ഉടുമ്പൻചോല: ഇടുക്കിയുടെ പ്രശ്നം എക്കാലവും ഭൂമി തന്നെയായിരുന്നു. ഉടുമ്പൻചോലയുടെ കാര്യമാകുമ്പോൾ ഭൂമി തന്നെയാണ് പ്രശ്നം. പക്ഷേ, ഇക്കുറി ഭൂമിയെക്കാൾ വലിയ ചർച്ചാവിഷയം വന്യജീവി ശല്യമാണ്. കർഷകസമരങ്ങളുടെ വലിയ ചരിത്രമുള്ള ഉടുമ്പൻചോല മണ്ഡലം കാൽനൂറ്റാണ്ടായി ഇടതുമുന്നണിയുടെ കൈപ്പിടിയിലാണ്.
14 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും സി.പി.ഐയും രണ്ടുതവണ വീതം വിജയിച്ചപ്പോള്‍ കേരള കോണ്‍ഗ്രസ് നാല് തവണയും സി.പി.എം അഞ്ചുതവണയും വിജയിച്ചു.
തോട്ടം തൊഴിലാളികളും തമിഴ് വോട്ടര്‍മാരും ഏറെയുള്ള മണ്ഡലമാണിത്. പട്ടയ പ്രശ്നത്തിന് അരനൂറ്റാണ്ടോളം പഴക്കമുണ്ട്. കൃഷി ഭൂമിക്ക് പട്ടയമെന്ന ആവശ്യത്തോട് അനുകൂലമായേ എല്ലാ രാഷ്ട്രീയ കക്ഷികളും പ്രതികരിച്ചിട്ടുള്ളൂ. ജില്ലയില്‍ തമിഴ് വംശജര്‍ ഏറെയുള്ളതും ഈ മണ്ഡലത്തിലാണ്.
1987ല്‍ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന കേരള കോണ്‍ഗ്രസ് എമ്മിലെ മാത്യു സ്റ്റീഫന്റെ പ്രചാരണാർഥം സാക്ഷാല്‍ എം.ജി.ആര് എത്തിയത് തമിഴ് വോട്ടര്‍മാരുടെ സ്വാധീനം വ്യക്തമാക്കുന്നു.
ഗാഡ്ഗില്‍ കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ കാലം മുതല്‍ ശ്രദ്ധാകേന്ദ്രമായ ഈ മണ്ഡലത്തില്‍ മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇക്കുറി മത്സരം തീപാറും.
2014ല്‍ ഹൈറേഞ്ച് സംരക്ഷണ സമിതി രംഗത്തിറക്കിയ സ്ഥാനാർഥിയായിരുന്നു ജോയ്സ് ജോര്‍ജ്. ഇക്കുറി സ്വതന്ത്ര പര്യവേഷം ഒഴിവാക്കി സി.പി.എം പാർട്ടി ചിഹ്നത്തിലാണ് ജോയ്സ് മത്സരിക്കുന്നത്. കഴിഞ്ഞതവണ യു.ഡി.എഫ് മുന്നണിയിലായിരുന്ന കേരള കോൺഗ്രസ് എം ഇക്കുറി ഇടതുപാളയത്തിലുമാണ്.
പക്ഷേ, 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉടുമ്പൻചോല മണ്ഡലത്തിൽ ഡീൻ കുര്യാക്കോസിന് ജോയ്സ് ജോർജിനെക്കാൾ 12,494 വോട്ട് കൂടുതലുണ്ടായിരുന്നു. ഇടുക്കി മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലും ഭൂരിപക്ഷം നേടിയ ഡീനിന് ഏറ്റവും കുറച്ച് ഭൂരിപക്ഷം കിട്ടിയതും ഉടുമ്പൻചോലയിലാണ്.
എന്നാൽ, 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ റെക്കോഡ് ഭൂരിപക്ഷവുമായി എം.എം. മണി ഇ.എം. ആഗസ്തിയെ തറപറ്റിച്ചത് ഇടതുമുന്നണിക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. എം.എം. മണി 2021ൽ 38,305 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്.
അതേസമയം, 2019ലെ വമ്പൻ ജയം ആവർത്തിക്കുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ ആത്മവിശ്വാസം. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 21,799 വോട്ട് നേടിയ ബി.ഡി.ജെ.എസിന് പക്ഷേ, 2021ൽ 7208 വോട്ടേ നേടാനായുള്ളൂ.
നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം, വണ്ടന്മേട്, ഇരട്ടയാര്‍, ഉടുമ്പന്‍ചോല, രാജാക്കാട്, രാജകുമാരി, സേനാപതി, ശാന്തന്‍പാറ എന്നീ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് ഉടുമ്പഞ്ചോല നിയോജക മണ്ഡലം. ഇതില്‍ വണ്ടന്മേട് ഒഴികെ ഒമ്പത് പഞ്ചായത്തും ഇടതുമുന്നണിയുടെ കൈപ്പിടിയിലാണ്.
1. നെടുങ്കണ്ടം എൽ.ഡി.എഫ്
2. പാമ്പാടുംപാറ എൽ.ഡി.എഫ്
3. കരുണാപുരം എൽ.ഡി.എഫ്
4. വണ്ടന്മേട് യു.ഡി.എഫ്
5. ഇരട്ടയാര്‍ എൽ.ഡി.എഫ്
6. ഉടുമ്പന്‍ചോല എൽ.ഡി.എഫ്
7. രാജാക്കാട് എൽ.ഡി.എഫ്
8. രാജകുമാരി എൽ.ഡി.എഫ്
9. സേനാപതി എൽ.ഡി.എഫ്
10. ശാന്തന്‍പാറ എൽ.ഡി.എഫ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.