കോഴിക്കോട്: മാധ്യമം ഹെൽത്ത് കെയർ കോഴിക്കോട് ഇഖ്റ, ഓമശ്ശേരി ശാന്തി ആശുപത്രികളിലെ ഡയാലിസിസ് യൂനിറ്റുകൾക്ക് ഡയാലിസിസ് യന്ത്രങ്ങൾ സമർപ്പിച്ചു. ഇഖ്റ ആശുപത്രിയിൽ നടന്ന പരിപാടി കോഴിക്കോട് ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ് ഉദ്ഘാടനം ചെയ്തു. മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ ഇഖ്റ ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. പി.സി. അൻവറിന് മെഷീൻ കൈമാറി. കലക്ടർ സ്നേഹിൽ കുമാർ സിങ് സ്വിച്ച് ഓൺ ചെയ്തു. നിർധന രോഗികൾക്ക് ചികിത്സ സഹായം ഒരുക്കുന്ന മാധ്യമം ഹെൽത്ത് കെയർ പ്രവർത്തനം മാതൃകാപരമാണെന്ന് കലക്ടർ പറഞ്ഞു. ആതുരസേവന രംഗത്തെ ഇഖ്റ ആശുപത്രിയുടെ സേവനം രാജ്യത്ത് ശ്രദ്ധ പിടിച്ചുപറ്റിയതാണ്. നിലവിലെ സാഹചര്യത്തിൽ പൊതുജനാരോഗ്യ സംരക്ഷണത്തിന് സർക്കാർ സംവിധാനങ്ങൾ മാത്രം പര്യാപ്തമാവില്ല എന്നത് വസ്തുതയാണ്. അതിനാൽ ഈ മേഖലയിൽ സർക്കാർ - സ്വകാര്യ സംരംഭങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് അധ്യക്ഷത വഹിച്ചു. ഇഖ്റ ഹോസ്പിറ്റല്‍ ഗ്രൂപ് ജനറല്‍ മാനേജര്‍ എൻ. മുഹമ്മദ് ജസീല്‍, ജെ.ഡി.ടി ഇസ്ലാം ട്രഷറര്‍ സി.എ. ഹാരിഫ്, മാധ്യമം റീജനല്‍ മാനേജര്‍ ടി.സി. അബ്ദുല്‍ റഷീദ് എന്നിവര്‍ സംബന്ധിച്ചു. ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിനു നൽകുന്ന ഡയാലിസിസ് യന്ത്രത്തിന്റെ സമർപ്പണം ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് നിർവഹിച്ചു. ഇസ്ലാമിക് വെൽഫെയർ ട്രസ്റ്റ് ചെയർമാൻ എം. അബ്ദുല്ലത്തീഫ് ഏറ്റുവാങ്ങി.
എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാധ്യമം ഹെൽത്ത് കെയറിന്റെയും ശാന്തി ആശുപത്രിയുടെയും പ്രവർത്തനങ്ങൾ സ്തുത്യർഹമാണെന്ന് എം.എൽ.എ പറഞ്ഞു. കിഡ്നി രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം യന്ത്രങ്ങൾ നൽകുന്നതുവഴി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കൂടുതൽ രോഗികൾക്ക് ആശ്വാസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമം ഹെൽത്ത് കെയർ റഫർ ചെയ്യുന്ന രോഗികൾക്ക് നിശ്ചിത കാലയളവിൽ പൂർണ സൗജന്യമായും അല്ലാത്ത രോഗികൾക്ക് സൗജന്യ നിരക്കിലും ഡയാലിസിസ് സൗകര്യം ഒരുക്കുന്നതാണ് പദ്ധതി. മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് അധ്യക്ഷത വഹിച്ചു. ശാന്തി ഹോസ്പിറ്റൽ സെക്രട്ടറി ഇ.കെ. മുഹമ്മദ് സ്വാഗതവും മാധ്യമം കോഴിക്കോട് റീജനൽ മാനേജർ ടി.സി. റഷീദ് നന്ദിയും പറഞ്ഞു. ചടങ്ങിൽ മാധ്യമം പബ്ലിക് റിലേഷൻസ് മാനേജർ കെ.ടി. ഷൗക്കത്തലി, ഹെൽത്ത് കെയർ മാനേജർ വി.എസ്. സലീം, ഇസ്ലാമിക് വെൽഫെയർ ട്രസ്റ്റ് അംഗങ്ങളായ എം.കെ. അഹമ്മദ് കുട്ടി, പി. അബ്ദുല്ല, ശാന്തി ഹോസ്പിറ്റൽ ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോ. ഫവാസ്, ശാന്തി ഹോസ്പിറ്റൽ ഡി.ജി.എം അബ്ദുൽഗഫൂർ, മാർക്കറ്റിങ് മാനേജർ ബാസിൽ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.