മലപ്പുറം: മഅ്ദനി ഏതുസമയവും തടവിൽകിടന്ന് മരിക്കാമെന്നും ആ പാവം മനുഷ്യന്റെ ജീവൻവെച്ച് ഭരണകൂടം എന്താണ് ചെയ്യുന്നതെന്നും സുപ്രീംകോടതി റിട്ട. ജസ്റ്റിസ് മാർക്കണ്ഠേയ കഠ്ജു. കോഡൂർ അൽഹുദ എജുക്കേഷനൽ ട്രസ്റ്റ് സംഘടിപ്പിച്ച നാഷനൽ മൈനോറിറ്റി കോൺഫറൻസിന്റെ പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
13 വർഷമായി റിമാൻഡ് തടവുകാരനായി ബംഗളൂരുവിൽ കഴിയുന്ന മഅ്ദനിക്ക് വൃക്കരോഗമടക്കം നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ട്. പ്രമേഹം മൂർച്ഛിച്ച് കാഴ്ചശക്തി ഭാഗിമായി നഷ്ടമായി. മഅ്ദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് താൻ കർണാടക മുഖ്യമന്ത്രിക്ക് കത്തയക്കുകയും നേരിട്ടു വിളിക്കുകയും ചെയ്തിരുന്നു. കത്തിന്റെ പകർപ്പ് കേരള മുഖ്യമന്ത്രിക്കും അയച്ചു.
കർണാടകയിൽ ബി.ജെ.പി മാറി കോൺഗ്രസ് വന്നതിനാൽ മഅ്ദനിയോടുള്ള നിലപാടിൽ മാറ്റം ഉണ്ടാവേണ്ടതാണ്. ഇനിയും തീരുമാനം താമസിപ്പിച്ചാൽ ആ പാവം മനുഷ്യൻ തടവിൽകിടന്ന് മരിക്കും. 2012ൽ താൻ ഉൾപ്പെടുന്ന സുപ്രീംകോടതി ബെഞ്ചിന് മുന്നിൽ മഅ്ദനിയുടെ ജാമ്യപേക്ഷ വന്നിരുന്നു. ഒരു കാൽ നഷ്ടപ്പെട്ട, വീൽചെയറിലായ മഅ്ദനിക്ക് ജാമ്യത്തിന് അർഹതയുണ്ടെന്ന നിലപാടാണ് താൻ കൈകൊണ്ടത്. എന്നാൽ, സഹ ജഡ്ജി ഇതിനുവിരുദ്ധമായ നിലപാട് എടുത്തതിനാലാണ് ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.