കണ്ണൂർ: പോളിങ് ബൂത്തുകളിൽ മാത്രം കണ്ടും കേട്ടും പരിചയമുള്ള കള്ളവോട്ട് ഇത്തവണ വീട്ടിൽ കയറി. മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിക്കാർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാൻ തെരഞ്ഞെടുപ്പ് കമീഷൻ ഏർപ്പെടുത്തിയ സൗകര്യത്തിന്റെ മറപിടിച്ചാണ് കള്ളവോട്ട് വീട്ടിലേക്ക് എത്തിയത്. പോളിങ് ഉദ്യോഗസ്ഥർ വീട്ടിൽ പോളിങ് ബൂത്ത് ഒരുക്കി നടത്തുന്ന സംവിധാനത്തെക്കുറിച്ച് വ്യാപക പരാതികളാണ് ഇതിനകം ഉയർന്നത്. അതിനിടയിലാണ് കണ്ണൂരിൽ രണ്ടിടത്തായി കള്ളവോട്ട് പിടികൂടിയത്.
വീട്ടിലെത്തുന്ന ഉദ്യോഗസ്ഥർ രാഷ്ട്രീയപാർട്ടികളുടെ സ്വന്തക്കാരായി മാറുന്നുവെന്നാണ് നേരത്തേ ഉയർന്ന പരാതി. സ്വന്തം യൂനിയനിൽപെട്ട ഉദ്യോഗസ്ഥരെ പാർട്ടിക്കാർ പാട്ടിലാക്കിയാണ് വോട്ടിങ് എന്നും പരാതിയുയർന്നു. ആർക്കാണ് വോട്ട് ചെയ്യുന്നത് എന്നുവരെ ഉദ്യോഗസ്ഥർ ചോദിച്ചതായി ചിലർ പരാതി ഉന്നയിച്ചിട്ടുണ്ട്. വീട്ടുകാരുടെ രാഷ്ട്രീയം നോക്കി ബൂത്ത് ഏജന്റുമാർക്ക് എല്ലാം വിട്ടുകൊടുക്കുന്നതായ പരാതി വേറെ. കല്യാശ്ശേരിയിൽ 92കാരിയുടെ വോട്ട് ചെയ്യുന്ന സി.പി.എം പ്രാദേശിക നേതാവിന്റെ വിഡിയോ പുറത്തുവന്നപ്പോഴാണ് വീട്ടിലെ വോട്ടിന്റെ രഹസ്യസ്വഭാവം നാട്ടിൽ പാട്ടായത്. രഹസ്യബാലറ്റ് സംവിധാനത്തിന് മറയെല്ലാം സ്ഥാപിച്ചെങ്കിലും ആർക്കുവേണമെങ്കിലും ഇടപെടാവുന്ന തരത്തിലാണ് വോട്ടിങ് രീതി ഏർപ്പെടുത്തിയത്. എല്ലാം കണ്ടും കേട്ടും ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങളും ചിത്രത്തിലുണ്ട്.
പോളിങ് ബൂത്തിൽ ഓപൺ വോട്ടിങ്ങിനെ കുറിച്ച് പരാതി ഉയർന്നുവരാറുണ്ടെങ്കിലും വഴിയിൽ നിൽക്കുന്നവർക്ക് അവിടെ കയറിവരാൻ സാധിക്കാറില്ല. പൊലീസ് സുരക്ഷ വീട്ടിലെ വോട്ടിങ് സംവിധാനത്തിനും ഉണ്ടെങ്കിലും സ്വന്തം അസോസിയേഷനിൽപെട്ടവർ ആണ് ഇവരുമെന്നാണ് യു.ഡി.എഫിന്റെ പരാതി.
കല്യാശ്ശേരിയിലെ കള്ളവോട്ടിൽ സി.പി.എം പ്രതിസ്ഥാനത്തായപ്പോൾ കണ്ണൂർ നിയോജക മണ്ഡലത്തിൽ ആൾമാറാട്ടം നടത്തിയ വോട്ടിൽ കോൺഗ്രസും വെട്ടിലായി. കള്ളവോട്ട് വീട്ടിൽനിന്നായതിനാൽ ഇത്തവണ പോളിങ് ബൂത്ത് ശാന്തമാവുമെന്നാണ് പ്രചരിക്കുന്ന ഫലിതം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.