തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടുംപോലെ നിയമപരമായ അപാകതകളില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സർക്കാർ വിശദീകരണം നൽകി. ഭേദഗതിക്കെതിരെ പ്രതിപക്ഷം രേഖാമൂലം നൽകിയ പരാതികളിന്മേൽ ഗവർണർ സർക്കാറിനോട് കഴിഞ്ഞയാഴ്ച വിശദീകരണം തേടിയിരുന്നു. ഇതിനുള്ള മറുപടി ചൊവ്വാഴ്ച മുദ്രവെച്ച കവറിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് രാജ്ഭവനിൽ എത്തിച്ചു. ലക്ഷദ്വീപിൽനിന്ന് കൊച്ചി വഴി ചൊവ്വാഴ്ച സന്ധ്യയോടെ രാജ്ഭവനിൽ മടങ്ങിയെത്തിയ ഗവർണർ സർക്കാറിന്റെ വിശദീകരണം പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കും. ഔദ്യോഗികമായി നിയമോപദേശം തേടാൻ അദ്ദേഹം തീരുമാനിച്ചാൽ നിയമഭേദഗതിയുടെ കാര്യത്തിലെ തീരുമാനം വീണ്ടും വൈകും.
ലോകായുക്ത ബിൽ നിയമസഭയിൽ അവതരിപ്പിക്കുംമുമ്പ് രാഷ്ട്രപതിയുടെ അംഗീകാരം വാങ്ങിയിട്ടുള്ളതിനാൽ നിയമഭേദഗതിക്കും അത് വേണമെന്നാണ് പ്രതിപക്ഷവാദം. 2017ൽ ഇതേ നിയമത്തിൽ പൊതുപ്രവർത്തകരുടെ സ്വത്തുവിവരം വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഭേദഗതി വരുത്തിയപ്പോൾ രാഷ്ട്രപതിയുടെ മുൻകൂർ അനുമതി തേടിയിരുന്നില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നിയമനാധികാരി ഗവർണറായിരിക്കെ, സ്റ്റാറ്റ്യൂട്ടറി സ്ഥാപനമായ ലോകായുക്തക്ക് അമിതമായ അധികാരം നൽകുന്നത് ഭരണഘടനയുടെ അന്തസ്സത്തക്ക് നിരക്കുന്നതല്ലെന്ന നിയമോപദേശം അഡ്വക്കറ്റ് ജനറലിൽനിന്ന് ലഭിച്ചതിനാലാണ് നിയമഭേദഗതിയെന്നും ഗവർണർക്ക് നൽകിയ കത്തിൽ വിശദീകരിക്കുന്നു. ലോകായുക്ത അന്വേഷണ ഏജൻസി മാത്രമാണ്. ഈ ഏജൻസി കണ്ടെത്തുന്ന കാര്യത്തിൽ അപ്പീലിനുള്ള അധികാരം പോലുമില്ലാത്തത് ജനാധിപത്യസ്വഭാവം ഇല്ലാതാക്കും. സ്വാഭാവിക നീതിയുടെ ലംഘനവും ചൂണ്ടിക്കാണിക്കപ്പെട്ടു. നിയമഭേദഗതി കേന്ദ്രസർക്കാർ അംഗീകരിച്ച ലോക്പാൽ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണോയെന്നത് രാഷ്ട്രപതി പരിശോധിക്കേണ്ടതില്ല. നിയമപരമായ പരിശോധന ഇവിടെ തന്നെയാകാമെന്ന് റൂൾസ് ഓഫ് ബിസിനസിൽ വ്യക്തമാക്കുന്നുണ്ട്. ലോകായുക്ത നിയമം സംസ്ഥാന നിയമവും അതിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിഷയം കൺകറന്റ് സ്വഭാവത്തിലുള്ളതുമാണ്. ലോകായുക്ത എന്നത് ഭരണഘടനാസ്ഥാപനമല്ല, മറിച്ച് അർധ ജുഡീഷ്യൽ സ്ഥാപനം മാത്രമാണെന്നും വിശദീകരണത്തിൽ സർക്കാർ ചൂണ്ടിക്കാട്ടിയതായി അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.