ലഹരിക്കടത്തിനെതിരെ മഹല്ല് കമ്മിറ്റി; വിവാഹവുമായി സഹകരിക്കില്ല, മഹല്ലിൽ നിന്ന് പുറത്താക്കും

കാസർകോട്: ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുവാക്കൾക്ക് മഹല്ല് കമ്മിറ്റിയുടെ മുന്നറിയിപ്പ്. പിടിക്കപ്പെടുന്ന യുവാക്കളുടെ വിവാഹവുമായി മഹല്ല് കമ്മിറ്റി സഹകരിക്കില്ല. മഹല്ല് കമ്മിറ്റിയിൽനിന്ന് പുറത്താക്കുകയും ചെയ്യും. പടന്നക്കാട് അൻസാറുൽ ഇസ്‍ലാം ജമാഅത്ത് കമ്മിറ്റിയാണ് ലഹരിക്കെതിരെ ശക്​തമായ നിലപാടുമായി രംഗത്തുവന്നത്.

മനുഷ്യരാശിക്ക് തന്നെ ഭീഷണിയാവുന്ന വിധം ലഹരിക്കടത്ത് സജീവമായപ്പോഴാണ് മഹല്ല് കമ്മിറ്റിയുടെ നിർണായക ഇടപെടൽ. 2018 മാർച്ച് 28നാണ് ലഹരിക്കെതിരായ മഹല്ല് കമ്മിറ്റിയുടെ ആദ്യ തീരുമാനം. അന്ന് മഹല്ലിലെ രണ്ട് വ്യക്തികൾക്കെതിരെ നടപടിയുമെടുത്തു. വർഷങ്ങൾക്കുശേഷം വീണ്ടും ലഹരി മാഫിയ സജീവമായതോടെ കഴിഞ്ഞ വെള്ളിയാഴ്ച നാലുപേരെ മഹല്ലിലെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കി.

മയക്കുമരുന്നുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞതെന്നും ഇതോടെ ഐകകണ്ഠ്യേന നടപടിയെടുക്കുകയായിരുന്നുവെന്നും പടന്നക്കാട് അൻസാറുൽ ഇസ്‍ലാം ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി സി.എം.അബൂബക്കർ 'മാധ്യമ'ത്തോട് പറഞ്ഞു. ഇതിനകം പത്തോളം പേർക്കെതിരെ നടപടിയെടുത്തു.

ലഹരിക്കടത്തുമായി ബന്ധപ്പെട്ട ഒരാളും മഹല്ല് കമ്മിറ്റിയിൽ പാടില്ലെന്നാണ് തീരുമാനം. 580 വീടുകളാണ് കമ്മിറ്റിക്കു കീഴിലുള്ളത്. അവിവാഹിതരായ ചെറുപ്പക്കാരാണ് പിടിക്കപ്പെടുന്നതെങ്കിൽ ഇവരുടെ വിവാഹവുമായി മഹല്ല് കമ്മിറ്റി സഹകരിക്കില്ല. വധുവിന്റെ വീട്ടുകാർക്ക് മഹല്ല് കമ്മറ്റി ലഭ്യമാക്കുന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല. മഹല്ലിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കുകയും എല്ലാ പരിപാടികളിൽനിന്നും മാറ്റിനിർത്തുകയും ചെയ്യും. ഇത്തരം വ്യക്തികൾ മരിച്ചാൽ ഖബറടക്കത്തിനുശേഷമുള്ള ചടങ്ങുകളിൽനിന്നും വിട്ടുനിൽക്കും.

യുവാക്കൾ രാത്രി പത്തിനുശേഷം അകാരണമായി ടൗണുകളിൽ കൂട്ടംകൂടി നിൽക്കുന്നതും വിലക്കി. കുട്ടികൾ രാത്രി വീട്ടിൽ തിരിച്ചെത്തുന്നതും വൈകിയെത്തുന്നതുമെല്ലാം രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും മഹല്ല് കമ്മിറ്റി നിർദേശിച്ചു. മഹല്ല് കമ്മിറ്റിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് വിവിധ സംഘടനകൾ രംഗത്തുവന്നു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി നേരിട്ടെത്തി കമ്മിറ്റിയംഗങ്ങളെ അനുമോദിച്ചു.

Tags:    
News Summary - Mahal Committee Against Drug Trafficking; He will not cooperate with the marriage and will be expelled from the palace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.