ലോക കേരള സഭ: കോടികളുടെ പിരിവ് നോർക്ക റൂട്ട്സിന്‍റെ അറിവോടെ; ന്യായീകരിച്ച് സി.പി.എം

തിരുവനന്തപുരം: അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭ മേഖല സമ്മേളന സംഘാടനത്തിന്‍റെ പേരിലുള്ള കോടികളുടെ പണപ്പിരിവ് നോർക്ക റൂട്ട്സിന്‍റെ അനുമതിയോടെയെന്ന് സൂചന. മുഖ്യമന്ത്രി ഉൾപ്പെടെ വി.ഐ.പികൾക്കൊപ്പം വേദി പങ്കിടാനും അത്താഴവിരുന്നും മുൻനിരയിൽ ഇരിപ്പിടവും ഓഫർ ചെയ്തുള്ള പണപ്പിരിവിനെ ന്യായീകരിച്ച് നോർക്ക റൂട്ട്സ് െറസിഡന്‍റ് വൈസ് ചെയർമാൻ തന്നെ രംഗത്ത് വന്നിരുന്നു.

എന്നാൽ നടപടി അറിയില്ലെന്നായിരുന്നു നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല ആദ്യം പ്രതികരിച്ചത്. ഇതിന് ശേഷമാണ് നോർക്ക റൂട്ട്സ് െറസിഡന്‍റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ തന്നെ നടപടിയെ ന്യായീകരിച്ചത്. വിവാദമായതോടെ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റംഗം എ.കെ. ബാലനും പണപ്പിരിവിനെ ന്യായീകരിച്ച് രംഗത്തെത്തി.

പരിപാടിയുടെ സംഘാടനത്തിനെന്ന പേരിൽ ലക്ഷങ്ങൾ താരിഫ് നിശ്ചയിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, സ്പീക്കർ എ.എൻ. ഷംസീർ, പി. ശ്രീരാമകൃഷ്ണൻ എന്നിവരുടെ ഫോട്ടോ സഹിതം ബ്രോഷർ പ്രസിദ്ധീകരിച്ചത്. പിരിക്കുന്ന ലക്ഷങ്ങളുടെ ഉത്തരവാദിത്തത്തിൽനിന്ന് മാറിനിൽക്കാനാണ് നോർക്ക വകുപ്പും നോർക്ക റൂട്ട്സും ഇത് അമേരിക്കയിലെ സംഘാടകരെ ഏൽപ്പിച്ചതെന്നാണ് വിമർശനം.

നോർക്ക റൂട്ട്സിന്‍റെ ഡയറക്ടർമാരിൽ ഒരാളുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് ന്യൂയോർക്കിൽ നടക്കുന്ന മേഖലാ സമ്മേളനത്തിന് ചുക്കാൻ പിടിക്കുന്നത്. താരിഫ് ബ്രോഷറിൽ പറഞ്ഞ സ്പോൺസർഷിപ്പിന് പുറമെ അതിെനക്കാൾ വലിയ ഡയമണ്ട് സ്പോൺസർഷിപ്പും ലോക കേരള സഭക്ക് ലഭിച്ചിട്ടുണ്ട്. അമേരിക്കൻ മലയാളി വ്യവസായിയും ഫൊക്കാന പ്രസിഡന്‍റുമായ ബാബു സ്റ്റീഫനാണ് രണ്ടര ലക്ഷം ഡോളറിന്‍റെ ചെക്ക് നൽകി (ഏകദേശം രണ്ട് കോടി രൂപ) ഡയമണ്ട് സ്പോൺസറായത്. ഇതിന് പുറമെയാണ് ഒരു ലക്ഷം ഡോളറിന്‍റെ (ഏകദേശം 82 ലക്ഷം രൂപ) ഗോൾഡ് സ്പോൺസർ, അര ലക്ഷം ഡോളറിന്‍റെ (41 ലക്ഷം രൂപ) സിൽവർ സ്പോൺസർ, 25000 ഡോളറിന്‍റെ (20.6 ലക്ഷം രൂപ) ബ്രോൺസ് സ്പോൺസർ എന്നിവക്കായി ബ്രോഷർ പ്രസിദ്ധീകരിച്ചത്. 20,000, 10,000, 5000, 1000 ഡോളർ എന്നിങ്ങനെ സ്പോൺസർഷിപ്പും തേടിയിരുന്നു.

ന്യായീകരിച്ച് സി.പി.എം

തിരുവനന്തപുരം: അമേരിക്കയിൽ നടക്കുന്ന ലോക കേരളസഭ മേഖല സമ്മേളനത്തിന് സ്പോൺസർഷിപ് സ്വീകരിക്കുന്നതിനെ ന്യായീകരിച്ച് സി.പി.എം. പ്രവാസി മലയാളികൾ മനസ്സറിഞ്ഞ് സഹകരിക്കുന്നതിന് എന്തിനാണ് അസൂയയെന്ന് കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ ചോദിച്ചു. ദുബൈയിലും ലണ്ടനിലും മേഖല സമ്മേളനങ്ങൾ നടന്നപ്പോഴും സ്പോൺസർഷിപ്പുണ്ട്. പണം പിരിക്കുന്നത് സ്പോർണസറാണ്. മന്ത്രിയല്ല. എല്ലാം ഓഡിറ്റ് ചെയ്യുമെന്ന് സംഘാടകർ പറഞ്ഞിട്ടുണ്ട്. ഇവിടെയുള്ള പൈസ എടുക്കാനും പറ്റില്ല, സ്പോൺസർഷിപ് വാങ്ങാനും പറ്റില്ലെന്നത് എന്ത് ന്യായമാണ് -എ.കെ. ബാലൻ ചോദിച്ചു.

കേട്ടുകേൾവിയില്ലാത്ത കാര്യമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയുടെ അടുത്തിരിക്കാനും ഒപ്പം ഭക്ഷണം കഴിക്കാനും പണം കൊടുക്കണമെന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്ന് രമേശ് ചെന്നിത്തല. ഷോക്ക് ആർക്ക് അടിപ്പിക്കണമെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും എ.കെ. ബാലന്‍റെ പരാമര്‍ശത്തിന് അദ്ദേഹം മറുപടി നൽകി. വരേണ്യവർഗത്തിന്റെ പ്രതിനിധികളെ കൂട്ടി നടത്തുന്ന സമ്മേളനങ്ങൾ കൊണ്ട് ഒരു ഗുണവും സാധാരണ പ്രവാസികൾക്ക് ഉണ്ടാകുന്നില്ല. ധൂർത്തും വരേണ്യവർഗത്തിനുവേണ്ടിയുള്ള ഏർപ്പാടാണെന്നും മനസ്സിലായതു മുതലാണ് ലോക കേരളസഭ രണ്ടു വർഷമായി യു.ഡി.എഫ് ബഹിഷ്കരിക്കുന്നത്. -ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - Loka Kerala Sabha fund Collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.