തിരുവനന്തപുരം: യു.ഡി.എഫ് വേണ്ടെന്ന് പറഞ്ഞതോടെ എസ്.ഡി.പി.ഐ വോട്ട് എങ്ങോട്ടുപോകും...? ഇനിയെന്ത് എന്നത് ആലോചിച്ച് തീരുമാനിക്കുമെന്നാണ് എസ്.ഡി.പി.ഐ പ്രതികരണം. സംസ്ഥാനത്തെ മിക്ക മണ്ഡലത്തിലും 10,000ത്തിലേറെ വോട്ടുള്ള പാർട്ടിയാണ് എസ്.ഡി.പി.ഐ. 2104ൽ ലോക്സഭയിലേക്ക് കേരളത്തിൽ 20 സീറ്റിലും അവർ മത്സരിച്ചിരുന്നു. 2019ൽ 14 സീറ്റിലായിരുന്നു മത്സരം. 2014ൽ നേടിയത്ര വോട്ട് നേടാനായില്ലെങ്കിലും 2019ലും സാന്നിധ്യം അറിയിക്കാൻ പാർട്ടിക്ക് കഴിഞ്ഞു. മിക്ക സീറ്റിലും കടുത്ത മത്സരം നടക്കുന്നതിനാൽ ഇക്കുറി 10,000 വോട്ട് നിസ്സാരമല്ല.
ദേശീയതലത്തിൽ ഫാഷിസ്റ്റ് വിരുദ്ധ മുന്നണിക്ക് നേതൃത്വം നൽകുന്ന പാർട്ടിയെന്ന നിലക്ക് കോൺഗ്രസിനൊപ്പം നിൽക്കുന്നുവെന്നും 20 സീറ്റിലും യു.ഡി.എഫിനെ പിന്തുണക്കുമെന്നും എസ്.ഡി.പി.ഐ പ്രഖ്യാപിച്ചത് ആശ്വാസവാർത്തയായാണ് കോൺഗ്രസ് സ്വാഗതം ചെയ്തത്. കോൺഗ്രസിനുമേൽ വർഗീയ പ്രീണനം ആരോപിച്ച് സി.പി.എം രംഗത്തുവന്നപ്പോഴും എസ്.ഡി.പി.ഐയെ തള്ളിപ്പറയാതെയായിരുന്നു നേതാക്കളുടെ പ്രതികരണം. വിഷയം ഏറ്റെടുത്ത സംഘ്പരിവാർ, വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് തീവ്രവാദി പിന്തുണയെന്ന നിലയ്ക്ക് ദേശീയതലത്തിൽ പ്രചാരണം തുടങ്ങിയതോടെ കോൺഗ്രസ് നേതൃത്വം പതറി.
വയനാട്ടിൽ കഴിഞ്ഞതവണ രാഹുലിന്റെ റാലിയിൽ മുസ്ലിം ലീഗിന്റെ പച്ചക്കൊടി പാറിയത് പാകിസ്താൻ പതാകയെന്ന് പ്രചരിപ്പിച്ചത് അമേത്തിയിലടക്കം കോൺഗ്രസിന് വലിയ തിരിച്ചടിയായിരുന്നു. ‘കേരള സ്റ്റോറി’ സിനിമയും മറ്റും കേരളം തീവ്രവാദികളുടെ കളിത്തട്ടെന്ന പ്രതിച്ഛായ ഉത്തരേന്ത്യയിൽ പരത്തിയ പശ്ചാത്തലവുമുണ്ട്. ഈ സാഹചര്യത്തിലാണ് എസ്.ഡി.പി.ഐ വോട്ട് വേണ്ടെന്ന് കോൺഗ്രസ് നേതൃത്വം വാർത്തസമ്മേളനം വിളിച്ച് വ്യക്തമാക്കിയത്. സംഘ്പരിവാറിന് പുതിയ ആയുധം നൽകാതിരിക്കാൻ ഹൈകമാൻഡ് നിർദേശപ്രകാരമുള്ള കരുതൽ നീക്കം കൈയിൽവന്ന വോട്ട് നഷ്ടപ്പെടുത്തുമോയെന്നതാണ് കെ.പി.സി.സിയുടെ ആശങ്ക.
അപ്പോഴും കോൺഗ്രസ് പ്രതീക്ഷ കൈവിടുന്നില്ല. എസ്.ഡി.പി.ഐയെ പ്രശ്നവത്കരിക്കുന്നതിൽ മുന്നിൽനിന്ന സി.പി.എമ്മിന് വോട്ടു നൽകാൻ കഴിയില്ലെന്നതിനാൽ അവർക്ക് മുന്നിൽ യു.ഡി.എഫ് അല്ലാതെ വഴിയില്ല. എസ്.ഡി.പി.ഐയുടെ അമർഷം പറഞ്ഞൊതുക്കാനുള്ള ആശയവിനിയമനം നടക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.