ലൈഫ് മിഷൻ കോഴ: എം. ശിവശങ്കർ അറസ്റ്റിൽ

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മൂന്നുദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ചൊവ്വാഴ്ച രാത്രി 12 ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആദ്യം വെള്ളിയാഴ്ചയും തുടർന്ന് തിങ്കൾ, ചൊവ്വ ദിവസങ്ങളിലുമാണ് ചോദ്യം ചെയ്യൽ നടന്നത്.

കൊച്ചിയിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിൽ നടന്ന ചോദ്യം ചെയ്യലിനൊടുവിൽ ഡൽഹിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷമാണ് അറസ്റ്റ്. ബുധനാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കും. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ലോക്കറിൽനിന്ന് ലഭിച്ച ഒരു കോടി രൂപയുടെ ഉറവിടം തേടിയുള്ള അന്വേഷണത്തിനൊടുവിലാണ് ശിവശങ്കറിന്‍റെ അറസ്റ്റ്. ഇത് ലൈഫ് മിഷൻ ഇടപാടിൽ ശിവശങ്കറിന് ലഭിച്ച പണമാണെന്നാണ് ഉയർന്ന ആരോപണം. സ്വപ്ന സുരേഷ് അടക്കമുള്ളവരെ ചോദ്യം ചെയ്തപ്പോൾ ഇത് സ്ഥിരീകരിക്കുന്ന മൊഴി ലഭിച്ചതായും സൂചനകളുണ്ടായിരുന്നു. ചോദ്യം ചെയ്യലിൽ ശിവശങ്കർ ഇത് നിഷേധിച്ചെന്നാണ് വിവരം.

എന്നാൽ, തങ്ങളുടെ പക്കൽ ആവശ്യമായ തെളിവുണ്ടെന്ന നിലപാടിലാണ് അറസ്റ്റിലേക്ക് ഇ.ഡി കടന്നത്. യൂനിടാക് ഉടമ സന്തോഷ് ഈപ്പൻ, സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്, സന്ദീപ്, സരിത് എന്നിവരെ ചോദ്യം ചെയ്തിരുന്നു. ഇവരിൽനിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലാണ് ശിവശങ്കറിനെ വിളിച്ചുവരുത്തി നടത്തിയത്. ചോദ്യം ചെയ്യലിൽ കോഴ ഇടപാട് നടന്നെന്ന നിലയിലാണ് സ്വപ്ന സുരേഷ് മൊഴി നൽകിയതെന്ന് വിവരമുണ്ട്. സന്തോഷ് ഈപ്പന് ലൈഫ് മിഷന്‍റെ കരാർ നൽകുന്നതിന് നിയമവിരുദ്ധമായി ഇടപെട്ടെന്നതാണ് ശിവശങ്കറിനെതിരായ ഇ.ഡിയുടെ കണ്ടെത്തൽ. 

Tags:    
News Summary - M. Sivashankar arrested In the Life Mission scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.