കോട്ടയം: ഒരാഴ്ച പിന്നിട്ട ലോറി സമരം ജനജീവിതത്തെ ബാധിച്ചു തുടങ്ങി. സമരം തുടർന്നാൽ സിവിൽ സപ്ലൈസ് കോർപറേഷെൻറ വിപണി ഇടപെടലും തകിടം മറിയും. സമരം ഒരാഴ്ച പിന്നിട്ടതോടെ കേരളത്തിലേക്കുള്ള അരിയുടെയും പച്ചക്കറിയുടെയും പലവ്യഞ്ജനങ്ങളുടെയും വരവ് ഗണ്യമായി കുറഞ്ഞു. ഇത് പൊതുവിപണിയെയും ബാധിച്ചു തുടങ്ങി. നിലവിൽ സ്റ്റോക് തീർന്ന അവസ്ഥയിലാണെന്ന് കച്ചവടക്കാർ പറയുന്നു. അവശ്യസാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്.
ദിനംപ്രതി 1200-1500 ലോറികൾവരെ അരിയുമായി എത്തിയിരുന്നു. ഇപ്പോൾ ഇത് നാലിലൊന്നായി കുറഞ്ഞു. ആന്ധ്ര, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നാണ് ഏറ്റവും കൂടുതൽ അരിയെത്തുന്നത്. പച്ചക്കറിയും പലവ്യഞ്ജനങ്ങളും എത്തുന്നതും ഇവിടെ നിന്നാണ്. പച്ചക്കറിയുമായി എത്തുന്ന ലോറികളുടെ എണ്ണവും നാലിലൊന്നായി.
സമരം തുടര്‍ന്നാല്‍ ജയ, സുരേഖ, മട്ട എന്നിവക്ക് അടുത്തയാഴ്ചയോടെ പൊതുവിപണിയിൽ വില വ്യത്യാസമുണ്ടാകുമെന്ന സൂചന കച്ചവടക്കാർ നൽകുന്നുണ്ട്. പച്ചമുളക്, സവാള, കിഴങ്ങ്, പയർ, പരിപ്പ്, കടല വർഗങ്ങൾക്ക് ഇപ്പോൾ തന്നെ വില കുതിക്കുകയാണ്. പരിപ്പ്-പയർ ഇനങ്ങൾക്ക് 20-30 ശതമാനമാണ് വർധന. മുളകിന് 80 രൂപയും സവാളക്ക് 40-45 രൂപയുമായി വില ഉയര്‍ന്നു. പഞ്ചസാരക്ക് ചാെക്കാന്നിന് 100-120 രൂപവരെ വർധിച്ചു.
ഡീസല്‍, തേർഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം, ടോള്‍ പിരിവ് എന്നിവയിലെ വര്‍ധനയിൽ പ്രതിഷേധിച്ചാണ് ലോറി സമരം. ഉടമകൾ ഉന്നയിച്ച ആവശ്യങ്ങളിൽ പലതും അംഗീകരിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ചരക്കുലോറികളുടെ വാടക നിരക്ക് ഉയർത്താനുള്ള സാധ്യതകളാണ് ഇപ്പോൾ പരിഗണിക്കുന്നത്. ഇക്കാര്യം ഓള് ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസിനെയും അറിയിച്ചിട്ടുണ്ട്.
സമരത്തിന് മുമ്പ് നൂറുകണക്കിന് ലോറികൾ കേരളത്തിൽ എത്തിയിരുന്നതുകൊണ്ടാണ് ഭക്ഷ്യസാധനങ്ങൾക്ക് നിലവിൽ ക്ഷാമം അനുഭവപ്പെടാത്തത്. സ്റ്റോക് തീർന്നാൽ പഴവിപണിയും നിശ്ചലമാകും. വില വർധനയും ഉണ്ടാകും. അതേസമയം, ലോറി സമരത്തിെൻറ മറവില്‍ സംസ്ഥാനത്ത് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാന്‍ കച്ചവടക്കാർ ശ്രമിക്കുകയാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്്. വിപണിയിൽ സർക്കാർ ഇടപെടൽ സജീവമാണ്. പൂഴ്ത്തിവെപ്പും കൃത്രിമ വിലക്കയറ്റവും തടയാൻ സിവിൽ സപ്ലൈസ് അധികൃതരും രംഗത്തുണ്ട്.
സമരം നീണ്ടാൽ ബസ് സർവിസും നിർത്തുമെന്ന് ഉടമകൾ
മഞ്ചേരി: ലോറിസമരം നീണ്ടാൽ അനുഭാവം പ്രകടിപ്പിച്ച് സ്വകാര്യബസുകളും സർവിസ് നിർത്തിവെക്കുമെന്ന് ഉടമകൾ. കേരള പ്രൈവറ്റ് ബസ് ഒാപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ഉടൻ യോഗം ചേർന്ന് തീരുമാനമെടുക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് എം.ബി. സത്യൻ, സംസ്ഥാന ട്രഷറർ ഹംസ ഏരിക്കുന്നൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
2016 ഫെബ്രുവരിയിൽ ഡീസൽ വില 48 ആയിരുന്നത് ഇപ്പോൾ 70 കടന്നു. ഇൻഷുറൻസ് പ്രീമിയം 50 ശതമാനവും കൂടി. ഇന്ധനവില നികുതി കുറക്കാൻ സംസ്ഥാന സർക്കാർ തയാറാവണം. 15 വർഷം കഴിഞ്ഞാൽ വാഹനങ്ങൾ നിരത്ത് വിടണമെന്ന തീരുമാനം നടപ്പാക്കാൻ സ്വകാര്യ ബസുകൾക്ക് സമയം നീട്ടി നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
സമരം അവസാനിപ്പിക്കണം –വ്യാപാരി വ്യവസായി ഏകോപന സമിതി
ആലപ്പുഴ: കേരളത്തിലെ വ്യാപാര-വ്യവസായ മേഖലകളെ സ്തംഭനാവസ്ഥയിലാക്കുന്ന ലോറി സമരം അടിയന്തരമായി അവസാനിപ്പിക്കാനുള്ള നടപടി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ആവശ്യപ്പെട്ടു.
ലോറി സമരം തുടർന്നാൽ കോടിക്കണക്കിന് രൂപയുടെ നഷ്ടം വ്യാപാര-വ്യവസായ മേഖലയിൽ ഉണ്ടാവും. അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവിനും വിലക്കയറ്റത്തിനും കാരണമാവും. അശാസ്ത്രീയമായി നടപ്പാക്കിയ നോട്ട് നിരോധനവും ജി.എസ്.ടിയും മൂലമുണ്ടായ വ്യാപാരമാന്ദ്യം കാരണം കടക്കെണിയിലായ കേരളത്തിലെ വ്യാപാരമേഖലക്ക് വലിയ പ്രതീക്ഷകളുമായി എത്തുന്ന ഓണവിപണിയെയും സമരം സാരമായി ബാധിക്കും.
അതിനാൽ സമരം അടിയന്തരമായി അവസാനിപ്പിക്കാനുള്ള നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.