തരുവണ (വയനാട്): പുലിക്കാട് മഫീദയുടെ മരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിശദീകരണത്തിനിടെ മഫീദയുടെ 14കാരനായ മകൻ തീവ്രവാദിയാണെന്ന നിലയില്‍ സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം എ.എന്‍. പ്രഭാകരന്‍ നടത്തിയ പരാമര്‍ശം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എസ്.കെ.എസ്.എസ്.എഫ് തരുവണ മേഖല കമ്മിറ്റി. മുസ്‍ലിം പോക്കറ്റുകളിലെ സമരങ്ങളില്‍ നിരന്തരം തീവ്രവാദ ആരോപണമുന്നയിക്കുന്ന സി.പി.എം, സംഘപരിവാര്‍ സംഘടനകളെ വെല്ലുന്ന മുസ്‍ലിം വിരുദ്ധതയും വര്‍ഗീയതയും കൊണ്ടുനടക്കുകയാണ്. തരുവണയിലെ തീവ്രവാദ ആരോപണത്തില്‍ അതിതീവ്ര വര്‍ഗീയതയാണ് സി.പി.എം പയറ്റിയിരിക്കുന്നതെന്നും യോഗം വിലയിരുത്തി. പ്രസ്തുത വിഷയത്തില്‍ സി.പി.എം ഔദ്യോഗിക നിലപാട് വ്യക്തമാക്കണമെന്നും എ.എന്‍. പ്രഭാകരന്‍ സമുദായത്തോട് മാപ്പ് പറയണമെന്നും എസ്.കെ.എസ്.എസ്.എഫ് ആവശ്യപ്പെട്ടു.
സമുദായ വികാരത്തെ വ്രണപ്പെടുത്തുകയും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ അവഹേളിക്കുകയും ചെയ്ത നടപടിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനും സി.പി.എം നിലപാട് തിരുത്താത്ത പക്ഷം പരസ്യപ്രക്ഷോഭങ്ങളുമായി രംഗത്തിറങ്ങാനും സംഘടന തീരുമാനിച്ചു. മേഖല പ്രസിഡന്റ് മോയി ദാരിമി അധ്യക്ഷത വഹിച്ചു. ലത്തീഫ് വാഫി, മുഹമ്മദ് റഹ്‌മാനി, ഫഹീം, എം.കെ. നൗഫല്‍, നിയാസ് റഹ്‌മാനി, സി.എച്ച്. ഇബ്രാഹിം, പി.കെ. നൗഷാദ്, കെ.കെ. നജ്മുദ്ധീന്‍, വി. അബ്ദുല്ല, മോയി കട്ടയാട്, എസ്. നാസര്‍, ഇസ്മായില്‍ മൗലവി, കെ. അബ്ദുല്ല, ഫായിസ്, ഹകീം, സിദ്ധീഖ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.