തിരുവനന്തപുരം: സർക്കാറിന്‍റെ ദീർഘവീക്ഷണത്തോടെയുള്ള നടപടികൾ സമ്പൂർണ സാമ്പത്തിക തകർച്ചയിൽനിന്ന് കേരളത്തെ രക്ഷിച്ചതായി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2020ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് നിയമസഭയിൽ െവച്ച ശേഷമാണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തമായ തിരിച്ചുവരവാണ് കേരള സമ്പദ്ഘടനയിലുണ്ടാകുന്നത്. ഇതിനെ ശക്തിപ്പെടുത്താനും കോവിഡാനന്തര കേരളത്തനെ് വഴിയൊരുക്കാനുമായിരിക്കും ഈ വർഷത്തെ ബജറ്റ് ഊന്നൽ നൽകുകയെന്ന് മന്ത്രി പറഞ്ഞു.
2016-17 മുതലുള്ള നാല് വർഷത്തെ ശരാശരിയെടുത്താൻ ജി.ഡി.പി വളർച്ച 5.9 ശതമാനമാണ്. എന്നാൽ, അതിന് മുമ്പുള്ള അഞ്ച് വർഷത്തെ ശരാശരി 4.9 ശതമാനമായിരുന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ തന്നെ രാജ്യവും സംസ്ഥാനവും സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴുതി വീണുകൊണ്ടിരിക്കുകയായിരുന്നു. കോവിഡിനു മുമ്പ് തന്നെ രാജ്യത്തെ ജി.ഡി.പി വളർച്ച 6.12ൽനിന്ന് 4.18 ശതമാനമായും കേരളത്തിേന്റത് 6.49 ശതമാനത്തിൽനിന്ന് 3.45 ആയും താഴ്ന്നിരുന്നു.
എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്‍റെ കണക്കുപ്രകാരം സംസ്ഥാന ആഭ്യന്തര വരുമാനം 8.22 ലക്ഷം കോടി രൂപയാണ്. ഇതുപ്രകാരം 1.56 ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടം കേരളത്തിനുണ്ടായി. നടപ്പുവിലയിൽ കണക്കാക്കിയാൽ 2019-20നെ അപേക്ഷിച്ച് 3.8 ശതമാനം സംസ്ഥാന വരുമാനം ചുരുങ്ങുമെന്ന് മന്ത്രി പറഞ്ഞു.
കോവിഡ് ലോക്ഡൗണിൽ നിന്നുള്ള കേരളത്തിന്‍റെ എക്സിറ്റ് സ്ട്രാറ്റജിയാണ് മുഖ്യമന്ത്രിയുടെ നൂറുദിന പരിപാടി. വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പായിത്തുടങ്ങി. സുഭിക്ഷ കേരളം നടപ്പായി. കാർഷികേതര മേഖലയിൽ 50,000 തൊഴിൽ നൽകാനാണ് ലക്ഷ്യമിട്ടതെങ്കിലും അത് ഒരുലക്ഷം കവിഞ്ഞു.
കിഫ്ബി ധനസഹായത്തോടെയുള്ള പശ്ചാത്തല നിക്ഷേപം ഉത്തേജക പാക്കേജായി മാറി. ഈ കാലയളവിൽ കേരളത്തിലെ വിലക്കയറ്റം ദേശീയ ശരാശരിയേക്കാൾ താഴ്ന്നതായിരുന്നു. കോവിഡ് കാലത്ത് ചികിത്സ സൗകര്യങ്ങൾ ഒരുക്കുന്നതിലും മെച്ചപ്പെട്ട ചികിത്സ നൽകുന്നതിലും കേരളം മികച്ച ഇടപെടൽ നടത്തി.
ഇതിന്‍റെ ഫലമായാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ മരണനിരക്കെന്ന നേട്ടം കൈവരിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞത്. 2018ലെയും 2019ലെയും പ്രളയം കേരളത്തിന്‍റെ തകർച്ച കൂടുതൽ രൂക്ഷമാക്കി. കാർഷിക മേഖലയിൽ 6.62 ശതമാനം ഉൽപ്പാദനം കുറഞ്ഞു. ഇതിനിടയിലും 2019-20ൽ പച്ചക്കറി ഉൽപ്പാദനത്തിൽ വർധനയുണ്ടായി. ഗൾഫിൽനിന്നുള്ള തിരിച്ചുവരവും കേരളത്തെ പ്രതികൂലമായി ബാധിച്ചു. ത്രിതീയ മേഖലയിലെ വളർച്ച 7.78ൽനിന്ന് 4.09 ആയി കുറഞ്ഞതിന് കാരണമിതാണെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.