച് മണ്ഡലങ്ങളിൽ കെ.സി വേണുഗോപാലിനാണ് മുൻതൂക്കം. പ്രചാരണം തുടങ്ങാൻ താമസിച്ചത് തുടക്കത്തിൽ അദ്ദേഹം പിന്നാക്കം പോകുന്നതിന് ഇടയാക്കിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ കുറവ് പരിഹരിച്ചു. ഗ്രൂപ്പ് പോരില്ലാതെ കോൺഗ്രസുകാർ ഐക്യത്തോടെ പ്രവർത്തിക്കുന്ന അപൂർവ കാഴ്ചയും പ്രകടമായി.
ഇടതുപക്ഷത്ത് സി.പി.എമ്മിൽ പുറമെ എല്ലാം ശാന്തമാണെങ്കിലും അടിത്തട്ടിൽ പാർട്ടി പ്രവർത്തകരുടെ അമർഷം നീങ്ങിയിട്ടില്ല. അഡ്വ. കെ.എം ഷാജഹാൻ സ്വതന്ത്രനായി ഇവിടെ എത്തിയതിനു പിന്നിൽ സി.പി.എമ്മിലെ ചിലരാണെന്ന ധാരണയുണ്ട്. ഭരണവിരുദ്ധ വികാരം എല്ലായിടത്തും പ്രകടമാണ്. അതിനെ അതിജീവിക്കാൻ ജാതി, മത സ്വാധീ
നങ്ങൾക്ക് എൽ.ഡി.എഫ് മുതിർന്നെങ്കിലും അതിൽ വിജയിക്കുന്നത് കാണാനായില്ല. കഴിഞ്ഞ തവണ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആരിഫിന് പരസ്യപിന്തുണ നൽകിയിരുന്നു. ഇത്തവണ അതുണ്ടായില്ല. നായർ, മുസ്ലിം, ക്രൈസ്തവ, പട്ടികജാതി വിഭാഗങ്ങളിൽ ഭൂരിപക്ഷത്തിന്റെ പിന്തുണ വേണുഗോപാലിനാണെന്ന് വ്യക്തമായി. ദേശീയ നേതാവെന്ന പരിവേഷവും അദ്ദേഹത്തിന്റെ മാറ്റ് കൂട്ടുന്നു. എൽ.ഡി.എഫ് പ്രചാരണം ഇടതുപക്ഷ വോട്ടുകൾ ചോരുന്നത് തടയാനേ ഉതകിയുള്ളൂ. പുറമെനിന്ന് വോട്ടുകൾ ആകർഷിക്കാൻ പര്യാപ്തമായതുമില്ല.
ആലപ്പുഴയിൽനിന്ന് വനിത കേന്ദ്രമന്ത്രി എന്ന മുദ്രാവാക്യമുയർത്തിയാണ് ശോഭ സുരേന്ദ്രൻ പ്രചാരണം നയിച്ചത്. ശോഭ ഈഴവ സ്ഥാനാർഥിയാണെന്നും തന്റെ പേരു പറഞ്ഞാൽ അവർക്ക് കൂടുതൽ വോട്ടു ലഭിക്കുമെന്നും വെള്ളാപ്പള്ളി പറയുന്നതാണ് അവസാനം കണ്ടത്. അതിന്റെ മെച്ചവും ചേർത്ത് ശോഭ 20 ശതമാനത്തിലേറെ വോട്ട് നേടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.