വടകര: ഇടതുമുന്നണി പ്രവേശനം ലഭിച്ചെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതിൽ ലോക് താന്ത്രിക് ജനതാദൾ പ്രവര്‍ത്തകരിൽ അമര്‍ഷം. നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ശനിയാഴ്ച കോഴിക്കോട്ട് നടന്ന ജില്ല കമ്മിറ്റിയില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നു. പ്രവര്‍ത്തകരുടെ വികാരം സംസ്ഥാന നേതൃത്വത്തെ അറിയി ക്കാനാണ് തീരുമാനം. പാര്‍ട്ടി ശക്തികേന്ദ്രമായ വടകര, കോഴിക്കോട്, വയനാട് മണ്ഡലങ്ങളിലെ പ്രവര്‍ത്തകരെ കാര്യങ്ങൾ ഏതു രീതിയില്‍ ബോധ്യപ്പെടുത്തുമെന്നറിയാതെ കുഴങ്ങുകയാണ് നേതാക്കള്‍.
പാലക്കാെട്ട തോല്‍വിയും തോല്‍വി പഠിക്കാന്‍ നിയോഗിച്ച കമീഷെൻറ റിപ്പോര്‍ട്ട് പുറത്തുവിടാത്തതിലെ പ്രതിഷേധവുമാണ് യു.ഡി.എഫ് വിടുന്നതിലേക്ക് നയിച്ചതെന്നാണ് നേതാക്കൾ പറയുന്നത്. എന്നാൽ, നേതൃത്വത്തിെല ചിലരുടെ വ്യക്തിതാല്‍പര്യം മാത്രമാണ് ഇതിന് പിന്നിലെന്ന് വിമര്‍ശനമുണ്ട്. ഇടത് മുന്നണിയുടെ ഭാഗമായിട്ടും യു.ഡി.എഫ് ബന്ധം വിടാത്ത നേതാക്കളും പ്രവര്‍ത്തകരും എല്‍.ജെ.ഡിയില്‍ ഏറെയുണ്ട്. പഴയ ദളിലെ ഒരുവിഭാഗം യു.ഡി.എഫില്‍ തന്നെയാണ്. ഇവരാകെട്ട എല്‍.ജെ.ഡി നേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പ്രചാരണം നടത്തുന്നു.
സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ദേശീയ പാര്‍ട്ടി അംഗീകാരത്തിന് പരമാവധി സീറ്റിൽ മത്സരിക്കേണ്ടത് അനിവാര്യമാണ്. ഇക്കാര്യം ഘടകക്ഷി നേതാക്കളെ നേരത്തേതന്നെ ബോധ്യപ്പെടുത്തിയിരുന്നു. ഇതു മനസ്സിലാക്കാന്‍ പ്രവര്‍ത്തകര്‍ തയാറാവാത്തതാണ് വിനയാവുന്നതെന്ന് നേതാക്കള്‍ സ്വകാര്യം പറയുന്നു. ജനതാദള്‍-എസിന് സീറ്റ് ലഭിക്കാത്ത സാഹചര്യവും മറ്റും ചൂണ്ടിക്കാട്ടി പ്രവര്‍ത്തകരെ തണുപ്പിക്കാനാണ് എല്‍.ജെ.ഡി നേതൃത്വത്തിെൻറ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.