'മാധ്യമം ആഴ്ചപതിപ്പ് രജത ജൂബിലി'; ദാമോദർ മൗജോ ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: മലയാളത്തിന്റെ സാംസ്കാരിക ഭൂപടത്തെ മാറ്റിയെഴുതി ആഖ്യാനങ്ങൾക്ക് പുതിയ ഭാവുകത്വം പകർന്ന 'മാധ്യമം ആഴ്ചപ്പതിപ്പ്' കാൽനൂറ്റാണ്ടിന്റെ നിറവിൽ. ഒരു വർഷം നീളുന്ന രജതജൂബിലി ആഘോഷങ്ങൾക്ക് ശനിയാഴ്ച ഔദ്യോഗിക തുടക്കമാകും. കോഴിക്കോട് സരോവരം എമറാൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ചടങ്ങ് ജ്ഞാനപീഠം ജേതാവ് ദാമോദർ മൗജോ ഉദ്ഘാടനം ചെയ്യും.

സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ വിവിധ സെഷനുകളിലായി നടക്കുന്ന പരിപാടികളിൽ പങ്കെടുക്കും. ലോക മലയാളികൾക്ക് മുഴുവനായും മാധ്യമം ആഴ്ചപ്പതിപ്പ് എത്തിക്കുന്നതിന്റെ ഭാഗമായി തയാറാക്കിയ വെബ്മാഗസിൻ പ്രകാശനവും ചടങ്ങിൽ നടക്കും. മലയാളത്തിലെ ആദ്യത്തെ പ്രിന്റ് -ഡിജിറ്റൽ മാഗസിനാണ് മാധ്യമം ആഴ്ചപ്പതിപ്പ്. വെബ് മാഗസിൻ പ്രകാശനം പ്രമുഖ പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ സഈദ് നഖ്‍വി നിർവഹിക്കും.

മാധ്യമം ആഴ്ചപ്പതിപ്പിന്റെ 25 സാംസ്കാരിക സഞ്ചാരങ്ങളെ അടയാളപ്പെടുത്തുന്ന എക്സിബിഷൻ, മാധ്യമ സെമിനാർ, എഴുത്തുകാരുടെയും ചിത്രമെഴുത്തുകാരുടെയും പാനൽ ചർച്ച, സാംസ്കാരിക സദസ്സ്, ഏകാംഗ നാടകം, പുസ്തക പ്രകാശനം, രജത ജൂബിലി സാഹിത്യ പുരസ്കാര സമർപ്പണം തുടങ്ങിയവയും മുഖ്യചടങ്ങിനോടനുബന്ധിച്ച് നടക്കും. ഗായകരായ ഹരീഷ് ശിവരാമകൃഷ്ണനും സിതാര കൃഷ്ണകുമാറും അവതരിപ്പിക്കുന്ന 'മായാഗീതങ്ങൾ' സംഗീത പരിപാടിയും അരങ്ങേറും.

Tags:    
News Summary - Madhyamam Weekly Silver Jubilee; Da Moder Maujo will inaugurate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.