മാഹി: ബൈപാസ് റോഡിനായുള്ള അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമമിടാൻ ഇനി ഏതാനും നാളുകൾ. മാഹി ടൗണിനെ സ്പർശിക്കാതെ മാഹി പാലം മുതൽ പൂഴിത്തല വരെയുള്ള ദേശീയപാത ഒഴിവാക്കി പോവുന്ന മുഴപ്പിലങ്ങാട് -മാഹി ബൈപാസിനെ ആശങ്കയോടെയാണ് മാഹി ടൗണിലെ വ്യാപാരികൾ കാണുന്നത്. ജി.എസ്.ടിയുടെ വരവോടെ പെട്രോളിയം ഉൽപന്നങ്ങൾക്കും മദ്യത്തിനുമൊഴികെ ബാക്കി മുഴുവൻ ഉൽപന്നങ്ങൾക്കും കേരളത്തിലെ അതേ വില തന്നെയായതിനാൽ മാഹിയിലെ വ്യാപാരത്തിന് ബൈപാസ് ഇരുട്ടടിയാവുമോയെന്നാണ് വ്യാപാരികളുടെ ആശങ്ക. എന്നാൽ സ്പിന്നിങ് മിൽ ജങ്ഷന് സമീപത്ത് പെട്രോൾ പമ്പുകൾ സ്ഥാപിച്ചാൽ ദീർഘദൂര യാത്രക്കാർ മാഹിയെ പൂർണമായും ഒഴിവാക്കും. മാഹിയോട് ബന്ധപ്പെട്ട ഭാഗങ്ങളിൽ കൂടി കടന്നുപോകുന്ന സർവിസ് റോഡുകളിൽ നിയമപ്രകാരമുള്ള അകലത്തിൽ മദ്യക്കടകൾകൂടി ആരംഭിച്ചാൽ മാഹിയുടെ വ്യാപാരത്തിന് സ്വാഭാവികമായും മാന്ദ്യം സംഭവിക്കും.
പള്ളൂരിലും മറ്റു ഭാഗങ്ങളിലും വ്യാപാരം സജീവമാവുകയും ചെയ്യും. നിലവിൽ മാഹി ദേശീയപാതയിൽ കാണുന്ന ഒട്ടേറെ കടകളുടെ ഷട്ടറുകൾ അടഞ്ഞാണ് കിടക്കുന്നത്. ഇത്ര കാലവും ഗോഡൗണുകളാക്കിയവ ഇപ്പോൾ ഒഴിഞ്ഞ് കിടക്കുകയാണ്. കെട്ടിട ഉടമക്ക് വാടക കൊടുക്കാൻ മാത്രം കട തുറന്ന് വെക്കുന്ന കച്ചവടക്കാരുമുണ്ട്. അതേസമയം മാഹി ടൗണിൽ വീടുകളുള്ള സാധാരണക്കാരെ സംബന്ധിച്ചെടുത്തോളം ബൈപാസ് തുറക്കുന്നത് ആശ്വാസം തന്നെയാണ്. മാഹി ജനതക്ക് ഗതാഗതക്കുരുക്കിലുണ്ടാകുന്ന ശ്വാസം മുട്ടൽ ഒഴിവായിക്കിട്ടും. ബൈപാസ് വന്നാലും പുതുച്ചേരി സംസ്ഥാനത്ത് മാഹി വഴിയുള്ള നികുതി വരുമാനത്തിൽ നഷ്ടം വരില്ലെന്നാണ് സർക്കാറിന്റെ കണക്കുകൂട്ടൽ മാഹിയിൽനിന്നും ഒഴിവാകുന്ന കച്ചവടം പള്ളൂർ മേഖലയിൽനിന്ന് ലഭിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ അനുമാനം. ചുരുക്കത്തിൽ, മാഹിയിലെ വ്യാപാരം പള്ളൂർ ഭാഗത്തേക്ക് മാറുമ്പോൾ തങ്ങൾ എന്ത് ചെയ്യുമെന്നറിയാതെ ത്രിശങ്കുവിലായ സ്ഥിതിയിലാണ് മാഹിയിൽ പതിറ്റാണ്ടുകൾ പാരമ്പര്യമുള്ള വ്യാപാരികൾ. മുഴപ്പിലങ്ങാട് - മാഹി ബൈപാസ് യാഥാർഥ്യമാവുന്നതോടെ കുഞ്ഞിപ്പള്ളി, മുക്കാളി ടൗണുകളും സജീവമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.