പാചകവാതക വില കുതിച്ചത് ഇങ്ങനെ...

തൃശൂർ: 2020 നവംബർ ഒന്നിന് 608 രൂപയായിരുന്ന പാചകവാതക സിലിണ്ടറിന് 2022 മേയ് 13ലെ വില 1016 രൂപ. അതായത് 18 മാസവും 13 ദിവസവും പിന്നിടുമ്പോൾ 408 രൂപയാണ് കൂടിയത്. രണ്ടാം യു.പി.എ സർക്കാറിന്‍റെ കാലത്തുണ്ടായ പാചകവാതക വിലയുടെ അധികം തുക ഇതുവരെ ബി.ജെ.പി സർക്കാർ കൂട്ടിക്കഴിഞ്ഞു. കഴിഞ്ഞ ഒക്ടോബർ ആറിലെ വർധനയിൽ വിലയെത്തിയത് 914 രൂപയിലാണ്. പിന്നീട് തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ വില ഏറെ ആഴ്ചകളിൽ കൂടാതെനിന്നു. ശേഷം രണ്ടുതവണ വീണ്ടും കൂട്ടി. ഈ വർഷം മാർച്ച് 22ന് 52 രൂപ കൂട്ടിയപ്പോൾ വിലയെത്തിയത് 966ലാണ്. തുടർന്ന് ഈമാസം ഏഴിന് 50 രൂപ കൂട്ടിയതോടെ 1016 രൂപയായി. അതിനിടെ, വാണിജ്യ സിലിണ്ടറുകളുടെ വില കുതിച്ച് 2000 പിന്നിട്ടു.

2020 നവംബർ ഒന്നു മുതൽ മേയ് ഏഴുവരെ 14 തവണയാണ് വില കൂട്ടിയത്. 2020 ഡിസംബറിൽ രണ്ടിന് 50 രൂപ വീണ്ടും കൂട്ടി 658ൽ എത്തിച്ചു. 15ന് വീണ്ടും 50 രൂപ കൂട്ടി 708ലേക്ക് കുതിച്ചു. 2021 പിറന്നതിനുശേഷം ഫെബ്രുവരി നാലിന് 25 രൂപ കൂട്ടി 733 രൂപയായി. 15ന് വീണ്ടും 50 രൂപ കൂട്ടി 783 രൂപയാക്കി ഉയർത്തി.

ഫെബ്രുവരിയിൽ തന്നെ 25ന് 25 രൂപ കൂട്ടി 808 രൂപയായി ഉയർത്തി. മാർച്ച് ഒന്നിന് വീണ്ടും 25 രൂപയാണ് കൂട്ടിയത്. ഇതോടെ വില 833 രൂപയായി. തുടർന്നാണ് ചരിത്രം രേഖപ്പെടുത്തിയ കുറക്കൽ. ജൂൺ ഒന്നിന് 10 രൂപ കുറച്ചതോടെ 823 രൂപയായി. ജൂലൈ ഒന്നിന് വീണ്ടും 25 രൂപ കൂട്ടി വില 848ൽ എത്തിച്ചു. ആഗസ്റ്റ് 17ന് 25 രൂപ വീണ്ടും കൂട്ടി 873 രൂപയായി മാറി. സെപ്റ്റംബർ ഒന്നിന് 26 രൂപ കൂട്ടി 899 രൂപയുമായി. ഒക്ടോബർ ആറിന് 15 രൂപ കൂട്ടി 914ൽ എത്തിനിൽക്കുകയായിരുന്നു. എപ്പോൾ വേണമെങ്കിലും മാറാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.

തീയതി     വില

1.11.20         608

2.12.20         658

15.12.20         708

4.2.21             733

15.2.21          783

25.2.21         808

1.3.21          833

1.6.21          823

1.7.21         848

17.8.21         873

1.9.21         899

6.10.21         914

22.3.22         966

7.5.22         1016

ഓൺലൈൻ കൊള്ള വേറെ

തൃശൂർ: വില വർധിക്കുന്നതിനു മുമ്പേ ഓൺലൈനിൽ ബുക്ക്ചെയ്ത സിലിണ്ടറുകൾക്ക് കൂട്ടിയ വില വാങ്ങി കമ്പനികളും കൊള്ള നടത്തുകയാണ്.

ബുക്ക് ചെയ്ത് രണ്ടോ മൂന്നോ ദിവസത്തിനു പിന്നാലെയാണ് സിലിണ്ടർ വീട്ടിലെത്തുക. എന്നാൽ, ബുക്ക് ചെയ്യുമ്പോൾ ഓൺലൈനിൽ അടച്ച സംഖ്യയാണ് ഈടാക്കേണ്ടതെങ്കിലും കൂട്ടിയ വില കൂടി ഉപഭോക്താവ് നൽകേണ്ട ഗതികേടാണുള്ളത്. വിലവർധന തുടർപ്രക്രിയ ആയതിനാൽ അത് മുന്നിൽ കണ്ടാണ് വീട്ടമ്മമാർ നേരത്തേ ബുക്ക് ചെയ്യുന്നത്. എന്നാൽ, ഇതൊന്നും കാണാതെ തട്ടിപ്പറിക്കുന്ന രീതിയാണ് കമ്പനികൾ ആസൂത്രണം ചെയ്യുന്നത്. ഇതുകൂടാതെ സിലിണ്ടർ വീട്ടിൽ എത്തിച്ചുകൊടുക്കുന്നതിന് ഏജൻസികളും ഉപഭോക്താവിനെ പിഴിയുന്നുണ്ട്. ആദ്യ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ ചാർജ് ഇല്ലെങ്കിലും പലരും ഇത് വാങ്ങുന്നുണ്ട്. അഞ്ചു മുതൽ 10 കിലോമീറ്റർ വരെ 22 രൂപയും 10 മുതൽ 15 വരെ 27ഉം 15 മുതൽ 20 32ഉം 20ന് മുകളിൽ 37 രൂപയും ഈടാക്കുന്നുണ്ട്.

ജനം തീച്ചൂളയിൽ

തൃശൂർ: സർക്കാർ ജനത്തിനൊപ്പമില്ല. പ്രതിപക്ഷവും ജനപക്ഷമല്ല. പ്രശ്നങ്ങളുടെ തീച്ചൂളയിൽ വേവുന്ന ജനം അടുക്കളയിൽനിന്ന് പാചകവാതക സിലിണ്ടർ ഒഴിവാക്കുകയാണ്. അടുപ്പ് വേവുന്ന അടുക്കളകൾ വീണ്ടും വരുകയാണ്. അതേസമയം, മണ്ണെണ്ണ വില കൂടിയതിനാൽ അങ്ങോട്ടും അടുക്കാനാവുന്നില്ല. ഒരുഭാഗത്ത് ജി.എസ്.ടി കൂട്ടി. മറുഭാഗത്ത് എല്ലാറ്റിനും വിലക്കയറ്റം. ഒപ്പം ഇത്തരം സർക്കാർ സ്പോൺസേഡ് തീട്ടൂരങ്ങൾ വേറെ. ജനത്തിന് സിലിണ്ടർ വേണ്ടാത്ത സാഹചര്യംകൂടി ചാകരയാക്കുകയാണ് ഏജൻസികൾ. വിവിധ തലങ്ങളിൽ പ്രതിഷേധമുണ്ടെങ്കിലും അധികാരവർഗം ഇതൊന്നും കണ്ടതായി ഭാവിക്കുന്നില്ല.

വിലവർധനയിൽ വ്യാപക പ്രതിഷേധം

തൃശൂർ: ഇന്ധന-പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് പി.കെ.എസ് ജില്ല കമ്മിറ്റി തൃശൂർ ഏജീസ് ഓഫിസിലേക്ക് മാർച്ചും പ്രതിഷേധാഗ്നിയും സംഘടിപ്പിച്ചു. സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. പി.കെ.എസ് ജില്ല പ്രസിഡന്‍റ് ഡോ. എം.കെ. സുദർശൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.വി. രാജേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.കെ. ശിവരാമൻ, കെ.എ. വിശ്വംഭരൻ, ജോ. സെക്രട്ടറിമാരായ യു.ആർ. പ്രദീപ്, അഡ്വ. കെ.വി. ബാബു, അഡ്വ. പി.കെ. ബിന്ദു, സി. ഗോകുൽദാസ്, എ.എ. ബിജു, പി.എ. ലെജുകുട്ടൻ എന്നിവർ സംസാരിച്ചു.

തൃശൂർ: കെ.എസ്.കെ.ടി.യു വനിത സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിലെ ഏരിയ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ ഓഫിസുകൾക്കു മുന്നിലേക്ക് മാർച്ചും ധർണയും നടത്തി.

കാഞ്ഞാണി പോസ്റ്റ് ഓഫിസിനു മുന്നിൽ നടന്ന പ്രതിഷേധം സംസ്ഥാന പ്രസിഡന്‍റ് എൻ.ആർ. ബാലൻ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം സിജി മോഹൻദാസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി.കെ. വാസു തൃശൂർ ഏജീസ് ഓഫിസിന് മുന്നിലും പ്രസിഡന്‍റ് എം.കെ. പ്രഭാകരൻ കുന്നംകുളം ബി.എസ്.എൻ.എൽ ഓഫിസിനു മുന്നിലും കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗം ലളിത ബാലൻ ചാലക്കുടി പോസ്റ്റ് ഓഫിസിനു മുന്നിലും വനിത സബ് കമ്മിറ്റി ജില്ല കൺവീനർ ബിന്ദു പുരുഷോത്തമൻ പെരിങ്ങോട്ടുകര പോസ്റ്റ് ഓഫിസിന് മുന്നിലും വനിത സബ് കമ്മിറ്റി സംസ്ഥാന കമ്മിറ്റി അംഗം മല്ലിക ചാത്തുകുട്ടി മാള പോസ്റ്റ് ഓഫിസിന് മുന്നിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വർഗീസ് കണ്ടംകുളത്തി വടക്കാഞ്ചേരി പോസ്റ്റ് ഓഫിസിന് മുന്നിലും കെ.കെ. ശ്രീനിവാസൻ ഇരിങ്ങാലക്കുട പോസ്റ്റ് ഒാഫിസിന് മുന്നിലും പി.കെ.എസ് സംസ്ഥാന കമ്മിറ്റി അംഗം പി.കെ. ശിവരാമൻ പുതുക്കാട് പോസ്റ്റ് ഒാഫിസിന് മുന്നിലും ജില്ല ജോ. സെക്രട്ടറിമാരായ കെ.എ. വിശ്വംഭരൻ കൊടുങ്ങല്ലൂർ പോസ്റ്റ് ഒാഫിസിന് മുന്നിലും പി. മോഹൻദാസ് മണ്ണുത്തി പോസ്റ്റ് ഒാഫിസിന് മുന്നിലും കെ.ജെ. ഡിക്സൻ തളിക്കുളം പോസ്റ്റ് ഒാഫിസിന് മുന്നിലും ജില്ല വൈസ് പ്രസിഡന്‍റ് കെ.എം. അഷ്റഫ് കുട്ടനെല്ലൂർ പോസ്റ്റ് ഒാഫിസിന് മുന്നിലും ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ പി.എസ്. വിനയൻ ചെറുതുരുത്തി പോസ്റ്റ് ഒാഫിസിന് മുന്നിലും എ.എച്ച്. അക്ബർ ചാവക്കാട് പോസ്റ്റ് ഒാഫിസിന് മുന്നിലും ജില്ല കമ്മിറ്റി അംഗം കെ. കൃഷ്ണകുമാർ മുണ്ടൂർ പോസ്റ്റ് ഒാഫിസിന് മുന്നിലും ധർണ ഉദ്ഘാടനം ചെയ്തു.

തൃശൂർ: മഹിള കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ഗ്യാസ് കുറ്റി ചുമന്ന് വിലാപ യാത്രയും അന്ത്യോപചാരം അർപ്പിച്ച് റീത്ത് സമർപ്പിക്കുകയും വിവിധ മതാചാര പ്രകാരമുള്ള മരണാനന്തര പ്രാർഥനയും അടുപ്പ് കൂട്ടിയുള്ള പ്രതിഷേധവും ഇതോടനുബന്ധിച്ച് നടന്നു.

ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് ജില്ല പ്രസിഡന്‍റ് ലീലാമ്മ തോമസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി സി.ബി. ഗീത മുഖ്യപ്രഭാഷണം നടത്തി. നിർമല, ജയലക്ഷ്മി, ലാലി ജെയിംസ്, സ്വപ്ന രാമചന്ദ്രൻ, ബിന്ദു കുമാരൻ, റൂബി ഫ്രാൻസിസ്, ഷിഫ സന്തോഷ്, ഹസീന റിയാസ്, സിന്ധു ചാക്കോള, അഡ്വ. വില്ലി ജോതി ആനന്ദ്, ലിജി എന്നിവർ സംസാരിച്ചു.  

Tags:    
News Summary - LPG cylinder price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.