ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, അറബിക്കടലിൽ ചക്രവാതച്ചുഴി; എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്

കോഴിക്കോട്: വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ - പശ്ചിമ ബംഗാൾ തീരത്തിനു മുകളിലായി രൂപപ്പെട്ട ന്യൂനമർദം ശക്തിപ്പെടുന്നു. 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായേക്കുമെന്നാണ് ഇന്ന് രാവിലെ നൽകിയ മുന്നറിയിപ്പ്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ പാത്തി രൂപപ്പെട്ടിട്ടുണ്ട്.

ഇതിനൊപ്പം, മധ്യ കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. മൺസൂൺ പാത്തി സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറിയാണ് നിലകൊള്ളുന്നത്.

ഇതിന്റെ സ്വാധീനത്താൽ, കേരളത്തിൽ ആഗസ്റ്റ് ഏഴ് മുതൽ 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

കേരളത്തിൽ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

07-08-2022: കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

08-08-2022: കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

09-08-2022: കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

10-08-2022: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

11-08-2022: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്


എന്താണ് ചക്രവാതച്ചുഴി

'സെക്ലോണിക് സര്‍കുലേഷന്‍' എന്നതിന്റെ മലയാള വാക്കാണ് ചക്രവാതച്ചുഴി. സൈക്ലോണ്‍ എന്നാല്‍ ചുഴലിക്കാറ്റാണ്. എന്നാല്‍ സൈക്ലോണിക് സര്‍ക്കുലേഷന്‍ അഥവാ ചക്രവാതച്ചുഴിയെ ചുഴലിക്കാറ്റാണ് എന്ന് തെറ്റിദ്ധരിക്കേണ്ട. ഏറ്റവും ലളിതമായി പറഞ്ഞാല്‍ കാറ്റിന്റെ ചുഴി എന്നേ ഇതുകൊണ്ട് അര്‍ഥമാക്കേണ്ടതുള്ളൂ. അന്തരീക്ഷത്തില്‍ കാറ്റ് വിവിധ ദിശയിലാണ് സഞ്ചരിക്കുക. മര്‍ദവ്യതിയാനം മൂലം കാറ്റ് ചക്രംപോലെ കറങ്ങാറുണ്ട്. ഇതാണ് ചക്രവാതച്ചുഴി. ഒരു മര്‍ദം കുറഞ്ഞ പ്രദേശത്ത് കാറ്റ് ചുറ്റും കറങ്ങും. പുഴയില്‍ ചുഴി കണ്ടിട്ടില്ലേ അതുപോലെ.

ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെ ആദ്യ ഘട്ടം ചക്രവാതചുഴി രൂപപ്പെടലാണ്. എന്നാല്‍ എല്ലാ ചക്രവാതച്ചുഴിയും ചുഴലിക്കാറ്റ് പോയിട്ട് ന്യൂനമര്‍ദം പോലും ആകാറില്ല. ചക്രവാതച്ചുഴി ശക്തിപ്പെട്ട് ന്യൂനമര്‍ദം ആകുന്നു, ന്യൂനമര്‍ദം ശക്തിപ്പെട്ട് 'വെല്‍ മാര്‍ക്ഡ് ലോ പ്രഷര്‍' ആകുന്നു, വീണ്ടും ശക്തിപ്പെട്ട് ഡിപ്രഷന്‍ അഥവാ തീവ്രന്യൂനമര്‍ദം ആകുന്നു. വീണ്ടും ശക്തിപ്പെട്ട് ഡീപ് ഡിപ്രഷന്‍ അഥവാ അതിതീവ്ര ന്യൂനമര്‍ദം ആകുന്നു. പിന്നെയും ശക്തിപ്പെട്ടാൽ മാത്രമേ ചുഴലിക്കാറ്റാകൂ. 

Tags:    
News Summary - low pressure area formed in bay of bengal yellow alert in eight districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.