പൊന്നാനി മണ്ഡലത്തിൽ പ്രതീക്ഷിച്ച തിരയിളക്കം ദൃശ്യമല്ലെങ്കിലും അടിത്തട്ടിൽ നിശ്ശബ്ദ ഒഴുക്കുണ്ടോയെന്നാണ് ഇരു മുന്നണികളും സസൂക്ഷ്മം നിരീക്ഷിക്കുന്നത്. മുസ്ലിംലീഗ്-സമസ്ത അസ്വാരസ്യം എത്രകണ്ട് വോട്ട് ആയി മറിയും എന്ന ചർച്ചക്ക് കനംവെച്ചിട്ടുണ്ട്. പ്രചാരണത്തിന്റെ അവസാനലാപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും ഒപ്പത്തിനൊപ്പമാണ്. എം.പിയായ അബ്ദുസ്സമദ് സമദാനിക്കെതിരെ മണ്ഡലത്തിൽ വലിയ ഓളമുണ്ടാക്കാൻ, മുൻ ലീഗ് നേതാവ് കെ.എസ്. ഹംസക്ക് സാധിച്ചിട്ടില്ലെങ്കിലും ലീഗ്-സമസ്ത വോട്ടുകളിൽ ഒരു പങ്ക് സി.പി.എം പ്രതീക്ഷിക്കുന്നു.
അന്തരിച്ച മുസ്ലിംലീഗ് നേതാവ് ഹൈദരലി ശിഹാബ് തങ്ങളെ ഇ.ഡി ചോദ്യംചെയ്തതിൽ, പി.കെ. കുഞ്ഞാലിക്കുട്ടിയെ പ്രതിക്കൂട്ടിൽ നിർത്തി ഹംസ നിരന്തരം നടത്തുന്ന പ്രസ്താവനകൾ ലീഗിലും സമസ്തയിലുമുള്ള അസംതൃപ്തരുടെ വോട്ടുകൾ ലക്ഷ്യമിട്ടാണ്. സമൂഹമാധ്യമങ്ങളിലൂടെ തലവേദനയുണ്ടാക്കാൻ ശ്രമിക്കുന്ന സമസ്തയിലെ ലീഗ് വിരുദ്ധരുടെ നീക്കത്തിന് തടയിടാൻ, പാണക്കാട് തങ്ങൾ കുടുംബം മണ്ഡലത്തിൽ കേന്ദ്രീകരിച്ചിട്ടുണ്ട്. സമദാനി, സമസ്തക്ക് അനഭിമതനല്ലെങ്കിലും, സമസ്തയിലെ ലീഗ് വിരുദ്ധർ വോട്ട് മറിച്ചാൽ പരമ്പരാഗത വോട്ടുകളിൽ അഞ്ചു മുതൽ പത്തു ശതമാനം വരെ നഷ്ടപ്പെടാനുള്ള സാധ്യത ലീഗ് നേതൃത്വം മുന്നിൽ കാണുന്നുണ്ട്. എസ്.ഡി.പി.ഐയുടെ പിന്തുണയിലൂടെ, വോട്ടുചോർച്ചയുടെ ആഘാതം മറികടക്കാമെന്നാണ് ലീഗ് കരുതുന്നത്.
2019ൽ 18,124 വോട്ടുകൾ നേടിയ എസ്.ഡി.പി.ഐയും വെൽഫെയർ പാർട്ടിയും യു.ഡി.എഫിനൊപ്പമാണ്. കെ.എസ്. ഹംസക്കുവേണ്ടി സി.പി.എം സംഘടനാശേഷി വിശ്രമമില്ലാതെ പണിയെടുക്കുന്നുണ്ടെങ്കിലും പാർട്ടി ചിഹ്നത്തിലാണ് മത്സരമെന്നതിനാൽ, ഇതര വിഭാഗക്കാർ അത് എത്രത്തോളം സ്വീകരിക്കുമെന്ന് ഉറപ്പില്ല. 2014ലേതുപോലെ, കോൺഗ്രസ് വോട്ടുകളിലെ വൻ ചോർച്ച ഇത്തവണ പ്രതീക്ഷിക്കാനാവില്ല, പ്രത്യേകിച്ച് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനാൽ കോൺഗ്രസ്-ലീഗ് പോരിന് ശമനമുണ്ട്. സമദാനിയുടെ വ്യക്തിപ്രഭാവത്തിൽ ഇതര സമുദായ വോട്ടുകൾകൂടി സമാഹരിക്കാമെന്ന് ലീഗ് നേതൃത്വം കണക്കുകൂട്ടുന്നുണ്ടെങ്കിലും കഴിഞ്ഞ തവണ ഇ.ടി. മുഹമ്മദ് ബഷീർ നേടിയ 1,93,273 വോട്ടിന്റെ ഭൂരിപക്ഷം നിലനിർത്താൻ കഴിയുമെന്ന ആത്മവിശ്വാസം അവർക്കില്ല. 2019ൽ 1.10 ലക്ഷം വോട്ട് നേടിയ എൻ.ഡി.എ, മഹിള മോർച്ച നേതാവ് നിവേദിത സുബ്രഹ്മണ്യനിലൂടെ വോട്ടുയർത്താനുള്ള കഠിന പരിശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.