പത്തനംതിട്ട: കനറാ ബാങ്ക് പത്തനംതിട്ട ശാഖയിൽനിന്ന് 8.13 കോടി തട്ടിയെടുത്ത് മുങ്ങിയ കാഷ്യറും ക്ലർക്കുമായ പ്രതി അറസ്റ്റിൽ. കൊല്ലം പത്തനാപുരം ആവണീശ്വരം കോടിയാട്ട് ജ്യോതിസ് വീട്ടിൽ വിജീഷ് വർഗീസിനെയാണ് (36) അറസ്റ്റ് ചെയ്തത്. മൂന്ന് മാസംമുമ്പ് ഒളിവിൽപോയ ഇയാളെ ബംഗളൂരൂവിൽനിന്നാണ് പിടികൂടിയത്. ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ച മൂഴിയാർ സി.ഐ ഗോപകുമാറിെൻറ നേതൃത്വത്തിലുള്ള നാലംഗ സംഘം ഞായറാഴ്ച വൈകീട്ട് ബംഗളൂരു എച്ച്.എസ്.ആർ ലേഒൗട്ട് ഫ്ലാറ്റിൽനിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഭാര്യയും രണ്ട് കുട്ടികളും ഒപ്പമുണ്ടായിരുന്നു. പത്തനംതിട്ടയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. തട്ടിപ്പിൽ പങ്കില്ലെന്ന പ്രാഥമിക വിലയിരുത്തലിെൻറ അടിസ്ഥാനത്തിൽ ഭാര്യക്കെതിരെ കേസ് എടുത്തിട്ടില്ല. ഭാര്യയും മക്കളും പൊലീസ് നിരീക്ഷണത്തിലാണ്.
നാവിക സേനയിൽ പെറ്റി ഒാഫിസറായിരുന്ന വിജീഷ്, സൈന്യത്തിൽനിന്ന് വിരമിച്ചശേഷം കനറാ ബാങ്കിൽ ജോലിക്ക് കയറുകയായിരുന്നു. പത്തനംതിട്ട ശാഖയിലെ കാഷ്യർ കം ക്ലർക്കായി ജോലി ചെയ്യവെ െഫബ്രുവരിയിലാണ് പണം തട്ടിയെടുത്ത് മുങ്ങിയത്. ഫെബ്രുവരി 14നാണ് കനറാ ബാങ്ക് അസി. മാനേജരുടെ പരാതിയെ തുടർന്ന് വിജീഷിനെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തത്.
2019 ഡിസംബർ മുതൽ 2021 ഫെബ്രുവരി വരെ 191 അക്കൗണ്ടുകളിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. മെച്യുരിറ്റി കാലാവധി കഴിഞ്ഞ സ്ഥിരം നിക്ഷേപങ്ങളും മോട്ടോർ വാഹന അപകട ഇൻഷുറൻസ് തുകകളും ഇയാൾ സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെയും ഭാര്യാപിതാവിെൻറയും പേരിൽ അവർ അറിയാതെ തുടങ്ങിയ അക്കൗണ്ടുകളിലേക്കും മാറ്റിയെന്ന് കണ്ടെത്തി. ഈ പണം പിന്നീട് ഒാൺലൈൻ ചൂതാട്ടത്തിനും ഒാഹരി വിപണിയിൽ നിക്ഷേപിക്കാനും ഉപയോഗിച്ചെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇക്കാര്യം വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്ന് സി.ഐ ബിജീഷ് ലാൽ പറഞ്ഞു.
27നാണ് ബംഗളൂരുവിലെത്തിയത്. ഫെബ്രുവരി 21ന് കൊല്ലത്തുനിന്ന് രക്ഷപ്പെട്ട പ്രതി രണ്ടുതവണ അന്വേഷണസംഘത്തെ കബളിപ്പിച്ച് മുങ്ങി. ഭാര്യയെയും കുട്ടികളെയും കൂട്ടി തെൻറ ടാറ്റാ ഹാരിയർ കാറിൽ എറണാകുളം കടവന്ത്രയിലെത്തി. അവിടെ താമസിച്ചിരുന്ന ഫ്ലാറ്റിന് മുന്നിൽ കാർ ഉപേക്ഷിച്ച് െട്രയിനിൽ ബംഗളൂരുവിലേക്ക് പോവുകയായിരുന്നു.
ഈ കാർ നേരത്തേ പൊലീസ് പിടികൂടിയിരുന്നു. ഉപയോഗിച്ചിരുന്ന മൊബൈൽ സിംകാർഡ് നശിപ്പിച്ച ശേഷം പുതിയത് വാങ്ങിയിട്ടു. ബംഗളൂരുവിൽ വികാസ് കുമാർ എന്ന പേരിൽ ഫ്ലാറ്റ് വാടകക്കെടുത്ത് താമസിക്കുകയായിരുന്നു. ഭാര്യയുടെയും നാട്ടിലുള്ള ബന്ധുക്കളുടെയും ഫോൺ നമ്പറുകൾ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു.
പുതിയ സിമ്മിൽനിന്ന് ബന്ധുക്കളിൽ ഒരാളുടെ നമ്പറിലേക്ക് വിളിച്ചത് മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിൽ പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കുരുക്കാൻ കഴിഞ്ഞത്.
കോവിഡ് പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിച്ചതിനെ തുടർന്ന് പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തിച്ച് ഡിവൈ.എസ്.പി പ്രദീപ് കുമാർ, സി.െഎ ബിജീഷ് ലാൽ തുടങ്ങിയവർ ചോദ്യം ചെയ്തു. വൈകീട്ട് ഒാൺലൈനായി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകി. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിന് കേസ് ഫയൽ ചൊവ്വാഴ്ച കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.