മാനന്തവാടി: പ്രണയ വിവാഹം ചെയ്തതിനെ തുടർന്ന് യുവദമ്പതികള്‍ സമുദായ ഭ്രഷ്ട് നേരിടേണ്ടി വന്ന സംഭവത്തിൽ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു. അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വയനാട് ജില്ല കലക്ടറോടും ജില്ല പൊലീസ് മേധാവിയോടും സാമൂഹിക നീതി ഓഫിസറോടും അടിയന്തര അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വയനാട്ടിലെ അടുത്ത ക്യാമ്പ് സിറ്റിങ്ങില്‍ സംഭവത്തിെൻറ റിപ്പോര്‍ട്ടുള്‍പ്പെടെ വിശദവിവരങ്ങള്‍ സമര്‍പ്പിക്കാനും കമീഷൻ നിർദേശിച്ചു.
മാനന്തവാടി എരുമത്തെരുവ് സ്വദേശികളായ അരുണ്‍ പ്രസാദ് (27), സുകന്യ (23) എന്നിവരെ പ്രണയവിവാഹം കഴിച്ചതിെൻറ പേരില്‍ നാലര വര്‍ഷമായി നിയമവിരുദ്ധ നടപടികളും ഉൗരുവിലക്കും ഏർപ്പെടുത്തി സമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്തിയിരിക്കുകയാണ് എന്ന വാര്‍ത്ത അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണെന്ന് കമീഷൻ നിരീക്ഷിച്ചു. ഇവരോട് ബന്ധപ്പെടുന്നതിന് മാതാപിതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മനുഷ്യത്വരഹിതവും അപലപനീയവുമാണ്. ഉത്തരേന്ത്യയില്‍ മാത്രം കണ്ടുവരുന്ന ഇത്തരം സംഭവങ്ങള്‍ സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിലും ഉണ്ടാകുന്നു എന്നത് ഞെട്ടലുളവാക്കുന്നു. രണ്ടു വയസ്സുകാരിയായ കുട്ടിയെ ദമ്പതികളുടെ മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും അനുഭവിക്കാന്‍പോലും അനുവദിക്കാത്തത് വ്യക്തമായ മനുഷ്യാവകാശ ലംഘനമാണെന്നും എല്ലാ പൗരന്മാര്‍ക്കും സമത്വവും സ്വാതന്ത്ര്യവും ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യയെ പോലൊരു ജനാധിപത്യ രാജ്യത്ത് ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ അനുവദിച്ചുകൂടാ എന്നും മനുഷ്യാവകാശ കമീഷൻറ ഉത്തരവില്‍ പറയുന്നു. ഇരയായപെണ്‍കുട്ടിയെക്കുറിച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പരസ്യമായി അവഹേളിച്ച് പ്രസ്താവന നടത്തിയ യാദവ സമുദായ സമിതി സംസ്ഥാന പ്രസിഡൻറ് അഡ്വ. ടി. മണിക്കെതിരെ സുകന്യയുടെ പരാതി പ്രകാരം മാനന്തവാടി പൊലീസ് കേസെടുത്തു. മണിയെ സി.പി.എം പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
യാദവ നേതാവിനെ സി.പി.എം സസ്‌പെൻഡ് ചെയ്തു മാനന്തവാടി: സമുദായ ഭ്രഷ്ട് വിവാദത്തിൽ യാദവ സമുദായ സേവ സമിതി സംസ്ഥാന പ്രസിഡൻറ് അഡ്വ. ടി. മണിയെ സി.പി.എം അന്വേഷണ വിധേയമായി പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു. സി.പി.എം എരുമത്തെരുവ് ബ്രാഞ്ച് അംഗമായിരുന്നു. പാർട്ടി നയങ്ങൾക്കും പരിപാടികൾക്കും നിരക്കാത്ത പ്രവർത്തനങ്ങൾ നടത്തിയതിനാലാണ് സസ്‌പെൻഡ് ചെയ്തതെന്ന് സി.പി.എം മാനന്തവാടി ഏരിയ സെക്രട്ടറി കെ.എം. വർക്കി വാർത്തകുറിപ്പിൽ അറിയിച്ചു. പ്രണയിച്ച് വിവാഹം ചെയ്തതിെൻറ പേരിൽ മാനന്തവാടി എരുമത്തെരുവിലെ അരുൺ-സുകന്യ ദമ്പതിമാർക്ക് യാദവ സമുദായം ഭ്രഷ്ട കൽപിച്ചതായി ആരോപണമുണ്ടായിരുന്നു. ടി. മണി സ്തീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയതായി ആരോപിച്ച് സുകന്യ നൽകിയ പരാതിയിൽ മാനന്തവാടി പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.