തിരുവനന്തപുരം: കക്ഷിനില തുല്യമായതിനെതുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നറുക്കെടുപ്പിലൂടെ ഭാഗ്യം തുണച്ചവർ നിരവധി. തിരുവനന്തപുരം ജില്ലയിൽ വെമ്പായം, വിളവൂർക്കൽ, അതിയന്നൂർ പഞ്ചായത്തുകളിലും വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലും പ്രസിഡൻറുമാെര കണ്ടെത്തിയത് നറുക്കെടുപ്പിലൂടെ. നാലിടടത്തും ഭാഗ്യം തുണച്ചത് യു.ഡി.എഫിനെ.
കോഴിക്കോട് ജില്ലയിൽ ഉണ്ണികുളം, കായക്കൊടി, അഴിയൂർ പഞ്ചായത്തുകളിൽ നറുക്കെടുപ്പിലൂടെയാണ് സാരഥികളെ തീരുമാനിച്ചത്. ഉണ്ണികുളത്തും അഴിയൂരും യു.ഡി.എഫിനും കായക്കൊടിയിൽ എൽ.ഡി.എഫിനും നറുക്ക് ഭാഗ്യമുണ്ടായി. ഉണ്ണികുളത്ത് എൽ.ഡി.എഫും കായക്കൊടിയിൽ യു.ഡി.എഫും നറുക്കെടുപ്പിലൂടെ വൈസ് പ്രസിഡൻറുമാരായി. ഉണ്ണികുളത്ത് തുടർച്ചയായ രണ്ടാം തവണയാണ് യു.ഡി.എഫിന് നറുക്കെടുപ്പിലൂടെ ഭരണത്തിലേറുന്നത്.
മലപ്പുറം ജില്ലയിലെ പത്ത് പഞ്ചായത്തുകളിലെ അധ്യക്ഷരെ നറുക്കെടുപ്പിലൂടെ തീരുമാനിച്ചപ്പോൾ ആറെണ്ണത്തിൽ ഭാഗ്യം യു.ഡി.എഫിനെയും നാലിൽ എൽ.ഡി.എഫിനെയും തുണച്ചു. ഇടതിനും യു.ഡി.എഫിനും തുല്യവോട്ട് ലഭിച്ച ഏലംകുളം, ചുങ്കത്തറ, വാഴയൂർ, മേലാറ്റൂർ, നന്നംമുക്ക്, തിരുവാലി, വണ്ടൂർ, വെളിയങ്കോട്, കുറുവ, നിറമരുതൂർ പഞ്ചായത്തുകളിലാണ് നറുക്കെടുപ്പ് നടന്നത്. ഇതിൽ ഏലംകുളം, ചുങ്കത്തറ, വാഴയൂർ, വണ്ടൂർ, വെളിയങ്കോട്, കുറുവ പഞ്ചായത്തുകളിൽ യു.ഡി.എഫിനാണ് പ്രസിഡൻറ് സ്ഥാനം. മേലാറ്റൂരിലും നന്നംമുക്കിലും തിരുവാലിയിലും നിറമരുതൂരിലും ഭാഗ്യം എൽ.ഡി.എഫിനൊപ്പം നിന്നു.
ഏലംകുളം, ചുങ്കത്തറ, വണ്ടൂർ, വെളിയങ്കോട് പഞ്ചായത്തുകളിലെ യു.ഡി.എഫിെൻറ വൈസ് പ്രസിഡൻറ് സ്ഥാനാർഥികൾക്കും നറുക്ക് വീണതോടെ ഇവിടങ്ങളിൽ മുന്നണിക്ക് ഭരണം പൂർണമായി ലഭിച്ചു. നന്നംമുക്കിൽ വൈസ് പ്രസിഡൻറ് സ്ഥാനം ഇടതുപക്ഷത്തിന് കിട്ടി. നേതൃപദവി നഷ്ടപ്പെട്ട തിരുവാലിയിലും മേലാറ്റൂരിലും വൈസ് പ്രസിഡൻറ് സ്ഥാനം നറുക്കെടുപ്പിലൂടെ യു.ഡി.എഫ് പിടിച്ചു. എന്നാൽ, വാഴയൂരും കുറുവയും എൽ.ഡി.എഫിനെയും തുണച്ചു.
നിറമരുതൂരിൽ എൽ.ഡി.എഫ് നേടിയത് അട്ടിമറി ജയമാണ്. യു.ഡി.എഫ് അംഗത്തിെൻറ വോട്ട് അസാധുവായതോടെയാണ് ഇവിടെ നറുക്കെടുപ്പ് വേണ്ടി വന്നത്. പ്രസിഡൻറ് സ്ഥാനം എൽ.ഡി.എഫ് നേടിയെങ്കിലും വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പക്ഷം അബദ്ധം ആവർത്തിച്ചില്ല. ഇതോടെ തിരുവാലി, മേലാറ്റൂർ, വാഴയൂർ, കുറുവ, നിറമരുതൂർ എന്നിങ്ങനെ അഞ്ച് പഞ്ചായത്തുകളിൽ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങൾ ഇരുമുന്നണികളും പങ്കിട്ടെടുത്തു.
പാലക്കാട് ജില്ലയിലെ യു.ഡി.എഫും എൽ.ഡി.എഫും തുല്യനിലയിലായിരുന്ന നാല് ഗ്രാമപഞ്ചായത്തുകളിൽ രണ്ടിടത്ത് എൽ.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫും അധികാരം പിടിച്ചു. നറുക്കെടുപ്പ് നടന്ന കുഴൽമന്ദം, നെന്മാറ എന്നിവിടങ്ങളിൽ യു.ഡി.എഫും കൊപ്പം, കപ്പൂർ എന്നിവിടങ്ങളിൽ എൽ.ഡി.എഫുമാണ് വിജയിച്ചത്. കാവശ്ശേരിയിൽ കോൺഗ്രസ് അംഗത്തിെൻറ വോട്ട് അസാധുവായതോടെ സി.പി.എമ്മിന് ഭരണം ലഭിച്ചു. എൽ.ഡി.എഫിന് ഒരംഗത്തിെൻറ ഭൂരിപക്ഷമുണ്ടായിരുന്ന മങ്കരയിൽ സി.പി.എം അംഗത്തിെൻറ വോട്ട് അസാധുവായതോടെ നറുക്കെടുപ്പിൽ കോൺഗ്രസ് പ്രതിനിധി അധ്യക്ഷപദത്തിലേറി.
കണ്ണൂർ ആറളം ഗ്രാമപഞ്ചായത്തിലെ 17 അംഗ ഭരണസമിതിയിൽ ഒമ്പത് സീറ്റുമായി എൽ.ഡി.എഫ് അധികാരം ഉറപ്പിച്ചതായിരുന്നു. എട്ടു സീറ്റാണ് യു.ഡി.എഫിന്. എൽ.ഡി.എഫ് പ്രസിഡൻറ് സ്ഥാനത്തേക്ക് കണ്ടെത്തിയ ബോബിജോൺ പൈനാപ്പള്ളിക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് വാർഡ് അംഗമായി സത്യപ്രതിജ്ഞ ചെയ്യാനോ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനോ കഴിഞ്ഞില്ല.
ഇതോടെ ഇരുവിഭാഗത്തിനും എട്ടുവീതം സീറ്റായി. ഇതോടെ നെറുക്കെടുപ്പ് വേണ്ടിവന്നു. ഭാഗ്യം എൽ.ഡി.എഫിനൊപ്പമായിരുന്നു.
വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിലും ഭാഗ്യം തുണച്ചു. എൽ.ഡി.എഫ് കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ ജെസിമോൾ വാഴപ്പള്ളിലിനും യു.ഡി.എഫിലെ വത്സമ്മ ജോസ് പുത്തൻപുരയ്ക്കലിനും എട്ടുവീതം വോട്ട് ലഭിച്ചു. നറുക്കെടുപ്പിൽ ജെസിമോൾ വൈസ് പ്രസിഡൻറായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.