കണ്ണൂർ: കൊച്ചിയിൽ ലുലു മാൾ നിർമിക്കാൻ പ്രചോദനം നൽകിയത് കോടിയേരി ബാലകൃഷ്ണനായിരുന്നെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. കോടിയേരിയെ അവസാനമായി കാണാൻ കണ്ണൂരിലെത്തിയ യൂസഫലി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
കോടിയേരിയുടെ മരണത്തിൽ ഏറെ ദുഃഖമുണ്ട്. 15 വർഷം മുമ്പ് ദുബൈയിലെ ലുലുവിന്‍റെ ഷോപ്പിങ് മാളിൽ കോടിയേരി വന്നപ്പോൾ കേരളത്തിലും ഇതേ പോലെ ഒന്ന് നമ്മൾക്ക് വേണം എന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ ലുലു മാൾ നിർമിക്കാനുള്ള പ്രചോദനം നൽകിയത് ഞാൻ ബാലേട്ടൻ എന്ന് വിളിക്കുന്ന കോടിയേരിയാണ് -യൂസഫലി പറഞ്ഞു.
അതേസമയം, കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം ഇപ്പോൾ കണ്ണൂർ സി.പി.എം ജില്ല കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിന് എത്തിച്ചിരിക്കുകയാണ്. പ്രിയ സഖാവിനെ അവസാനമായി കാണാൻ ആയിരങ്ങളാണ് എത്തുന്നത്.
വീട്ടിലെ പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി ജില്ല കമ്മിറ്റി ഓഫിസിലേക്ക് കൊണ്ടുവരികയായിരുന്നു. റോഡിലുടനീളം നൂറുകണക്കിനാളുകൾ മുദ്രാവാക്യം വിളികളുമായി അന്ത്യാഭിവാദ്യമർപ്പിക്കാനായി കാത്തുനിന്നിരുന്നു.
വൈകീട്ട് മൂന്നിന് കണ്ണൂർ പയ്യാമ്പലത്താണ് സംസ്കാരം. പയ്യാമ്പലം കടപ്പുറത്ത് രാഷ്ട്രീയഗുരു ഇ.കെ. നായനാർ, പാർട്ടി മുൻ സെക്രട്ടറി ചടയൻ ഗോവിന്ദൻ എന്നിവരുടെ സ്മൃതികുടീരത്തിന് സമീപത്തായാണ് കോടിയേരിക്ക് ചിതയൊരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.