കൊച്ചി: പീഡനക്കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിനെതിരെ വിമാനത്താവളങ്ങളിൽ അടക്കം ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ച് കൊച്ചി സിറ്റി പോലീസ്. പീഡനം നടന്ന കടവന്ത്രയിലെ നക്ഷത്ര ഹോട്ടലിലും വിജയ് ബാബുവിന്റെ ഫ്ലാറ്റിലും പോലീസ് പരിശോധന നടത്തി. ഇയാൾക്കെതിരെ നിർണായക തെളിവുകൾ പോലീസിന് ലഭിച്ചതായാണ് വിവരം.അതേസമയം ഇയാൾക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ഇരയായ യുവതിയുടെ പേര് വെളിപ്പെടുത്തിയതിനാണ് കേസ്.
പരാതിക്ക് പിന്നാലെ ഒളിവിൽ പോയ വിജയ് ബാബു ചൊവ്വാഴ്ച രാത്രി ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇരയുടെ പേര് വെളിപ്പെടുത്തിയത്. ഈ കുറ്റത്തിന് വിജയ് ബാബുവിനെതിരെ തേവര പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യുകയായിരുന്നു. പരാതിക്കാരി തന്നെയാണ് വീണ്ടും പരാതി നൽകിയത്. ഈ മാസം 22നാണ് നടനും നിർമാതാവും ആയ വിജയ് ബാബുവിനെതിരെ കോഴിക്കോട് സ്വദേശിയായ യുവതി പീഡന പരാതി നൽകിയത്.
ഇതോടെ വിജയ് ബാബുവിനെതിരെ ബാലാൽസംഗ കുറ്റമടക്കം രണ്ടു കേസുകളായി. ഒളിവിൽ കഴിയുന്ന പ്രതിക്ക് വേണ്ടി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വിജയ് ബാബു രാജ്യം വിട്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇയാളുടെ പനമ്പിള്ളി നഗറിലെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തി. എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിട്ടുള്ളത്.
അതിനിടെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു പങ്കുവെച്ച വീഡിയോ ഫേസ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായി. കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് വീഡിയോ അപ്രത്യക്ഷമായത്. വിജയ് ബാബു ആണോ ഫേസ്ബുക്ക് ആണോ വീഡിയോ പിൻവലിച്ചത് എന്ന് വ്യക്തമല്ല. ബലാൽസംഗ കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യപേക്ഷ നാളെയാണ് ഹൈകോടതി പരിഗണിക്കുന്നത്.
കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി വിദേശത്തായതിനാൽ തുടർ നടപടികൾ സ്വീകരിക്കാൻ ആയിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.