ഭൂരിപക്ഷത്തിൽ സ്വന്തം റെക്കോഡ് തിരുത്തി ഹൈബിയുടെ വിജയക്കുതിപ്പ്

കൊച്ചി: എറണാകുളത്ത് എൽ.ഡി.എഫ് പ്രതീക്ഷിച്ച അട്ടിമറികളും അപ്രതീക്ഷിത അടിയൊഴുക്കുകളുമൊന്നും സംഭവിച്ചില്ല. ഭൂരിപക്ഷത്തിൽ സ്വന്തം റെക്കോഡ് തന്നെ തിരുത്തി തുടർച്ചയായി രണ്ടാം തവണയും ഹൈബി ഈഡൻ തന്നെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. എൽ.ഡി.എഫിന്‍റെ കെ.ജെ. ഷൈനിനെതിരെ 2,47,245 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയാണ് (വൈകുന്നേരം മൂന്നു മണി വരെയുള്ള കണക്ക്) കഴിഞ്ഞ വർഷത്തെ റെക്കോഡ് തിരുത്തിയിരിക്കുന്നത്. 2019ൽ സി.പി.എമ്മിന്‍റെ പി. രാജീവിനെതിരെ 1,69,153 എന്ന റെക്കോഡ്​ ഭൂരിപക്ഷമായിരുന്നു ഹൈബി നേടിയിരുന്നത്.


യു.ഡി.എഫ്​ സ്വന്തം അക്കൗണ്ടിലേക്ക്​ നേരത്തെ തന്നെ വരവുവെച്ചതാണ് എറണാകുളം ലോക്സഭ മണ്ഡലം. ആ പ്രതീക്ഷകളൊന്നും തെറ്റിയില്ല. രണ്ട്​ തവണ എം.എൽ.എയും അഞ്ച്​ വർഷം എം.പിയുമായി സൃഷ്ടിച്ചെടുത്ത വ്യക്​തിപ്രഭാവവും കാര്യമായ ആരോപണങ്ങൾക്ക്​ ഇടനൽകിയില്ല എന്നതുമായിരുന്നു​ യു.ഡി.എഫ്​ സ്ഥാനാർഥിയും സിറ്റിങ്​ എം.പിയുമായ ഹൈബിയുടെ കൈമുതൽ. മാത്രമല്ല, മണ്ഡലത്തിൽ സുപരിചിതനാണെന്നതും ഹൈബിക്ക് നേട്ടമായി.

15 വർഷമായി ഈ മണ്ഡലം യു.ഡി.എഫിന്‍റെ കൈയിലാണ്. 1952ലെ തിരു-കൊച്ചി കാലം മുതൽ ഇതുവരെ നടന്ന ഭൂരിഭാഗം തെരഞ്ഞെടുപ്പിലും മണ്ഡലം മാറി ചിന്തിച്ചിട്ടില്ല. രണ്ട്​ ഉപതെരഞ്ഞെടുപ്പുകളടക്കം എറണാകുളത്ത്​ ഇതുവരെ ലോക്സഭയിലേക്ക്​ നടന്ന 19 തെരഞ്ഞെടുപ്പുകളിൽ 14 തവണയും വിജയിച്ചതും​ യു.ഡി.എഫ് തന്നെ​. എങ്കിലും, ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർഥി കെ.ജെ. ഷൈൻ അവസാനഘട്ടത്തിൽ വോട്ടർമാർക്കിടയിൽ നേടിയ സ്വാധീനവും ട്വന്‍റി ട്വന്‍റി സ്ഥാനാർഥിയുടെ സാന്നിധ്യവും ഹൈബിയുടെ ഭൂരിപക്ഷത്തിൽ ഇടിവ്​ ഉണ്ടാക്കിയേക്കുമെന്ന ആശങ്ക ഉണ്ടാക്കിയിരുന്നെങ്കിലും എല്ലാം അസ്ഥാനത്താക്കുന്ന വിജയമാണ് ഹൈബി നേടിയിരിക്കുന്നത്. 


ഇത്തവണ പല പരിഗണനകൾക്കുമൊടുവിലാണ്​ ഇടത്​ അധ്യാപക സംഘടന നേതാവും പറവൂർ നഗരസഭ കൗൺസിലറുമായ കെ.ജെ. ഷൈനിനെ സ്ഥാനാർഥിയായി എൽ.ഡി.എഫ്​ നിശ്ചയിച്ചത്​. മണ്ഡലത്തിലെ നിർണായക വോട്ട്​ ബാങ്കുകളിലൊന്നായ ലത്തീൻ സഭയുമായുള്ള അടുത്ത ബന്ധം, വനിത പ്രാതിനിധ്യം തുടങ്ങിയവ പരിഗണിച്ചാണ്​ പ്രതിപക്ഷ നേതാവിന്‍റെ മണ്ഡലത്തിൽനിന്ന്​ കണ്ടെത്തിയ സ്ഥാനാർഥിയെ സി.പി.എം ചിഹ്​നത്തിൽ മത്സരിപ്പിച്ചത്. എന്നാൽ, പുതുമുഖത്തിന്‍റെ പരിമിതികൾ മറികടന്ന്​ അടിത്തട്ടുകളിലടക്കം ചിട്ടയായ പ്രചാരണം നടത്തിയെങ്കിലും വോട്ടർമാരെ ആകർഷിക്കാൻ കെ.ജെ. ഷൈനിക്ക് സാധിച്ചില്ല. 

Tags:    
News Summary - Lok Sabha Elections 2024 Hibi Eden Ernakulam victory analysis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.