മണ്ണാർക്കാട്: അട്ടപ്പാടി മധു കൊലപാതക കേസിൽ സാക്ഷികളിൽ ഒരാൾ കൂടി കൂറ് മാറി. 36ാം സാക്ഷി മുക്കാലി സ്വദേശി ഓട്ടോ ഡ്രൈവറായ അബ്ദുൽ ലത്തീഫാണ് കോടതിയിൽ നേരത്തെ പൊലീസിന് നൽകിയ മൊഴി നിഷേധിച്ചത്. സംഭവദിവസം കേസിലെ ആറാം പ്രതി തന്നെ വിളിച്ചപ്പോൾ മധുവിനെ പിടികൂടിയതായി അറിഞ്ഞെന്നും തുടർന്ന് ഉച്ചയോടെ മുക്കാലി ശ്രീരാഗ് ബേക്കറിക്ക് മുന്നിൽ കൊണ്ടുവന്നപ്പോൾ കണ്ടിരുന്നതായും ലത്തീഫ് മൊഴി നൽകിയിരുന്നു. മധുവിനെ കണ്ടപ്പോൾ കൈകൾ കെട്ടിയിരുന്നതായും സ്ഥലത്തു കേസിലെ പ്രതികൾ ഉണ്ടായിരുന്നുവെന്നും പറഞ്ഞിരുന്നു. വെള്ളിയാഴ്ച നടന്ന വിസ്താരത്തിൽ ഇവയെല്ലാം ലത്തീഫ് നിഷേധിച്ചു. കോടതിയിൽ പ്രദർശിപ്പിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ വിവിധ സമയങ്ങളിലായി കാണുന്നയാൾ താനല്ലെന്നും സംഭവ ദിവസം ആറാം പ്രതി തന്‍റെ ഫോണിലേക്ക് വിളിച്ചിട്ടുണ്ടോ എന്ന് ഓർമയില്ല.
ദൃശ്യങ്ങളിൽ കാണുന്ന സ്ഥലം മുക്കാലിയാണെന്ന് തിരിച്ചറിയാനാകില്ലെന്നും ലത്തീഫ് കോടതിയിൽ പറഞ്ഞു. സംഭവ സമയത്ത് താടിയില്ലാതിരുന്ന ലത്തീഫിന് ഇപ്പോൾ ഉണ്ടെന്നും അതുകൊണ്ട് തന്നെ ദൃശ്യങ്ങളിലെ ആളും ലത്തീഫും ഒരാളാണെന്ന് തെളിയിക്കാൻ പാസ്പോർട്ട് ഉൾപ്പെെടയുള്ള തിരിച്ചറിയൽ രേഖകളിലെ ഫോട്ടോകളും സി.സി.ടി.വി ദൃശ്യങ്ങളും ഫോറൻസിക് പരിശോധനക്ക് വിടണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
പരിശോധനക്ക് എതിർപ്പില്ലെന്ന് അബ്ദുൽ ലത്തീഫ് കോടതിയിൽ പറഞ്ഞു. ഫോറൻസിക് പരിശോധനക്കുള്ള അപേക്ഷ നൽകുമെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ പറഞ്ഞു. വെള്ളിയാഴ്ച മധുവിന്‍റെ അമ്മ മല്ലി, സഹോദരി ചന്ദ്രിക, സഹോദരി ഭർത്താവ് മുരുകൻ എന്നിവരെ വിസ്തരിച്ചില്ല. മല്ലി ഹൈകോടതിയിൽ ഹാജരാകേണ്ടതിനാൽ വിചാരണക്ക് എത്തിയിരുന്നില്ല. അടുത്ത ബന്ധുക്കളായതിനാൽ മൂന്ന് പേരെയും ഒരേ ദിവസം വിസ്തരിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ച് തിങ്കളാഴ്ചത്തേക്ക് മാറ്റി. ശനിയാഴ്ച കേസിലെ 40 മുതൽ 43 വരെയുള്ളവരുടെ വിസ്താരം നടക്കും.
മധു കൊലപാതക കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയിൽ 36 ലക്ഷം പിടിച്ചെടുത്ത സംഭവത്തിൽ ശനിയാഴ്ച വിധി പറയും. മധു കേസിൽ കാഴ്ചക്ക് പരിമിതിയുണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് സാക്ഷിയെ പരിശോധിച്ച ഡോക്ടറോട് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
അതിനിടെ, വിചാരണ നടപടികൾ പൂർണമായും ഓഡിയോ, വിഡിയോ റെക്കോഡിങ് നടത്തണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ ഹരജി ഫയൽ ചെയ്തു. പ്രതിഭാഗം അഭിഭാഷകർ വിചാരണ സമയത്ത് അനാവശ്യ ഇടപെടലുകൾ നടത്തുന്നത് വർധിച്ചുവരികയാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.