കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് പരാതിയുമായി ആൾകൂട്ട ആക്രമണത്തിന് വിധേയനായ മാധ്യമപ്രവർത്തകൻ. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ മോഷ്ടാവെന്ന് ആരോപിച്ച് ആൾകൂട്ടം കൈയേറ്റം ചെയ്ത ‘മാധ്യമം’ ദിനപത്രം കോഴിക്കോട് ബ്യൂറോ സീനിയർ റിപ്പോർട്ടർ സി.പി ബിനീഷാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് പരാതി നൽകിയതെന്നും എന്നാൽ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തതെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. പഞ്ചായത്ത് അംഗം വേണുഗോപാലിനെ അറസ്റ്റ് ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. സംഭവം നടക്കുമ്പോൾ സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കുന്നതിന് പകരം വഷളാക്കിയ നരിക്കുനി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ കൂടിയായ വാർഡ് അംഗം വേണുഗോപാലിനെതിരെ പരാതി നൽകുകയും മൊഴി നൽകുകയും ചെയ്തിരുന്നു. പരാതി നൽകിയ ശേഷം ഒരു വിഭാഗം ആളുകൾ ഭീഷണി മുഴക്കുന്നത് തുടരുന്നു. പേടി കൂടാതെ ജീവിക്കാനും മാധ്യമ പ്രവർത്തനമെന്ന ജോലി ചെയ്യാനും കരുതലുണ്ടാകണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
മേയ് 20ന് രാത്രി പത്തിനായിരുന്നു സംഭവം. ജോലി കഴിഞ്ഞ് സ്കൂട്ടറിൽ പൂനൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ഫോണിലേക്ക് വിളി വന്നപ്പോൾ വണ്ടി നിർത്തി കാൾ റദ്ദാക്കി വീണ്ടും യാത്രതുടരുന്നതിനിടെ മോഷ്ടാവെന്ന് പറഞ്ഞ് ചിലർ തടയുകയായിരുന്നു. കാവുംപൊയിൽ സ്വദേശി അതുൽ എന്നയാളാണ് ഭീഷണിയുമായി ആദ്യമെത്തിയത്. മാധ്യമപ്രവർത്തകനാണെന്ന് പറഞ്ഞിട്ടും കൂടുതൽ പേരെ വിളിച്ചുവരുത്തി. 15ഓളം പേർ വടിയുമായെത്തി കൈയേറ്റം ചെയ്യുകയായിരുന്നു. പിന്നീട് പലഭാഗങ്ങളിൽ നിന്നും നൂറോളം പേരെത്തി അപമാനം തുടർന്നു. മാസ്ക് ധരിക്കാത്തവരായിരുന്നു ഇതിൽ ഭൂരിപക്ഷവും. മോഷ്ടാവിനെ പിടിെച്ചന്ന് പറഞ്ഞ് തന്‍റെ ചിത്രങ്ങളും വീഡിയോകളും പകർത്തുകയും ചെയ്തതായി കൊടുവള്ളി പൊലീസിൽ നൽകിയ പരാതിയിൽ ബിനീഷ് പറയുന്നു.
പാരാതിയുടെ പൂർണ രൂപം:
ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ സാറിന് മാധ്യമം ദിനപത്രം കോഴിക്കോട് ബ്യുറോ സീനിയർ റിപ്പോർട്ടർ സി.പി ബിനീഷ് സമർപ്പിക്കുന്ന നിവേദനം.
സാർ,
മെയ് 20ന് രാത്രി പത്ത് മണിക്ക് ഞാൻ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ മോഷ്ടാവെന്ന പേരിൽ ആൾക്കൂട്ട ആക്രമണത്തിനും അപമാനത്തിനും ഇരയായി. കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തിലെ കാവുംപൊയിൽ എന്ന പ്രദേശത്ത് വെച്ചായിരുന്നു ഈ ദുരനുഭവം. ഈ പ്രദേശത്ത് നിന്ന് എട്ട് കിലോമീറ്റർ അടുത്തുള്ള പൂനുരിലെ എെൻറവീട്ടിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെയായിരുന്നു സംഭവം. ഒരു ഫോൺ കാൾ വന്നപ്പോൾ റോഡരികിൽ വണ്ടി നിർത്തി , കാൾ അറ്റൻറ് ചെയ്യാതെ വീണ്ടും വണ്ടി മുന്നോട്ടെടുത്തപ്പോഴായിരുന്നു ഒരാൾ വന്ന് തടഞ്ഞത്. പി.ആർ.ഡി നൽകിയ അക്രഡിറ്റേഷൻ കാർഡും സ്ഥാപനത്തിെൻറ തിരിച്ചറിയൽ രേഖയും കാണിച്ചിട്ടും ആൾക്കൂട്ടം ഭീഷണി തുടരുകയായിരുന്നു. സ്കൂട്ടറിെൻറ താക്കോൽ ഊരി മാറ്റുകയും വണ്ടി കേടാക്കുകയും ചെയ്തിട്ടുണ്ട്. ആദ്യം അതുൽ എന്ന വ്യക്തിയും പിന്നീട് 15 ഓളം പേരും ഒടുവിൽ നൂറിനടുത്ത് ആളുകളും ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ച് ഒത്തുകൂടുകയായിരുന്നു.
എെൻറ ചിത്രങ്ങളും വീഡിയോയും പകർത്തി വാട്സാപ്പിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് കൊടുവള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിെൻറ അടിസ്ഥാനത്തിൽ സംഭവത്തിെൻറ പിറ്റേന്ന് തന്നെ അഞ്ച് പ്രതികളെ പിടിക്കാൻ കഴിഞ്ഞു. എന്നാൽ, ഈ സംഭവം നടക്കുന്നതിനിടെ സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കുന്നതിന് പകരം വഷളാക്കിയ നരിക്കുനിപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ കൂടിയായ വാർഡ് അംഗം വേണുഗോപാലിനെതിരെയും പോലിസിൽ പരാതി നൽകുകയും മൊഴി നൽകുകയും ചെയ്തിരുന്നു. 'രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് വരെ ആർക്കും സഞ്ചരിക്കാൻ പാടില്ലെന്നത് അറിയില്ലേ' എന്നായിരുന്നു അക്രമികളെ ന്യായീകരിച്ച് വേണുഗോപാൽ എന്ന വ്യക്തി പ്രതികരിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട RRT യുടെ പഞ്ചായത്ത് ചെയർമാൻ കൂടിയായ ഇദ്ദേഹം റോഡിൽ തടിച്ചുകൂടിയവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചില്ല. ഞാൻ കൊടുവള്ളി സി.ഐയെ വിവരമറിയിച്ചതിനെ തുടർന്ന് 10.40 ന് പോലിസ് സ്ഥലത്തെത്തുകയും എെൻറ വിലാസം എഴുതിയെടുത്ത ശേഷം വീട്ടിൽ പോകാൻ അനുവദിക്കുകയുമായിരുന്നു.
മുക്കാൽ മണിക്കൂറോളം മോഷ്ടാവെന്ന രീതിയിൽ അപമാനിതനായ ഞാൻ മാനസികമായി തളർന്നു പോയി. 17 വർഷമായി മാധ്യമ പ്രവർത്തകനായി ജോലി ചെയ്യുന്ന ഞാൻ പത്ത് വർഷത്തിലേറെയായി നരിക്കുനി പ്രദേശത്തിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്ന വ്യക്തിയാണ്. അവശ്യ സർവീസ് എന്ന നിലയിൽ മാധ്യമപ്രവർത്തനം എന്ന ജോലി ചെയ്യാൻ ലോക്ഡൗണിെൻറ ആദ്യ ദിനം മുതൽ സ്ഥിരമായി യാത്ര ചെയ്യുന്ന എനിക്ക് ഇത്തരമൊരു ദുരനുഭവം ആദ്യമായാണ്. സംഭവത്തിൽ കണ്ടാൽ അറിയാവുന്ന 15 പേർക്കെതിരെയാണ് പരാതി നൽകിയത്. അഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്. പഞ്ചായത്ത് അംഗം വേണുഗോപാലിനെതിരെ ഇത്രയും ദിവസമായിട്ടും കേസെടുത്തിട്ടില്ല. ഇദ്ദേഹത്തിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. ഈ സംഭവത്തിൽ പരാതി നൽകിയ ശേഷം ഒരു വിഭാഗം ആളുകൾ എനിക്കെതിരെ ഭീഷണി മുഴക്കുന്നത് തുടരുന്നതും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. ആ പ്രദേശത്തിലൂടെ സഞ്ചരിച്ചാൽ ശരിപ്പെടുത്തുമെന്നാണ് ഭീഷണി. ഇത്തരം ഭീഷണികൾ ഗൗരവത്തിലെടുക്കണമെന്നും അപേക്ഷിക്കുന്നു. ഭാര്യയുടെയും രണ്ട് പെൺമക്കളുടെയും വൃദ്ധരായ മാതാപിതാക്കളുടെയും ഏക ആശ്രയമായ എനിക്ക് ഈ നാട്ടിൽ പേടി കൂടാതെ ജീവിക്കാനും മാധ്യമ പ്രവർത്തനമെന്ന ജോലി ചെയ്യാനും അങ്ങയുടെ ഭാഗത്ത് നിന്ന് കരുതലുണ്ടാകണമെന്നും അപേക്ഷിക്കുന്നു.
കോഴിക്കോട്
25-05-2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.