ചാവക്കാട്: നഗരത്തിലെ കടയിൽനിന്ന് വാങ്ങിയ അൽഫഹം ചിക്കനിൽ പുഴുക്കളെ കണ്ടെത്തിയെന്ന പരാതിയിൽ നഗരസഭ ആരോഗ്യ വിഭാഗം കട പൂട്ടിച്ചു. ചാവക്കാട് പാലത്തിനടുത്ത് പെട്രോൾ പമ്പിന് മുന്നിലുള്ള ബർഗർ ബോട്ട് എന്ന സ്ഥാപനത്തിലാണ് ആരോഗ്യ വിഭാഗം അധികൃതർ പരിശോധന നടത്തി നടപടിയെടുത്തത്. ദുർഗന്ധമുള്ള പഴകിയ ചിക്കനിൽനിന്നാണ് പുഴുക്കളെ കണ്ടെത്തിയത്. മണത്തല നാലകത്ത് മുസ്ലിം വീട്ടിൽ സിറാജുദ്ദീനാണ് പരാതി നൽകിയത്.
സിറാജുദ്ദീൻ ഞായറാഴ്ച്ച ഉച്ചക്ക് 600 രൂപയുടെ അൽഫഹം ചിക്കൻ വാങ്ങി വീട്ടിൽ കൊണ്ടുപോയി കഴിക്കാൻ നോക്കിയപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടു.ഇതോടെ അദ്ദേഹം തിരിച്ച് കടയിലെത്തി പരാതിപ്പെട്ടു. പിന്നീട് ആരോഗ്യ വിഭാഗം അധികൃതരെ വിവരമറിയിച്ചു.
തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ വി.പി. സക്കീർ ഹുസൈന്റെ നിർദേശപ്രകാരം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്.ജെ. ശംഭു, കെ.ബി. ദിനേശ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അഞ്ച് കിലോയോളം വരുന്ന പഴകിയ അൽഫഹം ചിക്കൻ പിടിച്ചെടുത്തു. കൂടാതെ രണ്ടു ദിവസത്തിലധികമായി ഫ്രീസറിൽ സൂക്ഷിച്ച ചിക്കനും കണ്ടെത്തി. കടയുടമകൾക്കെതിരെ തുടർനടപടി കൈക്കൊള്ളുമെന്ന് ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.