കൊച്ചി: സംസ്കൃത സർവകലാശാലയിൽ ബി.എ തോറ്റവർ എം.എക്ക് പഠിക്കുന്നുവെന്ന പരാതി വി.സി ശരിവെച്ചുവെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി. തോറ്റവർക്കായി ചട്ടം മറികടന്ന് പ്രത്യേക പുനഃപരീക്ഷ നടത്തി മുഴുവൻ വിദ്യാർഥികളെയും ജയിപ്പിച്ച് എം.എക്ക് തുടർന്നു പഠിക്കാൻ അനുവദിക്കാനായിരുന്നു നീക്കമെന്ന് കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജർഖാനും ആരോപിച്ചു.
മുൻ വി.സിയുടെ കാലാവധി അവസാനിച്ച ദിവസമാണ് തോറ്റവർക്കായി പ്രത്യേക പരീക്ഷ നടത്താൻ അദ്ദേഹം ഉത്തരവ് നൽകിയത്. അതനുസരിച്ച് കഴിഞ്ഞ ആഴ്ച തന്നെ എം.എ പ്രവേശനം നേടിയ അഞ്ചാം സെമസ്റ്റർ തോറ്റവർക്കുവേണ്ടി പ്രത്യേക പരീക്ഷ സർവകലാശാല നടത്തി.
ഇതുവഴി കുട്ടികളുടെ എണ്ണത്തിലെ കുറവ് പരിഹരിച്ച് അധ്യാപകരെ നിലനിർത്തുകയായിരുന്നു ലക്ഷ്യം. ആക്ഷേപം പുറത്തുവന്നതോടെ ബി.എ പരീക്ഷ ജയിക്കാത്ത നിരവധി വിദ്യാർഥികൾ സ്വയം പിരിഞ്ഞുപോയി. എട്ടുപേരെ പുറത്താക്കിയതായും അവർക്ക് പ്രവേശനം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി കൈക്കൊള്ളുമെന്നും വി.സി അറിയിച്ചു.
2022 മാർച്ചിൽ നടത്തിയ പരീക്ഷകളിൽ വിജയിച്ചവർക്ക് മാത്രമേ ബിരുദാനന്തര കോഴ്സുകൾക്ക് പ്രവേശനം അനുവദിക്കൂവെന്നും വി.സി വ്യക്തമാക്കിയെന്നും കാമ്പയിൻ കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.