കൂടുതൽ കാലം കേരള നിയമസഭാംഗം: റെക്കോഡ് ഇനി ഉമ്മൻ ചാണ്ടിക്ക് സ്വന്തം

തിരുവനന്തപുരം: ഏറ്റവും കൂടുതൽ കാലം കേരള നിയമസഭാംഗമായതിന്റെ റെക്കോഡ് ഇനി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സ്വന്തം. നിയമസഭ രൂപവത്കരിച്ച തീയതി അടിസ്ഥാനമാക്കിയുള്ള കണക്കു പ്രകാരം അദ്ദേഹം ചൊവ്വാഴ്ച 18,728 ദിവസം അംഗമെന്ന നിലയിൽ പൂർത്തീകരിച്ചു. കെ.എം. മാണിയുടെ റെക്കോഡാണ് ഉമ്മൻ ചാണ്ടി ഭേദിച്ചത്. സത്യപ്രതിജ്ഞ നടന്ന തീയതി അടിസ്ഥാനമാക്കിയാൽ റെക്കോഡ് ഭേദിക്കുന്നത് ഈ മാസം 11നാണ്.

നാലാം കേരള നിയമസഭയിലേക്ക് 1970ൽ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഉമ്മൻ ചാണ്ടി 2021 മേയ് മൂന്നിന് രൂപവത്കൃതമായ 15ാം നിയമസഭയിലും പുതുപ്പള്ളി മണ്ഡലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. 1970 സെപ്റ്റംബർ 17നായിരുന്നു നാലാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്.

തൊട്ടടുത്ത ദിവസം വോട്ടെണ്ണലും നടന്നു. അന്നുവരെ ഇടതുപക്ഷത്തിനൊപ്പം നിന്ന പുതുപ്പള്ളി മണ്ഡലം പിന്നീട് ഇന്നുവരെ ഉമ്മൻ ചാണ്ടിയെയാണ് വിജയിപ്പിച്ചത്. സെപ്റ്റംബർ മധ്യത്തോടെ തെരഞ്ഞെടുപ്പ് ഫലം വന്നെങ്കിലും നാലാം കേരള നിയമസഭ രൂപവത്കരിച്ചത് 1970 ഒക്ടോബർ നാലിനായിരുന്നു.

1970 മുതൽ 2021 വരെ തുടർച്ചയായി 12 തവണ പുതുപ്പള്ളി നിയോജകമണ്ഡലത്തിൽനിന്ന് മാത്രം വിജയിച്ച് ഉമ്മൻ ചാണ്ടി കേരള നിയമസഭയിൽ അംഗമായി. രണ്ടുതവണ മുഖ്യമന്ത്രിയായ അദ്ദേഹം ഒരുതവണ പ്രതിപക്ഷ നേതാവും നാലു തവണ മന്ത്രിയുമായി. 1965 മുതൽ 2016 വരെ തുടർച്ചയായി 13 തവണ പാലാ നിയോജകമണ്ഡലത്തിൽനിന്ന് വിജയിച്ച കെ.എം മാണി 12 നിയമസഭകളിൽ അംഗമായിരുന്നു.

അദ്ദേഹം ആദ്യം വിജയിച്ചത് 1965ൽ ആണെങ്കിലും ആദ്യമായി നിയമസഭാംഗമായത് 1967ൽ ആണ്. 1965 മാർച്ച് 17ന് നിയമസഭ രൂപവത്കരിച്ചെങ്കിലും മന്ത്രിസഭ രൂപവത്കരണത്തിനുള്ള ഭൂരിപക്ഷം ആർക്കും ലഭിക്കാത്തതിനാൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്താതെ 24ന് നിയമസഭ പിരിച്ചുവിട്ടു. ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്നതിന്‍റെ റെക്കോഡ് (8759 ദിവസം) ഇപ്പോഴും കെ.എം. മാണിയുടെ പേരിലാണ്. എം.എൽ.എ ആയിരിക്കെ 2019 ഏപ്രിൽ ഒമ്പതിനാണ് മാണി അന്തരിച്ചത്.

Tags:    
News Summary - long time for Kerala Legislature Member: The record now belongs to Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.