പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ട മർദനത്തെതുടർന്ന് കൊല്ലപ്പെട്ട സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ വകുപ്പുതല അന്വേഷണം തുടങ്ങി. നോർത്തേൺ സർക്കിൾ ഫോറസ്റ്റ് ചീഫ് കൺസർവേറ്ററുടെ നിർദേശത്തെതുടർന്ന് വകുപ്പ് വിജിലൻസാണ് അന്വേഷണം നടത്തുന്നത്. തുടർനടപടി സ്വീകരിക്കണമെന്ന വനം മന്ത്രി കെ. രാജുവിെൻറ നിർദേശത്തെതുടർന്നാണ് അന്വേഷണം. വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ട് പാലക്കാട് എസ്.പി പ്രതീഷ് കുമാർ ഡി.എഫ്.ഒക്ക് റിപ്പോർട്ട് നൽകിയിരുന്നു.
മധു താമസിക്കുന്ന ഗുഹ കൊലപാതകികൾക്ക് കാണിച്ചുകൊടുത്തത് വനം വകുപ്പ് ജീവനക്കാരാണെന്ന് ആക്ഷേപമുയർന്നിരുന്നു. ആൾക്കൂട്ടം മധുവിനെ പരസ്യവിചാരണക്ക് വിധേയനാക്കിയ മുക്കാലി കവലയിൽനിന്ന് മീറ്ററുകൾ അപ്പുറത്താണ് സൈലൻറ് വാലി റേഞ്ച് ഫോറസ്റ്റ് ഓഫിസ്. എന്നാൽ, സംഭവത്തിൽ പങ്കില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഞായറാഴ്ചയും ആവർത്തിച്ചു. വനംവകുപ്പ് വാഹനം അക്രമികളെ അനുഗമിച്ചിട്ടില്ല. ആരോപണവിധേയൻ ദിവസവേതനത്തിൽ നിയമിച്ച ഡ്രൈവറാണ്. സംഭവദിവസം ഇയാൾ കോത്തഗിരിയിലായിരുന്നെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.